സച്ചിനെ എങ്ങനെ സ്നേഹിക്കാതിരിക്കും?
ഒരിക്കലും മറക്കില്ല സച്ചിൻ തെണ്ടുൽക്കറുടെ പിറന്നാൾ. മറക്കാനാവില്ല എന്നതാണ് സത്യം. തലേന്നും പിറ്റേന്നുമാണല്ലോ ഞങ്ങളുടെ ജന്മദിനങ്ങൾ. സച്ചിൻ ജനിച്ചത് ഏപ്രിൽ 24 ന്. ഞാൻ 25 നും. എങ്കിലും സച്ചിന് അൻപത് വയസ്സ് തികയുന്നു എന്നറിയുമ്പോൾ നിങ്ങളെപ്പോലെ എനിക്കും അത്ഭുതം.
കൗമാരകാലം മുതൽ കേട്ടു തുടങ്ങിയതാണ് ആ പേര്. എന്നെങ്കിലും സച്ചിനെ കണ്ടു പരിചയപ്പെടുമെന്നോ സംസാരിക്കുമെന്നോ ഒന്നും നമ്മൾ സങ്കല്പിക്കുന്നില്ലല്ലോ അന്ന്. എന്നാൽ വിധി നിയോഗമെന്നോണം സച്ചിനുമായി പരിചയപ്പെടാൻ മാത്രമല്ല അടുത്ത സുഹൃദ്ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു എനിക്ക്. ഫുട്ബോൾ തന്ന അപൂർവ സൗഭാഗ്യങ്ങളിൽ ഒന്നാണ് സച്ചിനുമായുള്ള അടുപ്പം.
ഏറക്കുറെ സമാന്തരമായിട്ടായിരുന്നു കളിക്കളത്തിൽ ഞങ്ങളുടെ യാത്ര. ബോംബെയുടെ സീനിയർ സ്റ്റേറ്റ് ടീമിന് വേണ്ടി സച്ചിൻ രഞ്ജി ട്രോഫി കളിച്ചു തുടങ്ങിയത് 1988 ലാണ്. അതേ വർഷത്തെ കൊല്ലം സന്തോഷ് ട്രോഫിയിൽ എനിക്ക് കേരളത്തിന് വേണ്ടി കളിക്കാനായി. സച്ചിന് അന്ന് കഷ്ടിച്ച് 15 വയസ്സ്. എനിക്ക് പത്തൊൻപതും. അടുത്ത വർഷം തന്നെ ദേശീയ ടീമിനും കളിച്ചു സച്ചിൻ. എനിക്കാകട്ടെ കുറച്ചു കാലം കൂടി കാത്തിരിക്കേണ്ടി വന്നു ഇന്ത്യൻ ജേഴ്‌സിക്ക്. പിന്നീട് വർഷങ്ങളോളം ഞങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. സച്ചിൻ കളിച്ച ഓരോ മത്സരങ്ങളും ഉറക്കമിളച്ചു കാണാൻ കാത്തിരുന്ന ആ കാലം മറന്നിട്ടില്ല.
സച്ചിൻ എന്ന കളിക്കാരനോടുള്ള ആരാധന അന്നും ഇന്നും ഒരുപോലെ. അത്ര തന്നെ തീവ്രമാണ് സച്ചിൻ എന്ന വ്യക്തിയോടുള്ള സ്നേഹവും. സെലിബ്രിറ്റി സ്റ്റാറ്റസിന്റെ ഭാരം ഒന്നും ഒരിക്കലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ കണ്ടിട്ടില്ല. ഏറ്റവുമടുത്ത സുഹൃത്തിനെപ്പോലെയാണ് സംസാരിക്കുക. സഹാറ ഇന്ത്യയുടെ സ്പോർട്സ് അവാർഡ്‌സ് ജൂറി ആയിരുന്ന കാലത്താണ് ഞാൻ ആദ്യമായി സച്ചിനെ പരിചയപ്പെട്ടത്. അന്ന് ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹം തിളങ്ങി നിൽക്കുന്ന സമയമാണ്. എന്റെ ഫുട്ബോൾ ജീവിതം സച്ചിൻ പൂർണ്ണമായി മനസ്സിലാക്കി വെച്ചിരുന്നു എന്ന അറിവ് അന്നെന്നെ ശരിക്കും അത്ഭുതപ്പെടുത്തി. പിൽക്കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരിയുടമകളിൽ ഒരാളായി കൊച്ചിയിൽ വന്നപ്പോഴാണ് ആ സൗഹൃദം ദൃഢമായത്. എപ്പോൾ കണ്ടാലും പേര് വിളിച്ചു അടുത്തുവന്നു വിശേഷങ്ങൾ ചോദിച്ചറിയുന്ന സച്ചിൻ എനിക്കൊരു അത്ഭുതമായിരുന്നു.
സച്ചിൻ കളിക്കാനിറങ്ങുമ്പോൾ ഗാലറികളിൽ നിന്നുയരാറുള്ള ആരവങ്ങൾ ഇന്നുമുണ്ട് കാതുകളിൽ. സച്ചിന് വേണ്ടി ആർത്തുവിളിച്ചപോലെ മറ്റാർക്കും വേണ്ടി ആരവം മുഴക്കിയിരിക്കില്ല ഇന്ത്യക്കാർ. അത്രയും സ്നേഹമായിരുന്നു ഓരോ ഇന്ത്യക്കാരനും സച്ചിനോട്. കളിക്കളത്തോട് വിടവാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ആ സ്നേഹത്തിന് കുറവൊന്നുമില്ല. ഇനിയൊരു സച്ചിൻ ഉണ്ടാവില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. സച്ചിന്റെ റെക്കോർഡുകൾക്ക് പുതിയ അവകാശികൾ വന്നേക്കാം. പക്ഷേ ആ വ്യക്തിത്വത്തിന്റെ വിശുദ്ധി എന്നും തിളങ്ങിത്തന്നെ നിൽക്കും. എന്നെപ്പോലുള്ള എത്രയോ പേരുടെ ജീവിതങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും നിഷ്കളങ്കമായ ആ പുഞ്ചിരിയും പെരുമാറ്റവും.
പിറന്നാൾ ആശംസകൾ, പ്രിയ സച്ചിൻ...