'അന്ന് അദ്ദേഹം മികച്ച വിക്കറ്റ് കീപ്പർ ആയിരുന്നില്ല'; ധോണിയുടെ കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് മുൻ സെലക്ടർ

'അന്ന് അദ്ദേഹം മികച്ച വിക്കറ്റ് കീപ്പർ ആയിരുന്നില്ല'; ധോണിയുടെ കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് മുൻ സെലക്ടർ

ബിഹാർ ടീമിൻ്റെ കൂടെയുള്ള പരിശീലനമാണ് ധോണിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയതെന്ന് സയ്യിദ് സബ കരിം
Updated on
2 min read

15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ഇന്ന് ലോകം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയായ ധോണിയുടെ കരിയറിന്റെ ആരംഭകാലത്തെ ഓർമകള്‍ പങ്കുവയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സാബാ കരീം. ദേശീയ ടീമിലേക്കുള്ള ധോണിയുടെ കടന്നു വരവിന് മുന്‍പിലുള്ള സംഭവങ്ങളെക്കുറിച്ചാണ് സാബാ കരീം പറയുന്നത്. താന്‍ ആദ്യമായി ധോണിയെ കണ്ടതും, രഞ്ജി ട്രോഫിയില്‍ ബിഹാറിന്റെ ചീഫ് സെലക്ടര്‍ ആയതിന് ശേഷം അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ തന്നെ എങ്ങനെ സ്വാധീനിച്ചെന്നും സാബാ കരീം ഓര്‍ക്കുന്നു.

ഇപ്പോഴത്തെ പോലെ പേസറെന്നോ സ്പിന്നറെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം വെടിക്കെട്ട് ബാറ്റിങ് നടത്തിയിരുന്നു

ലോകമെമ്പാടുമുള്ളവര്‍ പാടിപ്പുകഴ്ത്തുന്ന ധോണിയുടെ മിന്നല്‍ സ്റ്റംപിങ് ഈ നിലയിലേക്ക് എത്തിയതിന് പിന്നിലുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു സാബാ കരീം. ''എം എസ് ധോണിയുടെ രഞ്ജി ട്രോഫിയിലെ രണ്ടാം വര്‍ഷത്തിലാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ബിഹാറിലാണ് അദ്ദേഹം കളിച്ചിരുന്നത്. അന്നും ധോണി ബാറ്റിങ്ങില്‍ വലിയ മിടുക്ക് കാണിച്ചിരുന്നു. ഇപ്പോഴത്തെ പോലെ പേസറെന്നോ സ്പിന്നറെന്നോ വ്യത്യാസമില്ലാതെ അദ്ദേഹം വെടിക്കെട്ട് ബാറ്റിങ് നടത്തിയിരുന്നു. പക്ഷേ ധോണി വിക്കറ്റ് കീപ്പിങ്ങില്‍ വളരെ പിന്നിലായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന് ഞങ്ങള്‍ കൃത്യമായ പരിശീലനം നല്‍കി. അന്നത്തെ പരിശീലനമാണ് ധോണിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്. ഞങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയില്‍ അദ്ദേഹം അതേക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്'', സാബാ കരീം പറഞ്ഞു. അതിനുശേഷം വളരെ വേഗത്തില്‍ റണ്‍സ് നേടാനുള്ള ധോണിയുടെ കഴിവ് മനസ്സിലാക്കി അദ്ദേഹത്തെ ഏകദിനത്തില്‍ ഓപ്പണറായി ഇറക്കിത്തുടങ്ങുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ എ ടീമിനായുള്ള ധോണിയുടെ ആദ്യ പരമ്പരയെക്കുറിച്ചും സാബാ കരീം ഓര്‍ത്തെടുത്തു. അവിടെ വച്ച് ധോണി തന്റെ ബാറ്റിങ് മികവ് ദേശീയ ടീം സെലക്ടര്‍മാര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയായിരുന്നു. അതോടെ അദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നു. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. കെനിയ ആതിഥേയത്വം വഹിച്ച ഇന്ത്യ എ, പാകിസ്താന്‍ എ, കെനിയ എന്നിവര്‍ തമ്മിലുള്ള തൃരാഷ്ട്ര പരമ്പരയായിരുന്നു രണ്ടാമത്തെ വഴിത്തിരിവ്. ദിനേഷ് കാര്‍ത്തിക് ദേശീയ ടീമിലേക്ക് ചേക്കേറിയതോടെയാണ് ധോണിക്ക് അവിടെ കളിക്കാന്‍ അവസരം ലഭിച്ചത്. '' ഞങ്ങള്‍ പാക് എയ്‌ക്കെതിരെ രണ്ട് തവണ കളിച്ചു, രണ്ടിലും അദ്ദേഹം നന്നായി സ്കോർ ചെയ്തു'' സാബാ കരീം പറഞ്ഞു.

'അന്ന് അദ്ദേഹം മികച്ച വിക്കറ്റ് കീപ്പർ ആയിരുന്നില്ല'; ധോണിയുടെ കരിയറിലെ വഴിത്തിരിവിനെക്കുറിച്ച് മുൻ സെലക്ടർ
ആന്‍ഡി ഫ്‌ളവറിനെ കോച്ചായി നിയമിച്ച് ആര്‍സിബി

'' ആ മത്സരങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പേരെപ്പോഴും സെലക്ഷനില്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ കൊല്‍ക്കത്തയിലായിരുന്ന സമയത്ത് സൗരവ് ഗാംഗുലി ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. പാകിസ്താന്‍ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്ന സമയമായിരുന്നു. ഞാന്‍ ഒരു ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. വളരെ നന്നായി ബാറ്റിങ്ങും കീപ്പിങ്ങും ചെയ്യുന്ന ഒരു താരം ഉണ്ടെന്ന് ഞാന്‍ ഗാംഗുലിയോട് പറഞ്ഞു. പക്ഷേ പാകിസ്താന്‍ പര്യടനത്തിന് മുന്‍പ് ഗാംഗുലി ധോണിയുടെ പ്രകടനമൊന്നും കണ്ടിരുന്നില്ല, അതിനാല്‍ ധോണിക്ക് ആ ടീമില്‍ ഇടം കിട്ടാതെ പോയി'' സാബാ കരീം കൂട്ടിച്ചേര്‍ത്തു. പക്ഷേ അതിനു ശേഷമുള്ള ധോണിയുടെ കരിയര്‍ എത്രയോ മുന്നോട്ട് പോയെന്ന് മുന്‍ പരിശീലകന്‍ അഭിമാനത്തോടെ പറയുന്നു.

logo
The Fourth
www.thefourthnews.in