ജോഷ്വ 'ഹാട്രിക്ക്' ലിറ്റിൽ

ജോഷ്വ 'ഹാട്രിക്ക്' ലിറ്റിൽ

അയർലൻഡിനായി ടി20 ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരം
Updated on
1 min read

ടി 20 ലോകകപ്പിൽ ഹാട്രിക്ക് സ്വന്തമാക്കി ഐറിഷ്‌ താരം ജോഷ്വ ലിറ്റിൽ. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് ജോഷ്വ ലിറ്റിലിന്റെ ഹാട്രിക്ക് പ്രകടനം. ലോകകപ്പ് ടി 20 ചരിത്രത്തിലെ ആറാമത്തെ ഹാട്രിക്കും ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്കുമാണിത്.

മത്സരത്തിന്റെ പത്തൊൻപതാം ഓവറിലാണ് ജോഷ്വ ലിറ്റിൽ ഹാട്രിക്ക് നേടിയത്. ഓവറിലെ രണ്ടാം പന്തിൽ അർദ്ധ സെഞ്ചുറി നേടിയ കിവി ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ്‍ ആയിരുന്നു ആദ്യ ഇര. വില്യംസണിനെ ഡീപ് ബാക്ക്‌വാര്‍ഡ്‌ സ്‌ക്വയറിൽ ഗാരെത് ഡെലാനിയുടെ കയ്യിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തുകളില്‍ ജെയിംസ് നീഷാമിനെയും മിച്ചൽ സാന്റ്നറേയും വിക്കറ്റിന് മുന്നിൽ കുരുക്കിയ ജോഷ്വ ലിറ്റിൽ കരിയറിലെ ആദ്യ ഹാട്രിക്ക് ആഘോഷിച്ചു. മത്സരത്തിൽ 22 റൺസ് വിട്ട് കൊടുത്ത്‌ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ലിറ്റിൽ തന്നെയാണ് ടൂർണമെന്റിലെ അയർലൻഡിന്റെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. ടൂർണമെന്റിന്റെ മൊത്തം വിക്കറ്റ് നേടിയവരുടെ പട്ടികയിലും 11 വിക്കറ്റുകളുമായി രണ്ടാമതുണ്ട് ലിറ്റിൽ. 13 വിക്കറ്റ് നേടിയ വനിന്ദു ഹസരംഗയാണ് ഒന്നാമത്.

ടി 20 ലോകകപ്പിൽ ഐറിഷ് താരം നേടുന്ന രണ്ടാം ഹാട്രിക്കാണ് ഇത്. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ലോകകപ്പിൽ കർട്ടിസ് കാംഫർ ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു. നെതർലൻഡ്സിനെതിരെ ആയിരുന്നു കാംഫറിന്റെ ഹാട്രിക്ക്. ഈ ലോകകപ്പില്‍ ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ കാർത്തിക് മെയ്യപ്പനാണ് ഇത്തവണത്തെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയത്. യുഎഇയ്ക്കായി ഹാട്രിക്ക് നേടുന്ന ആദ്യ താരം കൂടിയാണ് കാർത്തിക് മെയ്യപ്പൻ.

logo
The Fourth
www.thefourthnews.in