കെവിന്‍ കറനും സാം കറനും
കെവിന്‍ കറനും സാം കറനും

അച്ഛനോളം പോന്ന മകന്‍, സാം കറന്‍ എന്ന പോരാളി

സാം കറന് 13 വയസുള്ളപ്പോഴാണ് സിംബാബ്‌വെ ക്രിക്കറ്റ് താരമായിരുന്ന അച്ഛന്‍ കെവിന്‍ കറന്റെ മരണം.കഷ്ടപ്പാടില്‍ അലഞ്ഞ സാമിന് എന്നാല്‍ കാലം കരുതിവെച്ചത് നേട്ടങ്ങളുടെ പട്ടികയായിരുന്നു
Updated on
2 min read

''17ാം വയസില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ച ക്രിക്കറ്ററാണ് അദ്ദേഹം'' മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ അലക് സ്റ്റുവര്‍ട്ട് പറഞ്ഞ വാക്കുകളാണിത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും രാജ്യത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിക്കുന്ന ആ യുവാവിന്റെ പ്രതിഭ അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നിരിക്കണം. ഇന്ന് ഇംഗ്ലണ്ട് ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ ടൂര്‍ണമെന്റും അയാള്‍ ഏറ്റുവാങ്ങി. ജഴ്‌സി നമ്പര്‍ 58 സാം കറന്‍.

സാം കറന്‍
സാം കറന്‍

സാം കറന്‍ എന്ന ഇരുപത്തിനാലുകാരന് ക്രിക്കറ്റ് എന്ന വികാരം അസ്ഥിത്വത്തിന്റെ ഭാഗമാണ്. നടന്നു കയറിയ ജീവിതചരിത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കിയാല്‍ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥകള്‍ ഒരുപാടുണ്ട് സാം കറന്. സിംബാബാവെയുടെ കരുത്തനായ താരമായിരുന്നു സാം കറന്റെ അച്ഛനായ കെവിന്‍ കറന്‍. അത്രകണ്ട് ശക്തരല്ലാത്ത സിംബാബ്‌വെ ടീമിനെ വിജയതീരത്തെത്തിക്കുന്ന രക്ഷകന്റെ റോളായിരുന്നു പലപ്പോഴും കെവിന്. 1983ലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ലോകകപ്പില്‍ ഓസീസിനെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ കെവിന് വെറും 23 വയസ്സായിരുന്നു.

ആക്രമണോത്സുകനും ആത്മവിശ്വാസവും വിജയിക്കാനുള്ള ഇച്ഛാശക്തിയും കൈമുതലായുണ്ടിയിരുന്ന ധീരനായ താരമായിരുന്നു കെവിന്‍

കെവിന്‍ കറന്‍
കെവിന്‍ കറന്‍

അലന്‍ ബോര്‍ഡറിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ കെവിന്‍ 27റണ്‍സെടുത്ത് ബാറ്റിങ്ങിലും തിളങ്ങിയപ്പോള്‍ ലോകകപ്പില്‍ സിംബാബ്വെയ്ക്ക് 13 റണ്‍സ് ജയം. അന്ന് മൈറ്റി ഓസീസ് തോല്‍വി രുചിച്ചതില്‍ കെവിന്‍ കറന് നിര്‍ണായക പങ്കുണ്ടായിരുന്നു. ആക്രമണോത്സുകനും ആത്മവിശ്വാസവും വിജയിക്കാനുള്ള ഇച്ഛാശക്തിയും കൈമുതലായുണ്ടിയിരുന്ന ധീരനായ താരമായിരുന്നു കെവിന്‍.

കെവിന്‍ കറന്‍ ലോകത്തോട് വിടപറയുമ്പോള്‍ സാമിന് 13 വയസായിരുന്നു.കളിക്കളത്തിനുള്ളില്‍ ഉടലെടുത്ത സൗഹൃദമാണ് പിതാവിന്റെ മരണത്തിനു ശേഷം വിധിക്കു മുന്നില്‍ പകച്ചു നിന്ന കെവിന്റ മൂന്നു മക്കളെയും ചേര്‍ത്തുപിടിച്ചത്.

സാമിനെ പഠിപ്പിക്കാനുള്ള പണം തന്റെ കൈയിലില്ലെന്ന് നിസഹായതയോടെ ആ അമ്മ പറഞ്ഞെങ്കിലും കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു

കെവിനൊപ്പം നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇംഗ്ലണ്ട് താരം അലന്‍ ലാമ്പാണ് സാം കറനും ജ്യേഷ്ഠന്മാരായ ടോം കറനും ബെന്‍ കറനും നേരേ സഹായഹസ്തം നീട്ടിയത്. ടോം കറന്‍ പഠിച്ചിരുന്ന വെല്ലിങ്ടണ്‍ കോളേജിലേക്ക് സാമിനെയും കൊണ്ടുപോകാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സാമ്പത്തിക ബാധ്യത വിലങ്ങുതടിയായി നിന്നു.

ക്രിക്കറ്റിന്റെ ഡിഎന്‍എ സാമിനുള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞ അലന്‍ ലാമ്പ് യൂണിവേഴ്‌സിറ്റിയില്‍ സാമിന് അഡ്മിഷന്‍ തരപ്പെടുത്തി. അവിടുന്ന് അങ്ങോട്ട്സാമിന്റെ തേരോട്ടത്തിന് തുടക്കമാകുകയായിരുന്നു. 17ാം വയസില്‍ സറേ ട്വന്റി 20 ടീമില്‍ ഇടം നേടിയ സാം ആ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി.

പരിശീലന മത്സരത്തിനിടെ സാം എറിഞ്ഞ ആദ്യ പന്ത് ഗാരി വില്‍സന്റെ ഹെല്‍മെറ്റിനു കൊണ്ടു. കെവിന്‍ കറന്റെ അഗ്രെഷന്‍ അതേപടി ലഭിച്ച മകനാണ് സാം എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പന്ത്. 19ാം വയസിലാണ് പാകിസ്താനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. രണ്ടാം ടെസ്റ്റില്‍ തന്നെ മാന്‍ ഓഫ് ദ മാച്ച് സ്വന്തമാക്കി സാം കറന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചു.

ധോണിയും സാം കറനും
ധോണിയും സാം കറനും

ഓരോ മത്സരത്തിലൂടെയും തെറ്റുകള്‍ തിരുത്തി ഇംഗ്ലണ്ട് നിരയുടെ മൂര്‍ച്ചയേറിയ ആയുധമാകുകയായിരുന്നു സാം കറന്‍. പാകിസ്താന്റെ കരുത്തരായ ബാറ്റിങ് നിരയെ നിലംപരിശാക്കി ഇംഗ്ലണ്ട് ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ കളിയിലെ താരമായതും ഈ 23കാരന്‍ തന്നെ.ഐപിഎലില്‍ മഞ്ഞ ജെഴ്‌സിയണിഞ്ഞുകൊണ്ട് പല വിജയങ്ങളിലും നിര്‍ണായക പങ്ക് വഹിച്ച് ഇന്ത്യക്കാരുടെയും പ്രിയപ്പെട്ടവനായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 'കുഞ്ഞുവാവ'

തങ്ങളുടെ വിജയം കണ്‍നിറയെ കാണാന്‍ അച്ഛനില്ലെന്ന വേദന അവരെ അലട്ടുന്നുണ്ടാകും എന്നാലും അച്ഛന്റെ യശസ്സ് വാനോളം ഉയര്‍ത്താന്‍ ആ മക്കള്‍ക്ക് സാധിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല. ഏതു വമ്പനെയും നേര്‍ക്കുനേര്‍ നിന്ന് എതിരിടാനും ഭയത്തിന്റെ ഒരു തരി പോലും ഇല്ലാതെ പൊരുതി തോല്‍പ്പിക്കാനും ആ അച്ഛന്റെ ചോര മതി സാം കറന്.

logo
The Fourth
www.thefourthnews.in