അജയ്യരായി മുംബൈ; ഗുജറാത്തിനെ തകർത്ത് പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ചു
ഗുജറാത്ത് ജയന്റ്സിനെ 55 റണ്‍സിന് തകര്‍ത്ത് ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് ഉറപ്പിച്ചു. വനിതാ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫില്‍ കടക്കുന്ന ആദ്യത്തെ ടീമാണ് മുംബൈ. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടിയ മുംബൈയെ മറികടക്കാന്‍ സ്‌നേഹ് റാണയുടെ ഗുജറാത്തിന് ആയില്ല. ഹര്‍മന്‍പ്രീതിന്റെ തകര്‍പ്പന്‍ അർധസെഞ്ചുറിയാണ് മുംബൈയെ വിജയ സ്‌കോറിലേക്ക് എത്തിച്ചത്. നാറ്റ് സ്‌കീവര്‍ ബ്രന്റും ഹെയ്‌ലി മാത്യൂസും അമേലിയ കെറും ബൗളിങ്ങിലൂടെ ഗുജറാത്തിന്റെ അടിത്തറയിളക്കി. ഓവര്‍ അവസാനിക്കുമ്പോള്‍ മുംബൈയ്ക്ക് എതിരെ ഗുജറാത്തിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. ഹർമന്‍പ്രീതാണ് കളിയിലെ മികച്ച താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിനെ നഷ്ടമായി. ഹെയ്‌ലിയെ ഡെക്കില്‍ പുറത്താക്കി ആഷ്‌ലി ഗാര്‍ഡ്‌നര്‍ ആണ് മുംബൈയെ വിറപ്പിച്ചത്. എന്നാല്‍ യാസ്തിക ഭാട്ടിയയും സ്‌കീവര്‍ ബ്രന്റും ക്രീസില്‍ കൈകോര്‍ത്തതോടെ മുംബൈ ഇന്നിങ്‌സിന് നങ്കൂരമിട്ടു. സ്‌കീവര്‍ ബ്രന്റിനെ എല്‍ബിഡബ്ല്യുല്‍ കുടുക്കി കിം ഗാര്‍ത്ത് ആണ് ആ കൂട്ടുകെട്ടിന് വിള്ളല്‍ വീഴ്ത്തിയത്. 31 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സുമായി 36 റണ്‍സ് ആണ് ബ്രന്റ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
പിന്നാലെ ഇറങ്ങിയ നായിക ഹര്‍മന്‍പ്രീത് കൗര്‍(30 പന്തില്‍ 51 റണ്‍സ്) നിലയുറപ്പിച്ചതോടെ മുംബൈ മികച്ച സ്‌കോറിലേക്കെത്തി. മുംബൈയ്ക്ക് മികച്ച തുടക്കം നല്‍കിയ യാസ്തിക 37 പന്തില്‍ 44 റണ്‍സ് നേടി റണ്‍ ഔട്ട് ആവുകയായിരുന്നു. അമേലിയ കെര്‍(13 പന്തില്‍ 19) ഹര്‍മന്‍പ്രീതിന് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും തനൂജ കാന്‍വറിന്റെ പന്തില്‍ കിം ഗാര്‍ത്ത് ക്യാച്ചെടുത്ത് പുറത്താക്കി. മധ്യനിരയിലും വാലറ്റത്തും ഇറങ്ങിയ മറ്റാര്‍ക്കും ഹര്‍മന്‍പ്രീതിനൊപ്പം ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. രണ്ട് സിക്‌സും ഏഴ് ബൗണ്ടറികളും പായിച്ച നായികയുടെ അര്‍ധ സെഞ്ചുറിയാണ് മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ 162 റണ്‍സ് ചേര്‍ത്തുവച്ചത്. ആഷ്‌ലി ഗാര്‍ഡ്‌നര്‍ മൂന്ന് വിക്കറ്റും ഗര്‍ത്ത്, സ്‌നേഹ് റാണ, തനൂജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ ഓപ്പണര്‍ സോഫിയ ഡങ്ക്‌ലിയെ ഗോള്‍ഡന്‍ ഡെക്കില്‍ പുറത്താക്കി ബ്രന്റ് മുംബൈയ്ക്ക് മികച്ച തുടക്കം നല്‍കി. ഓപ്പണര്‍ സബിനേനി മേഘ്‌നയും ഹെര്‍ലിന്‍ ഡിയോളും ഗുജറാത്ത് ഇന്നിങ്‌സിന് അടിത്തറ പാകി. മൂന്ന് ബൗണ്ടറികളുമായി 17 പന്തില്‍ 16 റണ്‍സെടുത്ത മേഘ്‌നയെ ഹെയ്‌ലിയുടെ പന്തില്‍ ബ്രന്റ് ക്യാച്ചെടുത്ത് പുറത്താക്കി. അതേ ഓവറില്‍ തന്നെ ഹെയ്‌ലി അനബെല്‍ സത്തര്‍ലന്‍ഡിനെയും ഡക്കില്‍ കൂടാരം കയറ്റി.
23 പന്തില്‍ 22 റണ്‍സെടുത്ത ഡിയോളിനെ ഇസി വോങ് എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. ഗാര്‍ഡ്‌നറും(8) പുറത്തായതോടെ 50 കടക്കും മുന്‍പേ ഗുജറാത്തിന്റെ അഞ്ച് വിക്കറ്റും വീണു. മൂന്ന് ബൗണ്ടറികളുമായി 19 പന്തില്‍ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ റാണയെ ബ്രന്റ് എല്‍ബിഡബ്ല്യുവില്‍ പുറത്താക്കി. സുഷമ വര്‍മ മാത്രമാണ് പിന്നാലെ ഇറങ്ങിയവരില്‍ രണ്ടക്കം കടന്നത്. ബ്രന്റും ഹെയ്‌ലിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അമേലിയ രണ്ടും വോങ് ഒരു വിക്കറ്റും വീഴ്ത്തി.