മോശം പെരുമാറ്റം; ഹര്‍മന്‍പ്രീതിനെ വിലക്കി ഐസിസി

മോശം പെരുമാറ്റം; ഹര്‍മന്‍പ്രീതിനെ വിലക്കി ഐസിസി

വിലക്കിനു പുറമേ മാച്ച് ഫീയുടെ 25 ശതമാനം പിഴയായി അടയ്ക്കാനും ഹര്‍മന്‍പ്രീതിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
Published on

ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിനു ശേഷം നടത്തിയ മോശം പെരുമാറ്റത്തിനു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് സിങ്ങിനെ വിലക്കി ഐസിസിസി. രണ്ടു രാജ്യാന്തര മത്സരങ്ങളില്‍ നിന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഹര്‍മനെ വിലക്കിയിരിക്കുന്നത്. ജൂണ്‍ 24-ന് നടന്ന മൂന്നാം ഏകദിന മത്സരത്തിനിടയ്ക്കും മത്സരശേഷവും നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. മത്സരത്തില്‍ തന്നെ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹര്‍മന്‍ ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചുതെറുപ്പിച്ചിരുന്നു.

മത്സരത്തിന്റെ 34ാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. നാഹിദ അക്തര്‍ എറിഞ്ഞ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹര്‍മന്‍പ്രീത് പുറത്താകുന്നത്. ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും അംപയര്‍ എല്‍ബിഡബ്ല്യു വിധിക്കുകയും ചെയ്തു. ഈ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഹര്‍മന്‍പ്രീത് അംപയറോട് തട്ടിക്കയറുകയും ദേഷ്യത്തില്‍ ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചുതെറുപ്പിക്കുകയുമായിരുന്നു. പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് താരം വിളിച്ചു പറയുകയും ചെയ്തു.

പിന്നീട് മത്സരശേഷം ബംഗ്ലാദേശ് താരങ്ങള്‍ക്കെതിരേയും ഹര്‍മന്‍പ്രീത് വാക്ശരങ്ങള്‍ തൊടുത്തിരുന്നു. മത്സരശേഷം നടന്ന പ്രസന്റേഷന്‍ ചടങ്ങില്‍ ഇന്ത്യന്‍ നായിക അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച ഹര്‍മന്‍ ആ രോഷം ബംഗ്ലാദേശ് താരങ്ങളോടും പ്രകടിപ്പിക്കുകയായിരുന്നു. രണ്ട് ക്യാപ്റ്റന്‍മാരും ട്രോഫിയുമായി ഫോട്ടോ എടുക്കുന്നതിനിടെയും ഇരു ടീമുകളും ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്‍ക്കുമ്പോഴും ഹര്‍മന്‍പ്രീത് അമ്പയര്‍മാരെ കൂടി ക്ഷണിച്ചിരുന്നു. ഇതോടെ പ്രകോപിതരായ ബംഗ്ലാദേശ് കളിക്കാര്‍ ഫോട്ടോയ്ക്ക് നില്‍ക്കാതെ പുറത്തേക്ക് പോവുകയായിരുന്നു.

''അമ്പയര്‍മാരെ വിളിക്കൂ, നിങ്ങള്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്? നിങ്ങളല്ല മത്സരം സമനിലയിലാക്കിയത്, അംപയര്‍മാര്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുകയായിരുന്നു, ഞങ്ങള്‍ അവരുടെ കൂടെ ഫോട്ടോയെടുക്കുന്നതാണ് നല്ലത്'' - എന്നാണ് ഹര്‍മന്‍ ബംഗ്ലാദേശ് താരങ്ങളെ പരിഹസിച്ചത്.

ഈ പെരുമാറ്റങ്ങളാണ് നടപടിയിലേക്ക് നയിച്ചത്. ഇന്ത്യന്‍ നായിക ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ലെവല്‍ -2 കുറ്റമാണ് താരം ചെയ്തതെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിലക്കിനു പുറമേ മാച്ച് ഫീയുടെ 25 ശതമാനം പിഴയായി അടയ്ക്കാനും ഹര്‍മന്‍പ്രീതിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോശം പെരുമാറ്റത്തിന്റെ പേരില്‍ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ച് ലെവല്‍-2 കുറ്റകൃത്യം ചെയ്തതായി കണ്ടെത്തുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമാണ് ഹര്‍മന്‍.

logo
The Fourth
www.thefourthnews.in