IPL 2024| മധ്യനിര പതറി; വിജയം കൈവിട്ട് മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിന് ജയത്തുടക്കം

IPL 2024| മധ്യനിര പതറി; വിജയം കൈവിട്ട് മുംബൈ ഇന്ത്യന്‍സ്, ഗുജറാത്തിന് ജയത്തുടക്കം

ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ആറു റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി
Updated on
2 min read

മധ്യനിര ബാറ്റര്‍മാര്‍ കളി മറന്നതോടെ അവസാന ഓവറുകളില്‍ ജയം കൈവിട്ട് മുംബൈ ഇന്ത്യന്‍സ്. ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ആറു റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങി. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

38 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 46 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസിനും 29 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 43 റണ്‍സ് നേടിയ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങാനായുള്ളു. 19 പന്തില്‍ 25 റണ്‍സ് നേടിയ തിലക് വര്‍മയാണ് മറ്റൊരു പ്രധാന സ്‌കോര്‍. അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ ആദ്യ രണ്ടു പന്തുകള്‍ സിക്‌സറും ഫോറും നേടിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈയ്ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി മടങ്ങിയതോടെ ടീം തോല്‍വിയിലേക്ക് വീഴുകയായിരുന്നു.

രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അസ്മത്തുള്ള ഒമര്‍സായി, ഉമേഷ് യാദവ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവരാണ് ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ബൗളങ്ങില്‍ തിളങ്ങിയത്. സായ് സുദര്‍ശനാണ് ഒരു വിക്കറ്റ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 168 റണ്‍സ് നേടിയത്. നാല് ഓവറില്‍ കേവലം 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് മുംബൈക്കായി തിളങ്ങിയത്. സായ് സുദർശനാണ് (45) ഗുജറാത്തിന്റെ ടോപ് സ്കോറർ.

ഓപ്പണിങ് ബൗളറായെത്തിയ മുന്‍ നായകന്‍ ഹാർദിക്ക് പാണ്ഡ്യയെ ബൗണ്ടറി കടത്തിയായിരുന്നു ഗുജറാത്ത് ഇന്നിങ്സിന് തുടക്കമിട്ടത്. വൃദ്ധിമാന്‍ സാഹയും-ശുഭ്മാന്‍ ഗില്ലും കൂറ്റന്‍ സ്കോർ ലക്ഷ്യമിട്ടായിരുന്നു ബാറ്റ് വീശിയത്. എന്നാല്‍ തന്റെ ആദ്യ ഓവറില്‍ തന്നെ ജസ്പ്രിത് ബുംറ സാഹയുടെ (19) പ്രതിരോധം യോർക്കറിലൂടെ പൊളിച്ചു. മൂന്നാമനായെത്തിയ സായ് സുദർശനെ കൂട്ടുപിടിച്ച് 33 റണ്‍സുകൂടി ചേർത്താണ് ഗില്‍ മടങ്ങിയത്.

പിയൂഷ് ചൗളയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഗില്‍ (31) ലോങ് ഓണില്‍ രോഹിത് ശർമയുടെ കൈകളിലൊതുങ്ങി. ഗുജറാത്തിനായി ആദ്യ മത്സരത്തിനിറങ്ങിയ അസ്മത്തുള്ള ഒമർസായ് 11 പന്തില്‍ 17 റണ്‍സെടുത്ത് ജെറാള്‍ഡ് കോറ്റ്സിയുടെ ആദ്യ ഐപിഎല്‍ വിക്കറ്റായി മാറി. മറുവശത്ത് വിക്കറ്റ് വീഴുമ്പോഴും സായ് സുദർശന്‍ സ്കോറിങ് തുടർന്നു. എന്നാല്‍ 17-ാം ഓവറില്‍ ബുംറയെത്തിയതോടെ ഗുജറാത്തിന്റെ കൂറ്റന്‍ സ്കോറെന്ന സ്വപ്നത്തിന് മങ്ങലേല്‍ക്കുകയായിരുന്നു.

ആദ്യ പന്തില്‍ ബുംറ അപകടകാരിയായ മില്ലറെ (12) ഹാർദിക്കിന്റെ കൈകളിലെത്തിച്ചു. ഒരു പന്തിന്റെ ഇടവേളയില്‍ സായ് സുദർശന്‍ മടങ്ങി. ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗില്‍ തിലക് വർമയുടെ ഡൈവിങ് ക്യാച്ചായിരുന്നു വിക്കറ്റിലേക്ക് നയിച്ചത്. 39 പന്തില്‍ 45 റണ്‍സായിരുന്നു സായ് നേടിയത്. മൂന്ന് ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.

രാഹുല്‍ തേവാത്തിയയുടെ പ്രകടനമാണ് ഗുജറാത്തിനെ 160 കടത്തിയത്. എന്നാല്‍ അവസാന ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച തേവാത്തിയ നമന്‍ ധീറിന്റെ മികച്ച ക്യാച്ചില്‍ പുറത്തായി. കോറ്റ്സിക്കായിരുന്നു വിക്കറ്റ്. 15 പന്തില്‍ 22 റണ്‍സായിരുന്നു തേവാത്തിയ നേടിയത്.

logo
The Fourth
www.thefourthnews.in