കെ എല്‍ രാഹുല്‍ കളിക്കും, സഞ്ജു പുറത്ത്; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

കെ എല്‍ രാഹുല്‍ കളിക്കും, സഞ്ജു പുറത്ത്; ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതിയുണ്ട്
Updated on
1 min read

ഐസിസി 2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ടീമിനെ നയിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം ഫിറ്റനസ് വീണ്ടെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുല്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചു. അതേസമയം, മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏഷ്യാകപ്പിലൂടെ തിരിച്ചെത്തിയ ശ്രേയസ് അയ്യരും ടീമിലുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാര്‍ക്കറും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷനാണ് ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടിയത്. സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, ശുഭ്മാൻ ഗില്‍, ഓള്‍ റൗണ്ടർമാരായ രവീന്ദ്ര ജഡേജ, ഷാർദൂല്‍ താക്കൂർ, അക്സർ പട്ടേല്‍ എന്നിവരും ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് തുടങ്ങിയ പേസർ തൃയം ബൗളിങ് നിരയ്ക്ക് കരുത്താകും. സ്പിന്നർ കുല്‍ദീപ് യാദവും ടീമില്‍ ഇടം നേടി.

അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയാണ് 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തത്. പ്രധാന മത്സരത്തിനുള്ള അന്തിമ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം. സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതിയുണ്ട്.

ഏഷ്യാകപ്പിന്റെ സ്‌ക്വാഡിലുണ്ടായിരുന്ന തിലക് വര്‍മയ്ക്കും പ്രസിദ് കൃഷ്ണയ്ക്കും ടീമില്‍ സ്ഥാനം പിടിക്കാനായില്ല

ഏഷ്യാ കപ്പിൻ്റെ 17 അംഗ സ്ക്വാഡില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. രാഹുലിന്റെ ബാക്കപ്പായി സഞ്ജുവും ടീമിലുണ്ടായിരുന്നു. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ രാഹുല്‍ കളിച്ചിരുന്നില്ല. ഏഷ്യാകപ്പിന്റെ സ്‌ക്വാഡിലുണ്ടായിരുന്ന തിലക് വര്‍മയ്ക്കും പ്രസിദ് കൃഷ്ണയ്ക്കും ടീമില്‍ സ്ഥാനം പിടിക്കാനായില്ല.  ഏഷ്യാ കപ്പ് ടീമിൽ തെരഞ്ഞെടുക്കപ്പെടാത്ത യുസ്‌വേന്ദ്ര ചാഹലിനും ലോകകപ്പ് നഷ്ടമാകും.

ഏകദിന ലോകകപ്പ് ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ (WC), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്

ഒക്ടോബർ അഞ്ചിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലൻഡ് പോരാട്ടത്തോടെ ഏകദിന ലോകകപ്പ് കിക്കോഫ് ചെയ്യും. 10 വേദികളിലായി 48 മത്സരങ്ങളാണ് നടക്കുക. ഒക്ടോബർ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ 14നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം. ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റില്‍ കിരീടം ചൂടുക എന്നത് ഇന്ത്യയുടെ അഭിമാനപ്രശ്നമാണ്.

logo
The Fourth
www.thefourthnews.in