ഇന്ത്യയുടെ ഒന്നാം റാങ്കിന് അല്‍പായുസ്! ഓസീസിനെ വീണ്ടും ഒന്നാമതെത്തിച്ച് ഐ.സി.സി.

ഇന്ത്യയുടെ ഒന്നാം റാങ്കിന് അല്‍പായുസ്! ഓസീസിനെ വീണ്ടും ഒന്നാമതെത്തിച്ച് ഐ.സി.സി.

രാവിലെ ഓസ്‌ട്രേലിയയുടെ റേറ്റിങ് പോയിന്റ് കണക്കൂകൂട്ടിയതില്‍ വന്ന ചില സാങ്കേതികപ്പിഴവുകള്‍ കാരണമാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതെന്നാണ് സൂചന.
Updated on
1 min read

ഇന്നു രാവിലെ പ്രഖ്യാപിച്ച് ഐ.സി.സി. ടെസ്റ്റ് ടീം റാങ്കിങ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എല്ലാം ആഹ്‌ളാദം പകര്‍ന്ന ഒന്നായിരുന്നു. ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയെന്നാണ് പുതിയ റാങ്ക് പട്ടിക പ്രഖ്യാപിച്ചുകൊണ്ട് ഐ.സി.സി. പ്രഖ്യാപിച്ചത്.

ഇന്ത്യക്ക് 115 റേറ്റിങ് പോയിന്റും ഓസ്‌ട്രേലിയയ്ക്ക് 111 റേറ്റിങ് പോയിന്റുമെന്നായിരുന്നു പട്ടികയില്‍ കാണിച്ചിരുന്നത്. അതോടെ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന നേട്ടത്തിലേക്കും ഇന്ത്യ എത്തി. ഇന്ത്യന്‍ ആരാധകര്‍ ആഹ്‌ളാദവും തുടങ്ങി. എന്നാല്‍ അതിനെല്ലാം മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.

വൈകിട്ട് ഏഴുമണിയോടെ ഐ.സി.സി. പുതുക്കി ഇറക്കിയ റാങ്കിങ് പട്ടികയില്‍ ഓസ്‌ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. 126 റേറ്റിങ് പോയിന്റാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. 115 റേറ്റിങ് പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

രാവിലെ ഓസ്‌ട്രേലിയയുടെ റേറ്റിങ് പോയിന്റ് കണക്കൂകൂട്ടിയതില്‍ വന്ന ചില സാങ്കേതികപ്പിഴവുകള്‍ കാരണമാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതെന്നാണ് സൂചന. പിഴവുകള്‍ തിരുത്തി പുനഃപ്രസിദ്ധീകരിച്ച പട്ടികയില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമതെന്നു വ്യക്തമാകുകയായിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഇതുവരെ ഐ.സി.സി. തയാറായിട്ടില്ല. നാഗ്പൂരില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഏറ്റുമുട്ടലില്‍ ഓസ്ട്രേലിയയെ തകര്‍ത്തതിന് പിന്നാലെയാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനം കൈയ്യടക്കിയത്.

logo
The Fourth
www.thefourthnews.in