ഇനി പ്രതികാരത്തിന്റെ സമയം; കംഗാരുപ്പടയെ എങ്ങനെ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ നിന്ന് പുറത്താക്കാം?
നൂറ്റി മുപ്പത്തിനാല് കോടി ജനതയുടെ പ്രാര്‍ഥനകളെ തച്ചുടച്ചാണ് 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പിച്ചു കിരീടം ചൂടിയത്. അതിന് മുമ്പ് 2003-ലും അവര്‍ കലാശക്കളിയില്‍ ഇന്ത്യയുടെ കണ്ണീര്‍ വീഴ്ത്തിയിട്ടുണ്ട്. അതിനെല്ലാം ചേര്‍ത്ത് മധുരമായി പകവീട്ടാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഇന്ത്യക്ക് കൈവന്നു ചേര്‍ന്നിരിക്കുന്നത്.
ഐസിസി ടൂര്‍ണമെന്റുകളിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരെന്നു വിളിപ്പേരുള്ള മൈറ്റി ഓസീസിനെ അതുപോലൊരു ഐസിസി ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ കാണാതെ പറഞ്ഞയയ്ക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഓസീസിന്റെ സെമിഫൈനല്‍ പ്രവേശനം ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും കൈകളിലാണിരിക്കുന്നത്.
സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ നിലവില്‍ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യയാണ് നാലു പോയിന്റുമായി ഒന്നാമത്. ഇന്ന് നടന്ന മത്സരത്തില്‍ അഫ്ഗാനിസ്താനോടു തോറ്റ് രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി ഓസീസ് രണ്ടാമതാണ്. രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അഫ്ഗാന്‍. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് പോയിന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്.
ഇന്നലെ അഫ്ഗാനെതിരേ ഓസീസ് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതോടെയാണ് ഗ്രൂപ്പ് ഒന്നിലെ കാര്യങ്ങള്‍ സങ്കീര്‍ണമായത്. ഇതോടെ ഗ്രൂപ്പിലെ നാലു ടീമുകള്‍ക്കും സെമി സാധ്യത തുറന്നു. അഫ്ഗാനെ ഓസീസ് തോല്‍പിച്ചിരുന്നെങ്കില്‍ ഇന്നലെ ഇന്ത്യ സെമി ഉറപ്പാക്കിയേനെ.
അഫ്ഗാനോടു തോറ്റതോടെ ഓസ്‌ട്രേലിയയ്ക്കാണ് കണക്കുകള്‍ പിഴച്ചത്. അവരുടെ അവസാന മത്സരം ഇന്ന് ഇന്ത്യയ്‌ക്കെതിരേയാണ്. ഈ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അഫ്ഗാന്‍ ബംഗ്ലാദേശിനെ തോല്‍പിക്കുകയും ചെയ്താല്‍ ഓസ്‌ട്രേലിയക്കാര്‍ അവസാന നാലില്‍ എത്താതെ പുറത്താകും. ഇന്ത്യയും അഫ്ഗാനും സെമിയില്‍ എത്തും.
ഇനി ഇന്ത്യയോടു തോല്‍ക്കുകയും അഫ്ഗാന്‍-ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്താലും ഓസ്‌ട്രേലിയയ്ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കും. കളി ഉപേക്ഷിക്കുന്നതോടെ ലഭിക്കുന്ന ഒരു പോയിന്റില്‍ ഓസ്‌ട്രേലിയയെ മറികടന്ന് അഫ്ഗാന്‍ ഇന്ത്യയ്‌ക്കൊപ്പം സെമിയില്‍ കടക്കും. ഇനി ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പിച്ചാലോ? അപ്പോഴും അവര്‍ക്ക് സെമി സാധ്യത ഉറപ്പാക്കാന്‍ കഴിയില്ല. കാരണം അഫ്ഗാന്‍-ബംഗ്ലാദേശ് മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ അഫ്ഗാന്‍ ജയിച്ചാല്‍ റണ്‍റേറ്റില്‍ ഓസീസിനെ മറികടന്ന് അഫ്ഗാനിസ്ഥാന് സെമിയിലെത്താന്‍ കഴിയും.
നിലവില്‍ ഇന്ത്യയാണ് റണ്‍റേറ്റില്‍ മികച്ച നിലയിലുള്ളത്. രണ്ടു മത്സരങ്ങളിലും ആധികാരിക ജയം നേടിയ ടീം ഇന്ത്യയുടെ റണ്‍റേറ്റ് 2.425 ആണ്. ഓസ്‌ട്രേലിയയുടേത് 0.233 ഉം. രണ്ടു പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാന്‍ പിന്നിലാണ്. മൈനസ് 0.65 ആണ് അവരുടെ റണ്‍റേറ്റ്. എന്നാല്‍ ബംഗ്ലാദേശിനെതിരേ ഒരു മികച്ച ജയം നേടാനായാല്‍ ഓസ്‌ട്രേലിയയുടെ റണ്‍റേറ്റ് മറികടക്കാന്‍ അവര്‍ക്ക് കഴിയും.
ഓസ്‌ട്രേലിയ ജയിച്ചാല്‍?
ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പിക്കുകയും ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ തോല്‍പിക്കുകയും ചെയ്താല്‍ ഇന്ത്യയും ഓസ്‌ട്രേലിയും സെമിയില്‍ കടക്കും. എന്നാല്‍ ബംഗ്ലാദേശിനെ അഫ്ഗാന്‍ തോല്‍പിച്ചാല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാന്‍ എന്നീ ടീമുകള്‍ക്കു നാലു പോയിന്റ് വീതമാകും. ഇതോടെ വീണ്ടും റണ്‍റേറ്റിനെ ആശ്രയിക്കേണ്ടി വരും. മികച്ച റണ്‍റേറ്റ് ഉള്ളതിനാല്‍ ഇന്ത്യക്ക് ആശങ്കയ്ക്കു വകയില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരേ തോല്‍വി നേരിട്ടാല്‍ പോലും ഇന്ത്യക്ക് സെമി സാധ്യതയുണ്ടെന്ന് അര്‍ഥം.