ടി20യില്‍ 150-ാം മത്സരം; ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്

ടി20യില്‍ 150-ാം മത്സരം; ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്

പുരുഷ ക്രിക്കറ്റില്‍പ്പോലും ഇതുവരെ ഒരു താരം 150 മത്സരം പൂര്‍ത്തിയാക്കാത്തിടത്താണ് ഹര്‍മന്‍പ്രീത് ചരിത്ര നേട്ടം കുറിച്ചത്.
Updated on
1 min read

രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റില്‍ 150 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ന് ഇന്ത്യയെ നയിക്കുന്ന ഹര്‍മന്‍പ്രീതിന് ഇതു കരിയറിലെ 150-ാം രാജ്യാന്തര ടി20യാണ്.

പുരുഷ ക്രിക്കറ്റില്‍പ്പോലും ഇതുവരെ ഒരു താരം 150 മത്സരം പൂര്‍ത്തിയാക്കാത്തിടത്താണ് ഹര്‍മന്‍പ്രീത് ചരിത്ര നേട്ടം കുറിച്ചത്. പുരഷന്മാരില്‍ 148 മത്സരം കളിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഏറ്റവും കൂടുതല്‍ മത്സരം കളിച്ചിട്ടുള്ള താരം. ഇതോടെ പുരുഷ-വനിതാ ടി20കളില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരങ്ങള്‍ എന്ന രണ്ടു റെക്കോഡും ഇന്ത്യന്‍ താരങ്ങളുടെ പേരിലായി.

വനിതാ ക്രിക്കറ്റില്‍ ഹര്‍മന്‍പ്രീതിനു പിന്നില്‍ 143 മത്സരങ്ങള്‍ കളിച്ച ന്യൂസിലന്‍ഡ് താരം സൂസന്ന ബേറ്റ്‌സും 141 മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് താരം ഡാനിയേല വ്യാറ്റുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പുരുഷന്മാരില്‍ രോഹിത് ശര്‍മയുടെ സമീപത്തെങ്ങും മറ്റാരുമില്ല. 124 മത്സരം കളിച്ച പാകിസ്താന്‍ മുന്‍ താരം ഷോയ്ബ് മാലിക്കാണ് രണ്ടാം സ്ഥാനത്ത്. 122 മത്സരം കളിച്ച കിവീസ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മൂന്നാമതുണ്ട്.

logo
The Fourth
www.thefourthnews.in