വീണ്ടും ഗില്ലാട്ടം; പരമ്പര 'ഫൈനലില്‍' ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും മത്സരത്തില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. സെഞ്ചുറി നേടിയ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 63 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 126 റണ്‍സാണ് ഗില്‍ അടിച്ചു കൂട്ടിയത്. ഗില്ലിനു പുറമേ യുവ താരം രാഹുല്‍ ത്രിപാഠി, നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചു. മത്സരത്തില്‍ ടോസ് നേടിയ നായകന്‍ ഹാര്‍ദ്ദിക് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ(1) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗില്ലിനു കൂട്ടായി ത്രിപാഠി എത്തിയതോടെ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ചേര്‍ന്ന് 7.2 ഓവറില്‍ 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ത്രിപാഠിയായിരുന്നു കൂടുതല്‍ ആക്രമണകാരി. ഒടുവില്‍ 22 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 44 റണ്‍സ് നേടിയ ത്രിപാഠിയെ പുറത്താക്കി ഇഷ് സോധി കിവീസ് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 13 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറും സഹിതം 24 റണ്‍സ് നേടി പുറത്തായി.
പിന്നീടാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ പിറവി. ഗില്ലിനു കൂട്ടായി നായകന്‍ ഹാര്‍ദ്ദിക് ക്രീസില്‍ എത്തിയതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ പിടിയിലായി. കിവീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേര്‍ന്ന് 40 പന്തുകളില്‍ നിന്ന് 103 റണ്‍സാണ് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.
നായകനെ കൂട്ടുനിര്‍ത്തി ഗില്‍ തകര്‍ത്താടുകയായിരുന്നു. ഹാര്‍ദ്ദിക് ക്രീസില്‍ എത്തുമ്പോള്‍ 38 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 52 റണ്‍സ് എന്ന നിലയിലായിരുന്നു ഗില്‍. പിന്നീട് നേരിട്ട 25 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 74 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഹാര്‍ദ്ദിക് 17 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 30 റണ്‍സ് നേടി ഗില്ലിനു മികച്ച പിന്തുണ നല്‍കി.
രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിന്റെ ജയം നേടിയ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. സ്പിന്നര്‍ യൂസ്വേന്ദ്ര ചഹാലിനു പകരം യുവ പേസര്‍ ഉമ്രാന്‍ മാലിക് ആദ്യ ഇലവനില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ടീമിലും ഒരു മാറ്റമുണ്ട്. ജേക്കബ് ഡഫിക്കു പകരം ബെന്‍ ലിസ്റ്റര്‍ ഇടംപിടിച്ചു.
പരമ്പരയില്‍ ഇരുടീമുകളും 1-1 എന്ന നിലയിലാണ്. ഇന്നു ജയിച്ചു പരമ്പര നേടുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഇന്നു ജയിക്കാനായാല്‍ ഇന്ത്യന്‍ മണ്ണില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ പരമ്പര നേടുന്ന മൂന്നാമത്തെ മാത്രം ടീമെന്ന നേട്ടമാണ് കിവീസിനെ കാത്തിരിക്കുന്നത്.