'പരുക്കിന്റെ ക്യാപ്റ്റന്‍' വേണ്ട, പകരത്തിന് ആളുണ്ട്; ഐപിഎല്ലില്‍ ഗുജറാത്തിന്റെ ചാണക്യ തന്ത്രം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ടീമിനെ തുടര്‍ച്ചയായി രണ്ടു തവണ ഫൈനലില്‍ എത്തിച്ച നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുന്ന തരത്തില്‍ ചാണക്യതന്ത്രങ്ങളാണ് അവര്‍ മെനയുന്നത്. ഗുജറാത്തിന് പുറമേ മറ്റെല്ലാ ടീമുകളും കൂട്ടലും കിഴിക്കലുമായി തലപുകയ്ക്കുയാണ്. ആരെ ഒഴിവാക്കി കൂടുതല്‍ മികച്ച ഏതു താരങ്ങളെ സ്വന്തമാക്കാനാകും എന്നാണ് ടീമുകള്‍ ഉറ്റുനോക്കുന്നത്.
ഐപിഎല്ലിലെ മുന്‍ ചാമ്പ്യന്മാരും നിലവിലെ റണ്ണറപ്പുകളുമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നീക്കമാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ റിലീസ് ചെയ്യാനുള്ള തീരുമാനം കടുത്ത ആരാധകരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിന് തന്നെ ഹാര്‍ദ്ദിക്കിനെ നല്‍കാനാണ് ഗുജറാത്തിന്റെ നീക്കം. നേരത്തെ ഹാര്‍ദ്ദിക്കിനു പകരം മുംബൈയില്‍ നിന്ന് മറ്റേതെങ്കിലും മികച്ച താരത്തിനെ സ്വന്തമാക്കാനാണ് ഗുജറാത്ത് പദ്ധതിയിട്ടതെങ്കിലും ഇപ്പോള്‍ ആ നീക്കത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.
ഹാര്‍ദ്ദിക്കിനെ വിട്ടുനല്‍കുന്നതിനു പകരം മുംബൈയില്‍ നിന്നു മറ്റ് താരങ്ങളെ ആരെയും ഗുജറാത്ത് വാങ്ങുന്നില്ല. ഇതിലൂടെ 15 കോടി രൂപ ഒറ്റയടിക്ക് സ്വന്തം പഴ്‌സിലെത്തിക്കാനാണ് ടീമിന്റെ നോട്ടം. ഹാര്‍ദ്ദിക്കിന് 15 കോടിരൂപയായിരുന്നു ഗുജറാത്ത് നല്‍കിയിരുന്ന പ്രതിഫലം. താരത്തെ ഒഴിവാക്കുന്നതിലൂടെ ഈ തുക പഴ്‌സിലെത്തും. ഹാര്‍ദ്ദിക്കിനു പകരം നായക സ്ഥാനത്തേക്ക് പുതിയ താരങ്ങളെ എത്തിക്കാന്‍ ഗുജറാത്തിന് പദ്ധതിയില്ല.
ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെ ദീര്‍ഘകാല ക്യാപ്റ്റനായി കൊണ്ടുവരാനാണ് അവരുടെ നീക്കം. അണ്ടര്‍ 19 തലത്തില്‍ മികച്ച പ്രകടനത്തിലുടെ തന്നില്‍ ക്യാപ്റ്റന്‍സി മെറ്റീരിയല്‍ ഉണ്ടെന്ന് തെളിയിച്ച താരമാണ് ഗില്‍. ഈ സീസണില്‍ തന്നെ ഗില്ലിനെ ക്യാപ്റ്റനായി കൊണ്ടുവന്നില്ലെങ്കില്‍ക്കൂടി ടീമിന്റെ പദ്ധതി അതാണ്. ഇക്കുറി ഗില്‍ ക്യാപ്റ്റനാകുന്നില്ലെങ്കില്‍പ്പോലും നായകസ്ഥാനത്തേക്ക് പുറത്തുനിന്ന് ആളെ അന്വേഷിക്കേണ്ട സാഹചര്യവും ഗുജറാത്തിനില്ല. നിലവിലെ ഉപനായകനായ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ ആ റോള്‍ കൈകാര്യം ചെയ്യും.
റാഷിദിന് കീഴില്‍ ഗില്ലിലെ ഉപനായകനാക്കി അടുത്ത സീസണോടെ ദീര്‍ഘകാല ക്യാപ്റ്റനായി ഗില്ലിനെ കൊണ്ടുവരാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ഹാര്‍ദ്ദിക്കിനെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. ഹാര്‍ദ്ദിക്കില്‍ ദീര്‍ഘകാല ക്യാപ്റ്റനെ കണ്ടിരുന്ന ഗുജറാത്ത് തീരുമാനം മാറ്റിയത് താരത്തിന്റെ ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ച്ചയായി പരുക്കേല്‍ക്കുന്ന ഹാര്‍ദ്ദിക്കിനെപ്പോലൊരു താരത്തിനു വേണ്ടി ഇത്രവലിയ തുക മുടക്കുന്നത് ലാഭകരമല്ലെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ഐപിഎല്‍ സീസണ്‍ വെറും രണ്ടുമാസക്കാലമാണ്. ഈ സമയത്ത് വലിയ തുകമുടക്കി ടീമിലെത്തിച്ച താരങ്ങളുടെ സേവനം ലഭിക്കാതെ പോകുന്നത് ടീമിന് സാമ്പത്തികമായും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക.
ഹാര്‍ദ്ദിക് മികച്ച താരമാണങ്കിലും ഫിറ്റ്‌നെസ് നിലനിര്‍ത്താനാകുന്നില്ല. ഹാര്‍ദ്ദിക്കിനെ പോലൊരു ഓള്‍റൗണ്ടറിനെ വെറും ക്യാപ്റ്റന്‍ സ്ഥാനത്തിന് വേണ്ടി മാത്രം വലിയ തുകകൊടുത്ത് നിലനിര്‍ത്താന്‍ ടീമിന് താല്‍പര്യമില്ല. പരുക്കില്‍ നിന്ന് മുക്തനായി എത്തിയാലും ബാറ്റിങ്ങില്‍ മാത്രമാണ് ഹാര്‍ദ്ദിക് പൂര്‍ണ ഫിറ്റോടെ ഇറങ്ങുമെന്ന് പ്രതീക്ഷയുള്ളത്. എല്ലാ മത്സരങ്ങളിലും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ ഹാര്‍ദ്ദിക്കിനാകുമോയെന്ന കാര്യം സംശയമാണ്.
ഈ സാഹചര്യത്തില്‍ ഹാര്‍ദ്ദിക്കിനെ ഒഴിവാക്കി ആ തുക മിച്ചം പിടിച്ചാല്‍ അതുവഴി മികച്ച യുവ ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഗുജറാത്തിന്റെ വമ്പന്‍ നീക്കം. മറുവശത്ത് രോഹിത് ശര്‍മയ്ക്ക് പകരം ഒരു ക്യാപ്റ്റന്‍സി മെറ്റീരിയലിനെ നോക്കുന്ന മുംബൈ ഇന്ത്യന്‍സിന് ഹാര്‍ദ്ദിക്കിന്റെ വരവ് ഗുണം ചെയ്യുമെങ്കിലും പകരം ഏതാനും താരങ്ങളെ ഒഴിവാക്കേണ്ടി വരും.
15 കോടി മൂല്യമുള്ള ഹാര്‍ദ്ദിക്കിനെ ഉള്‍ക്കൊള്ളാന്‍ ഏതാണ്ട് അത്രതന്നെ മൂല്യത്തിനുള്ള താരങ്ങളെയാകും മുംബൈ ഒഴിവാക്കുക. പരുക്കിന്റെ പിടിയിലുള്ള പേസര്‍ ജൊഫ്ര ആര്‍ച്ചറിനെ ഒഴിവാക്കുന്ന കാര്യമാകും മുംബൈ ആദ്യം പരിഗണിക്കുക. എന്നാല്‍ ആര്‍ച്ചറിനെ മാത്രം ഒഴിവാക്കിയാല്‍ മതിയാകില്ല. ഈ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ റിലീസ് ചെയ്ത് വീണ്ടും ലേലത്തില്‍ പിടിക്കാന്‍ മുംബൈ ശ്രമിച്ചേക്കും. കഴിഞ്ഞ തവണ 15 കോടി രൂപയ്ക്കാണ് ഇഷാനെ മുംബൈ ലേലത്തില്‍ സ്വന്തമാക്കിയത്. ഇക്കുറി അതില്‍ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാനാകും ശ്രമം.