'ടി20 ലോകകപ്പ് സ്വന്തമാക്കും'; ടീം അതിനായുള്ള കഠിനാധ്വാനത്തിലെന്ന് ഹര്‍മന്‍ പ്രീത് കൗർ

'ടി20 ലോകകപ്പ് സ്വന്തമാക്കും'; ടീം അതിനായുള്ള കഠിനാധ്വാനത്തിലെന്ന് ഹര്‍മന്‍ പ്രീത് കൗർ

ഷെഫാലി വർമയുടെ നേതൃത്വത്തിൽ U-19 ലോകകപ്പ് ജയം നൽകിയ ആത്മവിശ്വാസം വലുതാണെന്ന് ഹര്‍മന്‍ പ്രീത് കൗർ
Updated on
1 min read

വനിതാ ടി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ശ്രദ്ധയും ആദ്യ മത്സരത്തിലെന്ന് നായിക ഹർമൻ പ്രീത് കൗർ. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി 20 ലോകകപ്പിൽ ഫെബ്രുവരി 12ന് അയൽക്കാരായ പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. മറ്റെന്തിനേക്കാളും പ്രാധാന്യം ലോകകപ്പ് മത്സരങ്ങൾക്കാണെന്ന് വ്യക്തമാക്കിയ ഹർമൻപ്രീത്, അത് നേടുന്നതിലാണ് ടീം മുഴുവനായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

"പലവിധ കാര്യങ്ങൾ വന്ന് പോകും പക്ഷെ ഒരു ക്രിക്കറ്റർ എന്ന നിലയ്ക്ക് ഏതാണ് പ്രധാനമെന്നും എങ്ങനെ ഏകാഗ്രതയോടെ നിൽക്കണമെന്നും അറിഞ്ഞിരിക്കണം" - അവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ നടന്ന ലോകകപ്പിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഫൈനലിൽ എത്തിയിരുന്നു. കലാശ പോരാട്ടത്തിൽ ഓസ്‌ട്രേലിയയോട് 85 റൺസിന് തോൽക്കുകയായിരുന്നു.

''ഷെഫാലി വർമയുടെ നേതൃത്വത്തിൽ U-19 ലോകകപ്പ് ജയം നൽകിയ ആത്മവിശ്വാസം വലുതാണ്. മുതിർന്ന താരങ്ങൾക്ക് പ്രചോദനമാണ് ജൂനിയർ ടീമിന്റെ നേട്ടം. വനിതാ ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കും.'' - അവര്‍ പറഞ്ഞു. വനിതാ ബിഗ് ബാഷ് ഓസ്‌ട്രേലിയൻ ടീമിലും ദ ഹണ്ട്രഡ്‌ ഇംഗ്ലണ്ട് ടീമിലും വരുത്തിയ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ നായികയുടെ നിരീക്ഷണം.

കിയാ സൂപ്പർ ലീഗ്, വനിതാ ബിഗ് ബാഷ്, ഹണ്ട്രഡ്‌ എന്നിവയിൽ കളിച്ച താരമാണ് ഹർമൻപ്രീത് കൗർ. ആ വേദികളിൽ അന്താരാഷ്ട്ര താരങ്ങളുമായി ഒരുമിച്ച് കളിക്കാൻ സാധിച്ചത് തന്റെ ജീവിതത്തെ മാറ്റി മറിച്ചതായും, ഇത്തരം അവസരങ്ങൾ ഇന്ത്യയിലെ യുവ താരങ്ങൾക്ക് കളി മെച്ചപ്പെടുത്താൻ അവസരമാകുമെന്നും അവര്‍ വിലയിരുത്തി.

logo
The Fourth
www.thefourthnews.in