T20 WC | സെമി സാധ്യത നിലനിർത്താൻ ഇന്ത്യ; ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

T20 WC | സെമി സാധ്യത നിലനിർത്താൻ ഇന്ത്യ; ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ

പാകിസ്താനെതിരായ പ്രകടനം ബൗളർമാരുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടെങ്കിലും ബാറ്റർമാരുടെ ഫോം ശുഭകരമല്ല
Updated on
1 min read

ഐസിസി ട്വന്റി 20 ലോകകപ്പിലെ ജീവന്‍ മരണ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം. ഒരു ജയവുമായി ഗ്രൂപ്പ് എയില്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് സെമി ഫൈനല്‍ സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്കയ്ക്കും നിർണായകമാണ് മത്സരം. ഗ്രൂപ്പ് എയിലെ അവസാന സ്ഥാനക്കാരാണ് ശ്രീലങ്ക.

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലൻഡിനെതിരെ 58 റണ്‍സിന്റെ കൂറ്റൻ തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു ഇന്ത്യയ്ക്ക്. ബാറ്റിങ്ങിലും ബൗളിങ്ങിലും നിലവാരത്തിനൊത്തുയരാൻ ഇന്ത്യയ്ക്ക് സാധിക്കാതെ പോയിരുന്നു. രണ്ടാം മത്സരത്തില്‍ പാകിസ്താനെതിരെ ജയം നേടിയെങ്കിലും നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്താൻ പോന്ന പ്രകടനം ഹർമൻപ്രീത് കൗറിന്റേയും കൂട്ടരുടേയും ഭാഗത്തുനിന്ന് ഉണ്ടായില്ല.

അതുകൊണ്ടുതന്നെ, ശ്രീലങ്കയ്ക്കെതിരെ കേവലമൊരു ജയം മാത്രം പോര ഇന്ത്യയ്ക്ക്. കൂറ്റൻ ജയം തന്നെ അനിവാര്യമാണ് പോയിന്റ് പട്ടികയുടെ മുകളിലേക്ക് കുതിക്കാൻ. പാകിസ്താനെതിരായ പ്രകടനം ബൗളർമാരുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടെങ്കിലും മറുവശത്ത് കാര്യങ്ങള്‍ ശുഭകരമല്ല. സ്മ്യതി മന്ദാനയും ഷെഫാലി വർമയും ഫോമിലേക്ക് ഉയരാതെ ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ സഫലമാകില്ല.

രണ്ട് കളികളില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് സ്മ്യതി നേടിയിട്ടുള്ളത്, ഷെഫാലിയാകട്ടെ 34 റണ്‍സും. ഇരുവർക്കും ഫോം വീണ്ടെടുക്കാനുള്ള സുവർണാവസരമാണ് ശ്രീലങ്കയ്ക്കെതിരായ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെയാണ്.

T20 WC | സെമി സാധ്യത നിലനിർത്താൻ ഇന്ത്യ; ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ
T20WC | ഇനി എതിരാളികള്‍ ഓസ്ട്രേലിയയും ശ്രിലങ്കയും; ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇങ്ങനെ

നെറ്റ് റണ്‍റേറ്റിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് പോയിന്റിനാണെന്നാണ് സ്മ്യതി വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആക്രമണസമീപനം ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ സ്വീകരിക്കുമോയെന്ന് കണ്ട് അറിയേണ്ടിയിരിക്കുന്നു.

മറുവശത്ത് ഇന്ത്യയേക്കാള്‍ മോശം സ്ഥിതിയിലാണ് ശ്രീലങ്ക. ഏഷ്യൻ ചാമ്പ്യന്മാരായി ലോകകപ്പിനെത്തി ആദ്യ രണ്ട് മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. പാകിസ്താനോട് 31 റണ്‍സിനും ഓസ്ട്രേലിയയോട് ആറ് വിക്കറ്റിനുമായിരുന്നു പരാജയം. നെറ്റ് റണ്‍റേറ്റില്‍ (-1.667) ഏറെ പിന്നിലുള്ള ശ്രീലങ്കയ്ക്ക് പടുകൂറ്റൻ ജയം തന്നെ ആവശ്യമാണ് ടൂർണമെന്റിലെ സാധ്യതകള്‍ നിലനിർത്താൻ. അതേസമയം, ഇന്ത്യയോട് പരാജയപ്പെട്ടാല്‍ ശ്രീലങ്കയുടെ ലോകകപ്പ് മോഹങ്ങള്‍ അവസാനിക്കും.

വേഗതകുറഞ്ഞ ദുബായിലെ വിക്കറ്റ് ബാറ്റർമാർക്ക് അനുകൂലമല്ലെന്നാണ് കഴിഞ്ഞ മത്സരങ്ങള്‍ വ്യക്തമാക്കുന്നത്. മത്സരം വൈകുന്നേരമാണെങ്കിലും ഡ്യു ഒരു ഘടകമാകാനുള്ള സാധ്യതയില്ല. സ്പിന്നർമാർക്ക് മേല്‍ക്കൈ ലഭിക്കുന്ന വിക്കറ്റില്‍ ടോസ് നേടുന്ന ടീം ബാറ്റിങ് എടുക്കാനുള്ള സാധ്യത കൂടുതലാണ്. ആദ്യം ബാറ്റുചെയ്ത് 130-140 റണ്‍സ് സ്കോർ ചെയ്യാനായാല്‍ വിജയം എത്തിപ്പിടിക്കാൻ എളുപ്പമായേക്കും.

logo
The Fourth
www.thefourthnews.in