കാല്‍ക്കുഴയില്‍ നീര്‍ക്കെട്ട്; കിവീസിനെതിരേ ഹാര്‍ദ്ദിക് കളിക്കില്ല
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യക്ക് തിരിച്ചടിയായി ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പരുക്ക്. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കാല്‍ക്കുഴയ്ക്കു പരുക്കേറ്റ ഹാര്‍ദ്ദിക് ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ കളിക്കില്ല. പരുക്കില്‍ നിന്നു മുക്തനാകാന്‍ ഏതാനും ദിവസം കൂടി വേണ്ടി വരുന്നതിനാല്‍ കിവീസിനെതിരേ ഹാര്‍ദ്ദിക്കിനെ പരിഗണിക്കില്ലെന്ന് ബിസിസിഐ ഇന്നു വ്യക്തമാക്കി.
ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമറിയാതെ കുതിക്കുന്ന രണ്ടു ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. നാലു മത്സരങ്ങള്‍ വീതം ജയിച്ച ഇരുവര്‍ക്കും എട്ടു പോയിന്റ് വീതമാണുള്ളത്. റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഇരുകൂട്ടരും തമ്മിലുള്ള പോരാട്ടത്തിലെ വിജയികളാകും ഗ്രൂപ്പ് ജേതാക്കളാകാന്‍ സാധ്യത കൂടുതല്‍. അതുകൊണ്ടു തന്നെ മത്സരത്തെ ഗൗരവമായാണ് ഇരുകൂട്ടരും കാണുന്നത്.
ഈ സാഹചര്യത്തില്‍ ഹാര്‍ദ്ദിക്കിനെപ്പോലൊരു താരത്തിന്റെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഹാര്‍ദ്ദിക് പുനെയില്‍ തുടരുമെന്നും ന്യൂസിലന്‍ഡിനെ നേരിടാനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ധരംശാലയിലേക്കു പോകില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദ്ദിക് തിരിച്ചെത്തുമെന്നും അവര്‍ സൂചിപ്പിച്ചു. പുനെയില്‍ നിന്ന് ഇംഗ്ലണ്ടിനെതിരായ മത്സരം നടക്കുന്ന ലഖ്‌നൗവില്‍ താരം ടീമിനൊപ്പം ചേരുമെന്നും അവര്‍ വ്യക്തമാക്കി.
ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ഹാര്‍ദ്ദിക്കിന് പരുക്കേറ്റത്. ഒമ്പതാം ഓവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് ഫോളോത്രൂവിനിടെ ഫീല്‍ഡ് ചെയ്യാനുള്ള ശ്രമത്തില്‍ കാല്‍ക്കുഴ തിരിയുകയായിരുന്നു. ഗ്രൗണ്ടില്‍ വച്ച് പ്രാഥമികശുശ്രൂഷ സ്വീകരിച്ച ശേഷം ബൗളിങ് തുടരാന്‍ ഹാര്‍ദ്ദിക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മുടന്തി ഗ്രൗണ്ട് വിട്ട താരത്തെ ഉടന്‍ തന്നെ സ്‌കാനിങ്ങിന് വിധേയനാക്കി.
കാല്‍ക്കുഴയ്ക്ക് ഗുരുതരമായ പരുക്കില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ കടുത്ത നീര്‍ക്കെട്ട് ഉള്ളതിനാല്‍ പരിശീലനത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഹാര്‍ദ്ദിക്കിനെ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. 22-നാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം. അതിനു മുമ്പ് താരം പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ച കൂടിക്കഴിഞ്ഞ് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു മുമ്പ് താരം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷ.