'ഇനി അലമ്പിനില്ല, നല്ല കുട്ടിയായി'; ഹാർദിക്ക് പാണ്ഡ്യയ്ക്ക് ബിസിസിഐയുടെ ഗ്രേഡ് എ കരാർ ലഭിച്ചതെങ്ങനെ?
ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോർ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) 2023-24 സീസണിലെ താരങ്ങളുടെ കരാർ പുറത്തുവിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചർച്ച സജീവമാണ്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യർ എന്നിവരെ കരാറില്‍ നിന്ന് ഒഴിവാക്കിയ ബിസിസിഐ ഹാർദിക്ക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് ഉയരുന്നത്. ഇഷാനെയും ശ്രേയസിനെയും പോലെ ഹാർദിക്കും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നില്ല എന്നത് ചൂണ്ടിക്കാണിച്ചാണ് ബിസിസിഐക്കെതിരെ ഒരു വിഭാഗം വിമർശനം ഉയർത്തുന്നത്. ഗ്രേഡ് എ വിഭാഗത്തിലാണ് ഹാർദിക്കിനെ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നത്.
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ കാലിന് പരുക്കേറ്റ ഹാർദിക്ക് ടൂർണമെന്റിന്റെ പാതി വഴിയില്‍ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പരുക്കേറ്റ ഹാർദിക്ക് മൈതാനത്തേക്ക് തിരിച്ചെത്തിയത് ഡി വൈ പാട്ടീല്‍ ടൂർണമെന്റിലൂടെ കഴിഞ്ഞ ദിവസമാണ്. ഇതിനു മുന്‍പ് ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഹാർദിക്ക്. ഒപ്പം ഇഷാനുമുണ്ടായിരുന്നു.
എന്നാല്‍ ഹാർദിക്കിന് തുണയായത് ശാരീരിക ക്ഷമതയിലെ പുരോഗതി കൃത്യമായി ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) അറിയിച്ചുവെന്നതാണ്. ഇതിനുപുറമെ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകാമെന്ന ഉറപ്പും ഹാർദിക്ക് ബിസിസിഐക്ക് നല്‍കിയതായാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹാർദിക്കുമായി ഞങ്ങള്‍ ചർച്ച ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ ടൂർണമെന്റുകളുടെ ഭാഗമാകാമെന്ന് ഹാർദിക്ക് ഉറപ്പു നല്‍കി. നിലവിലെ സാഹചര്യത്തില്‍, ബിസിസിഐ മെഡിക്കല്‍ ടീമിന്റെ വിശകലനം അനുസരിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ഹാർദിക്കിനാകില്ല. അതുകൊണ്ടുതന്നെ രഞ്ജി ട്രോഫി എന്ന ഓപ്ഷന്‍ ഹാർദിക്കിന്റെ കാര്യത്തില്‍ പരിഗണിക്കാനാകില്ല, ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അടുത്തതായി ഇന്ത്യയ്ക്ക് വരുന്ന വൈറ്റ് ബോള്‍ സീരീസ് ബംഗ്ലാദേശിനെതിരായ ട്വന്റി20യാണ്. ഒക്ടോബർ - ഡിസംബർ കാലയളവിലും ഇന്ത്യയ്ക്ക് ഏകദിന ട്വന്റി 20 പരമ്പരകളില്ല, പകരം ആഭ്യന്തര ക്രിക്കറ്റില്‍ സെയ്‌ദ് മുഷ്‌താഖ് അലി, വിജയ് ഹസാരെ ടൂർണമെന്റുകളാണുള്ളത്. ഇവയില്‍ ഹാർദിക്ക് നിർബന്ധമായും പങ്കെടുക്കേണ്ടി വരും.
ശ്രേയസിനേയും ഇഷാനെയും കരാറില്‍ നിന്ന് നീക്കം ചെയ്ത ബിസിസിഐയുടെ നടപടിയെ മുന്‍ താരങ്ങളും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഹാർദിക്കിനെ ഉള്‍പ്പെടുത്തിയ നടപടിയെ മുന്‍ താരം ഇർഫാന്‍ പത്താന്‍ ചോദ്യം ചെയ്തിരുന്നു.
ദേശീയ ടീമിന്റെ ഭാഗമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന ടീമുകളില്‍ റിപ്പോർട്ട് ചെയ്യണമെന്നും കരാറിലുള്ള താരങ്ങളോട് ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. ദേശീയ ടീമില്‍ ഉള്‍പ്പെടാതിരുന്ന ശ്രേയസ് അയ്യർ മുംബൈക്കൊപ്പം രഞ്ജിയില്‍ ചേർന്നിരുന്നില്ല. പകരം ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമായിരുന്നു.