'താലിബാന് കീഴിൽ മനുഷ്യാവകാശ പ്രശ്നങ്ങള്‍ രൂക്ഷം'; അഫ്ഗാനിസ്താനെതിരായ പരമ്പരയിൽ നിന്ന് പിന്മാറി ക്രിക്കറ്റ് ഓസ്ട്രേലിയ
ഓഗസ്റ്റില്‍ നടക്കാനിരുന്ന അഫ്ഗാനിസ്താന്‍-ഓസ്ട്രേലിയ ട്വന്റി 20 പരമ്പര മാറ്റിവെച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). അഫ്ഗാനിസ്താനില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. പ്രസ്താവനയിലൂടെയാണ് സിഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏകദിന പരമ്പരയും ഇത്തരത്തില്‍ സിഎ മാറ്റിവെച്ചിരുന്നു. സിഎയുടെ തീരുമാനത്തില്‍ പല അഫ്ഗാന്‍ താരങ്ങളും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
"അഫ്ഗാനിസ്താനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും മനുഷ്യാവകാശങ്ങളില്‍ ഉണ്ടായ വീഴ്ചയുടെ അടിസ്ഥാനത്തില്‍ 2023ല്‍ നിശ്ചയിച്ചിരുന്ന ഏകദിന പരമ്പര ഓസ്ട്രേലിയന്‍ സർക്കാരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം സിഎ മാറ്റിവെച്ചിരുന്നു. രാജ്യത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മെച്ചപ്പെട്ട സാഹചര്യമുണ്ടാകുമ്പോള്‍ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോർഡുമായുള്ള സഹകരണം തുടരും," സിഎ പ്രസ്താവനയില്‍ പറയുന്നു.
"കഴിഞ്ഞ 12 മാസത്തോളമായി അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഓസ്ട്രേലിയന്‍ സർക്കാരുമായ സിഎ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. അഫ്ഗാനിസ്താനിലെ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ ഓരോ ദിവസവും മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ അറിയിച്ചത്. ഇക്കാരണത്താല്‍, നേരത്തെ എടുത്ത നിലപാട് സിഎ തുടരും. അഫ്ഗാനെതിരായ പരമ്പര മാറ്റിവെച്ചിരിക്കുന്നു," പ്രസ്താവനയില്‍ സി എ കൂട്ടിച്ചേർത്തു.
2023ല്‍ പരമ്പര മാറ്റിവെച്ചപ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിലിനും വിദ്യാഭ്യാസത്തിും താലിബാന്‍ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയെന്ന കാരണമായിരുന്നു സിഎ ചൂണ്ടിക്കാണിച്ചത്. 2021 സെപ്തംബറില്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണത്തില്‍ വന്നതിന് പിന്നാലെ തന്നെ സ്ത്രീകളുടെ പങ്കാളിത്തത്തിന് കായിക മേഖലയിലുള്‍പ്പടെ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരുന്നു.
സിഎയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍ പറഞ്ഞു. "രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് എനിക്ക് അഭിമാനമുള്ള കാര്യമാണ്. ലോക ക്രിക്കറ്റില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. സിഎയുടെ ഈ തീരുമാനം ഞങ്ങളുടെ യാത്രയെ പിന്നോട്ടുകൊണ്ടുപോകുന്നതാണ്. അഫ്ഗാനിസ്താനെതിരെ കളിക്കുന്ന ഓസ്ട്രേലിയയെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍, എന്റെ ബിബിഎല്ലിലെ സാന്നിധ്യം കൊണ്ട് ആരെയും അസ്വസ്ഥരാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ബിബിഎല്ലിലെ എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയാണ്," റാഷിദ് എക്സില്‍ കുറിച്ചു. സഹതാരം മുഹമ്മദ് നബിയും സിഎയുടെ തീരുമാനത്തെ അപലപിച്ചിട്ടുണ്ട്.