ബോള്‍ ട്രാക്കിങ് വിവാദം; 'തെറ്റ് സമ്മതിച്ചു', പക്ഷേ, ശരിയായ തീരുമാനമെന്ന് ഐസിസി

ബോള്‍ ട്രാക്കിങ് വിവാദം; 'തെറ്റ് സമ്മതിച്ചു', പക്ഷേ, ശരിയായ തീരുമാനമെന്ന് ഐസിസി

ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സില്‍ മധ്യനിര താരം റാസി വാന്‍ഡെര്‍ ഡസന്റെ പുറത്താകലും അതിനേത്തുടര്‍ന്ന് എടുത്ത ഡിആര്‍എസ് തീരുമാനവുമാണ് ചര്‍ച്ചയാകുന്നത്
Updated on
1 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇന്നലെ ചെന്നൈയില്‍ നടന്ന ദക്ഷിണാഫ്രിക്ക-പാകിസ്താന്‍ പോരാട്ടം. ഇഞ്ചാടിഞ്ച് വിട്ടുകൊടുക്കാതെ ഇരുകൂട്ടരും ഏറ്റുമുട്ടിയ മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. മത്സരത്തിനിടെ ഉണ്ടായ ഒരു ഡിആര്‍എസ് വിവാദവും അതിന് ഇപ്പോള്‍ ഐസിസി നല്‍കിയിരിക്കുന്ന വിശദീകരണവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 271 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സില്‍ മധ്യനിര താരം റാസി വാന്‍ഡെര്‍ ഡസന്റെ പുറത്താകലും അതിനേത്തുടര്‍ന്ന് എടുത്ത ഡിആര്‍എസ് തീരുമാനവുമാണ് ചര്‍ച്ചയാകുന്നത്. ഇന്നിങ്‌സിന്റെ 19-ാം ഓവറിലായിരുന്നു സംഭവം.

പാകിസ്താന്‍ സ്പിന്നര്‍ ഉസാമ മിര്‍ എറിഞ്ഞ ഓവറില്‍ ലെഗ് സ്റ്റംപിന് പുറത്തേക്കു പോയ പന്തിന്റെ ഗതി മനസിലാക്കാതെ കളിച്ച ഡസന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. പാക് താരങ്ങളുടെ അപ്പീലില്‍ ഫീല്‍ഡ് അമ്പയര്‍ പോള്‍ റീഫല്‍ ഉടന്‍ തന്നെ ഔട്ട് വിളിക്കുകയും ചെയ്തു. എന്നാല്‍ പന്ത് ലെഗ്‌സ്റ്റംപിനു പുറത്തേക്കാണ് പോകുന്നതെന്നു വ്യക്തമായി അറിയാമായിരുന്ന ഡസന്‍ ഉടന്‍ തന്നെ ഡിആര്‍എസ് എടുക്കുകയും ചെയ്തു. ഇനിയാണ് വിവാദങ്ങളുടെ തുടക്കം.

ഡിആര്‍എസില്‍ റീപ്ലേ കാണിച്ചപ്പോള്‍ പന്ത് കൃത്യമായും ലെഗ്‌സ്റ്റംപ് ലൈനില്‍ പിച്ച് ചെയ്തു പുറത്തേക്കു പോകുന്നതായാണ് കാണികള്‍ക്ക് മനസിലായത്. ഇതേത്തുടര്‍ന്ന് പന്ത് സ്റ്റംപില്‍ കൊള്ളുമോ എന്ന് ഉറപ്പാക്കാന്‍ ബോള്‍ ട്രാക്കിങ് സംവിധാനം ഉപയോഗിച്ചു. തുടര്‍ന്ന് വന്ന ആദ്യ ദൃശ്യത്തില്‍ പന്ത് ലെഗ്‌സ്റ്റംപിനെ ഒഴിഞ്ഞു പുറത്തേക്കു പോകുന്നതായാണ് ട്രാക്കിങ് വന്നത്.

എന്നാല്‍ ഉടന്‍ തന്നെ ഈ വീഡിയോ പിന്‍വലിച്ച മറ്റൊരു വീഡിയോയാണ് സ്‌ക്രീനില്‍ കാണിച്ചത്. അതില്‍ പന്ത് ലെഗ്‌സ്റ്റംപില്‍ ഉരുമ്മുന്നതായി തെളിഞ്ഞു. ഇതോടെ തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവച്ച് ഔട്ട് വിധിക്കുകയും ചെയ്തു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശനങ്ങളുമായി നിറഞ്ഞു. ഐസിസി കള്ളക്കളി കളിക്കുകയാണെന്നും അമ്പയറിങ് പിഴവുകള്‍ വര്‍ധിക്കുന്നുവെന്നുമൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.

ഇതോടെയാണ് ഐസിസി വിശദീകരണവുമായി രംഗത്തെത്തിയത്. ഡിആര്‍എസ് റീപ്ലേകളില്‍ ഒന്നിലധികം ബോള്‍ ട്രാക്കിങ് കാണിക്കുന്നത് ആദ്യ സംഭവം അല്ലെന്നും പന്തിന്റെ വിവിധ ഗതികളാണ് ട്രാക്കിങ്ങിലൂടെ എടുക്കുന്നതെന്നും പന്ത് പിച്ച് ചെയ്തശേഷമുള്ള ടേണ്‍ നോക്കി അതില്‍ ഏറ്റവും കൃത്യതയുള്ളതാണ പരിഗണിക്കുന്നതെന്നും ഐസിസി അറിയിച്ചു. ഇന്നലെ ആദ്യം കാണിച്ച ദൃശ്യത്തെക്കാള്‍ കൂടുതല്‍ കൃത്യത രണ്ടാമത്തെ ദൃശ്യത്തിനായിരുന്നുവെന്നും അതുകൊണ്ടാണ് അത് പരിഗണിച്ചതെന്നും സോഷ്യല്‍ മീഡിയയിലൂടെ ഐസിസി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in