ഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം; ഇരട്ട സെഞ്ചുറിക്കരികെ വീണ് ഒലി പോപ്പ്

ഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം; ഇരട്ട സെഞ്ചുറിക്കരികെ വീണ് ഒലി പോപ്പ്

ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി
Updated on
1 min read

ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 420 റണ്‍സിന് പുറത്തായി. 196 റണ്‍സെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

 316-6 എന്ന നിലയില്‍ നാലാം ദിനം പുനരാരംഭിച്ച ഇംഗ്ലണ്ടിന് 104 റണ്‍സ് മാത്രമാണ് ചേർക്കാനായത്. 28 റണ്‍സെടുത്ത റെഹാന്‍ അഹമ്മദിനെ ശ്രീകർ ഭരത്തിന്റെ കൈകളിലെത്തിച്ച് ബുംറയാണ് ആദ്യ വിക്കറ്റ് നേടിയത്. പിന്നാലെയെത്തിയ ടോം ഹാർട്ട്ലിയുമായി ചേർന്നായിരുന്നു ഒലി പോപ്പിന്റെ ചെറുത്തു നില്‍പ്പ്. എട്ടാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും കൂട്ടിച്ചേർത്തത്.

ഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം; ഇരട്ട സെഞ്ചുറിക്കരികെ വീണ് ഒലി പോപ്പ്
ഒന്നൊന്നര ക്ലാസ്; 43-ാം വയസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടി ബൊപ്പണ്ണ

എന്നാല്‍ ഹാർട്ട്ലിയുടെ പ്രതിരോധം തകർക്കാന്‍ അശ്വിന് സാധിച്ചതോടെ ഇംഗ്ലണ്ടിന്റെ പതനവും ആരംഭിച്ചു. 34 റണ്‍സായിരുന്നു ഹാർട്ട്ലിയുടെ നേട്ടം. അടുത്ത ഓവറില്‍ മാർക്ക് വുഡിനെ (0) രവീന്ദ്ര ജഡേജ പവലിയനിലേക്ക് മടക്കി. ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു പോപ്പിന് വിലങ്ങുതടിയായതും ബുംറയായിരുന്നു. താരത്തെ ബൗള്‍ഡാക്കി ഇംഗ്ലണ്ട് ഇന്നിങ്സ് ബുംറ അവസാനിപ്പിച്ചു.

278 പന്തില്‍ 21 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു പോപ്പ് 196 റണ്‍സ് നേടിയത്. ഇന്ത്യയില്‍ രണ്ടാം ഇന്നിങ്സില്‍ ഒരു വിദേശ താരം നേടുന്ന നാലാമത്തെ ഉയർന്ന സ്കോറുകൂടിയാണിത്.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായിരുന്നു. 70 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്ക്സായിരുന്നു ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ജഡേജയും അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങില്‍ 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഇന്ത്യ നേടിയത്. രവീന്ദ്ര ജഡേജ (87), കെഎല്‍ രാഹുല്‍ (86), യശസ്വി ജയ്സ്വാള്‍ (80) എന്നിവർ ഇന്ത്യയ്ക്കായി തിളങ്ങി. നാല് വിക്കറ്റെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയത്.

logo
The Fourth
www.thefourthnews.in