'ആ ഇലവനില്‍ ഞാനില്ല'; ഗുസ്തി താരങ്ങളെ പിന്തുണച്ച 1983 ലോകകപ്പ് ടീമിനോട് വിയോജിച്ച് റോജര്‍ ബിന്നി
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചത്തിൽ നിന്നും വിട്ടുനിന്ന് ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി. സമരത്തിന് പിന്തുണ അറിയിച്ച് ക്രിക്കറ്റ് താരങ്ങൾ ഇറക്കിയ പ്രസ്താവനയില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കായിക രംഗത്ത് രാഷ്ട്രീയം കലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 1983 ലോകകപ്പ് നേടിയ ടീമിലെ അംഗമാണ് റോജര്‍ ബിന്നി.
നിലവിലെ സാഹചര്യത്തിൽ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഞാൻ പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഒരു മുൻ ക്രിക്കറ്റ് താരം എന്ന നിലയിൽ കായികരംഗത്ത് രാഷ്ട്രീയം കലർത്തരുതെന്നാണ് ഞാൻ കരുതുന്നത്- റോജർ ബിന്നി
ഗുസ്തി താരങ്ങളുടെ സമരത്തില്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ മൗനം പാലിക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് പിന്തുണ പ്രഖ്യാപിച്ച് 1983ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍ രംഗത്തെത്തിയത്. താരങ്ങളെ തെരുവില്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് അസ്വസ്ഥരായെന്നായിരുന്നു അവർ പ്രതികരിച്ചത് . തെരുവിലൂടെ താരങ്ങളെ വലിച്ചിഴച്ചത് ഖേദകരമെന്നും പ്രസ്താവനയിൽ പറയുന്നു. കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ശ്രീകാന്ത് തുടങ്ങിയവർ കഴിഞ്ഞ ദിവസമായിരുന്നു പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ പ്രചരിച്ച വാർത്തകൾ നിഷേധിച്ചുകൊണ്ടാണ് റോജർ ബിന്നി രംഗത്തെത്തിയത്.
മെഡലുകൾ ഗംഗയിൽ വലിച്ചെറിയുന്നതിൽ നിന്നും ഗുസ്തി താരങ്ങൾ പിന്മാറണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു. ഒരുപാട് വര്‍ഷത്തെ കഠിന പ്രയത്‌നം, ത്യാഗം, ദൃഡ നിശ്ചയം എന്നിവ കൊണ്ട് നേടിയെടുത്ത മെഡലുകൾ അവരുടെ മാത്രമല്ല രാജ്യത്തിന്റെയും അഭിമാനവും സന്തോഷവുമാണെന്നും അവർ കൂട്ടിച്ചേർത്തു. സമരക്കാരുടെ പരാതി പരിഗണിച്ച് നടപടി സ്വീകരിക്കാമെന്നും അവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. പരാതിന്മേൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഗുസ്തിതാരങ്ങൾ രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ വലിച്ചെറിയുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഈ മെഡലുകൾ ഞങ്ങളുടെ ജീവനും ആത്മാവുമാണ്. അവ ഗംഗാ നദിയിൽ ഒഴുക്കിയ ശേഷം ഞങ്ങൾ ജീവിക്കുന്നതിൽ ഒരു അർത്ഥവുമില്ല. അതിനാൽ ഇന്ത്യാ ഗേറ്റിൽ പോയി ഞങ്ങൾ മരണം വരെ നിരാഹാരം ഇരിക്കുമെന്നും ഗുസ്തിതാരങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ കർഷക സംഘടനകൾ ഇടപെട്ട് മെഡലുകൾ വലിച്ചെറിയുന്ന കടുത്ത പ്രതിഷേധമുറകളിൽ നിന്നും താരങ്ങളെ തടയുകയായിരുന്നു. അതേസമയം ഡൽഹിയുടെ തെരുവുകളിൽ സമരമുറകൾ ശക്തമാക്കി പ്രതിഷേധത്തിലാണ് ഗുസ്തി താരങ്ങൾ.