ക്ലാസും മാസും ചേർന്ന സായ്; താരോദയത്തിന് പിന്നില്‍ ഗുജറാത്ത് ടൈറ്റന്‍സ് എഫക്ട്

ക്ലാസും മാസും ചേർന്ന സായ്; താരോദയത്തിന് പിന്നില്‍ ഗുജറാത്ത് ടൈറ്റന്‍സ് എഫക്ട്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സായിക്ക് അവസരമൊരുങ്ങിയപ്പോള്‍ ആർക്കും അത്ഭുതമുണ്ടായിരുന്നില്ല
Updated on
1 min read

2022, ഏപ്രില്‍ എട്ടിനായിരുന്നു തമിഴ്നാട് സ്വദേശിയായ സായ് സുദർശന്‍ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ഗുജറാത്ത് ടൈറ്റന്‍സിനായി (ജിടി) അരങ്ങേറിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ശൈലി സായ് സുദർശനില്‍ കാണാനുണ്ടെന്ന് ആദ്യ സീസണില്‍തന്നെ നിരീക്ഷകർ വിലയിരുത്തിയിരുന്നു. പിന്നീടിങ്ങോട്ട് സ്ഥിരതയാർന്ന പ്രകടനത്തിന്റെ പേരിലായിരുന്നു സായ് ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടത്. ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ നിന്ന് 46 ശരാശരിയില്‍ 507 റണ്‍സാണ് സായ് ഇതുവരെ നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ തനിക്ക് ലഭിച്ച തുടക്കം അന്താരാഷ്ട്ര ക്രിക്കറ്റിലും ആവർത്തിക്കുകയാണ് 22-കാരനായ ഇടം കയ്യന്‍ ബാറ്റർ.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സായ്‌ക്ക് അവസരമൊരുങ്ങിയപ്പോള്‍ ആർക്കും അത്ഭുതമുണ്ടായിരുന്നില്ല. പ്രതീക്ഷകള്‍ തെറ്റിക്കാന്‍ സായ് തയാറായതുമില്ല. സ്വന്തം മൈതാനത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റർമാർക്ക് പോലും പിഴച്ചപ്പോള്‍ സായിയുടെ ബാറ്റുകള്‍ റണ്‍സ് കണ്ടെത്തി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 43 പന്തില്‍ ഒന്‍പത് ഫോറുകള്‍ ഉള്‍പ്പെടെ 55 റണ്‍സ് യുവതാരം നേടി. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള സായിയുടെ ചുവടുവെപ്പിന് സഹായകരമായത് ഗുജറാത്ത് ടൈറ്റന്‍സിലെ നാളുകളായിരുന്നു. താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്.

ക്ലാസും മാസും ചേർന്ന സായ്; താരോദയത്തിന് പിന്നില്‍ ഗുജറാത്ത് ടൈറ്റന്‍സ് എഫക്ട്
ആര്‍ക്കൊക്കെ ആരെയൊക്കെ വേണം; ഐപിഎല്‍ മെഗാ ലേലത്തില്‍ ടീമുകളുടെ ലക്ഷ്യം ഇങ്ങനെ

താരങ്ങളുടെ നിർദേശങ്ങള്‍

"എന്റെ കരിയറില്‍ ജിടി സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വലിയ കാര്യങ്ങള്‍ മാത്രമല്ല ഇതില്‍ ഉള്‍പ്പെടുന്നത്, മറ്റുള്ളവർക്ക് നിസാരമെന്ന് തോന്നുന്നവയായിരിക്കാം പലതും. ഒരു മത്സരത്തെ ആത്മവിശ്വാസത്തോടെയും ശാന്തതയോടെയും എങ്ങനെ സമീപിക്കണമെന്നതൊക്കെ. ഞാന്‍ ഗില്ലിനൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്. ബാറ്റിങ്ങിനിടയില്‍ ഗില്‍ കൃത്യമായ നിർദേശങ്ങള്‍ നല്‍കാറുണ്ട്. ആ നിർദേശങ്ങള്‍ എല്ലാക്കാലത്തും എനിക്ക് സഹായകരമായിട്ടുണ്ട്. ഹാർദിക്ക് പാണ്ഡ്യ, കെയിന്‍ വില്യംസണ്‍, വിജയ് ശങ്കർ, കെ സായ് കിഷോർ എന്നിവരുമായുള്ള സംഭാഷണങ്ങളും മെച്ചപ്പെടാന്‍ എന്ന സഹായിച്ചിട്ടുണ്ട്," സായ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ജിടിയിലെ പരിശീലനം മികവുയർത്തി

"ജിടി എനിക്ക് നിരവധി അവസരങ്ങള്‍ നല്‍കി. 2022 സീസണില്‍ അഞ്ചും 2023 സീസണില്‍ എട്ടും മത്സരങ്ങള്‍ കളിക്കാനായി. എന്റെ കഴിവ് ഉപയോഗിക്കാനും ടീമിന്റെ വിജയങ്ങളില്‍ സംഭാവന നല്‍കാനും ലഭിച്ച അവസരങ്ങളില്‍ എനിക്കായി. പരിശീലന സമയത്ത് പ്രതിദിനം ഒന്നര മണിക്കൂറിലധികം ബാറ്റ് ചെയ്യും. പരിശീലകർ നിരീക്ഷിക്കുകയും കൃത്യമായ നിർദേശങ്ങള്‍ നല്‍കുകയും ചെയ്യും," സായ് കൂട്ടിച്ചേർത്തു.

ക്ലാസും മാസും ചേർന്ന സായ്; താരോദയത്തിന് പിന്നില്‍ ഗുജറാത്ത് ടൈറ്റന്‍സ് എഫക്ട്
പിഴയ്ക്കാത്ത ഇടംകൈ കരുത്തായി ദീപ്തി ശർമ; ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ 'ബെന്‍ സ്റ്റോക്‌സ്'

ആത്മവിശ്വസത്തോടെയുള്ള പ്രകടനത്തിന് പിന്നിലും സായ്‌ക്ക് വിജയമന്ത്രമുണ്ട്. ''മറ്റുള്ളവർ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറില്ല. ഞാന്‍ എന്നില്‍തന്നെ പൂർണ ശ്രദ്ധ കൊടുക്കാനാണ് ശ്രമിക്കാറുള്ളത്," സായ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in