'മികച്ച താരം തന്നെ, കോച്ചെന്ന നിലയില്‍ വട്ടപ്പൂജ്യം'; ദ്രാവിഡിന് എതിരെ മുന്‍ പാക് താരം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യ പിടിച്ചുനില്‍ക്കാന് പാടുപെടുന്നതിനിടെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെ രൂക്ഷ വിമര്‍ശനം. മുന്‍ പാകിസ്താന്‍ താരം ബാസിത് അലിയാണ് രാഹുല്‍ ദ്രാവിഡിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ ക്ഷീണിതരാണ് എന്നും ബാസിത് അലി പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഞാന്‍ ഒരു വലിയ രാഹുല്‍ ദ്രാവിഡ് ആരാധകനാണ്, ഇന്നും അതേ ആരാധന തുടരുന്നുണ്ട്. അദ്ദേഹം ഒരു ക്ലാസ് കളിക്കാരനാണ്, ഇതിഹാസമാണ്. എന്നാല്‍ ഒരു പരിശീലകനെന്ന നിലയില്‍ അദ്ദേഹം വട്ട പൂജ്യമാണ്. ഓസ്‌ട്രേലിയന്‍ ടൂര്‍ണമെന്റിനെ കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നത് എന്ന് ദൈവത്തിന് മാത്രമാണ് അറിയുക. ഇന്ത്യയിലെ പിച്ചുകള്‍ സ്പിന്‍ പിച്ചുകളായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ബൗണ്‍സ് പിച്ചുകളാണ്. ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാത്ത എന്ത് പരിശീലകനാണ് അദ്ദേഹം. ഇന്ത്യ എ ടീമിനായും ജൂനിയര്‍ ടീമുകള്‍ക്കായും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടാകും. പക്ഷെ സീനിയര്‍ ടീം പരിശീലകനെന്ന നിലയില്‍ പരാജയമാണ്.' - ബാസിത് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ താരങ്ങളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് കായികക്ഷമത ഉള്ളവരായി തോന്നിച്ചത്. വിരാട് കോലി, രവീന്ദ്ര ജഡേജ, അജിങ്ക്യാ രഹാനെ തുടങ്ങിയവര്‍. മറ്റുള്ളവരെല്ലാം തീര്‍ത്തും ക്ഷീണിതരായിരുന്നു. 120 ഓവര്‍ ഇന്ത്യ ഫീല്‍ഡില്‍ നിന്നപ്പോള്‍ പലരും ക്ഷീണിതരായിരുന്നു. ഇതിനൊന്നും കളിക്കാരെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ലെന്നും ബാസിത് അലി വിലയിരുത്തുന്നു.
'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കണക്കുകൂട്ടല്‍ പിഴച്ചെന്നാണ് കളിയുടെ ഗതിയില്‍ നിന്ന് മനസിലാക്കുന്നത്. ഓവലില്‍ മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പച്ചപ്പും കണ്ട് ടോസ് നേടിയിട്ടും ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയച്ചപ്പോഴെ ഇന്ത്യ തോറ്റുവെന്നും ബാസിത് അലി പറഞ്ഞു. ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ഐപിഎല്ലിലേതുപോലെയാണ് പന്തെറിഞ്ഞത്. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് വേഗം അവസാനിപ്പിച്ച് നാലാം ഇന്നിംഗ്‌സില്‍ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കാനെ ഇനി ഇന്ത്യക്കാവു.' ബാസിത് പറയുന്നു.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയിലാണ്. ഒന്നാമിന്നിങ്സില്‍ 173 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ അവര്‍ക്ക് ഇതോടെ ആറു വിക്കറ്റും രണ്ടുദിനവും ശേഷിക്കെ 296 റണ്‍സിന്റെ ഓവറോള്‍ ലീഡായി. നാളെ ആദ്യ സെഷനില്‍ തന്നെ ഓസ്ട്രേലിയയുടെ ശേഷിച്ച ആറു വിക്കറ്റുകള്‍ വീഴ്ത്താനായില്ലെങ്കില്‍ മത്സരം ഇന്ത്യയുടെ പക്കല്‍ നിന്നു പൂര്‍ണമായും വഴുതും. പേസര്‍മാര്‍ക്ക് മികച്ച സ്വിങ്ങും ബൗണ്‍സും ലഭിക്കുന്ന പിച്ചില്‍ 350-നു മേല്‍ വിജയലക്ഷ്യം ദുര്‍ഘടമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.