അടിച്ചുകേറി സഞ്ജുവും സൂര്യയും, ഹൈദരാബാദില്‍ സിക്സർ മഴ; ബംഗ്ലാദേശിനെതിരെ റണ്‍മല തീർത്ത് ഇന്ത്യ

അടിച്ചുകേറി സഞ്ജുവും സൂര്യയും, ഹൈദരാബാദില്‍ സിക്സർ മഴ; ബംഗ്ലാദേശിനെതിരെ റണ്‍മല തീർത്ത് ഇന്ത്യ

സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ (111), അർദ്ധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്
Updated on
1 min read

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി. ട്വന്റി 20 ചരിത്രത്തിലെ ഇന്ത്യയുടെ ഉയർന്ന ടീം സ്കോറാണിത്. അന്താരാഷ്ട്ര ട്വന്റി 20യിലെ രണ്ടാമത്തേതും.

സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ (111), അർദ്ധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ഹാർദിക്ക് പാണ്ഡ്യ, റിയാൻ പരാഗ് എന്നിവരും മികവ് പുലർത്തി.

ഓപ്പണർ അഭിഷേക് ശർമയെ മൂന്നാം ഓവറില്‍ നഷ്ടമായതിന് ശേഷം സഞ്ജു സാംസണ്‍ - സൂര്യകുമാർ യാദവ് സഖ്യം ഹൈദരാബാദിലെ മൈതാനത്ത് അക്ഷരാർത്ഥത്തില്‍ സിക്സർ മഴ പെയ്യിക്കുകയായിരുന്നു. ഇരുവരും ഇടവേളകളില്ലാതെ ബൗണ്ടറികള്‍ പായിച്ചതോടെ ഇന്ത്യയുടെ സ്കോർ അനായാസം കുതിക്കുകയായിരുന്നു. പന്തെടുത്ത ബംഗ്ലാദേശ് ബൗളർമാരെല്ലാം ഗ്യാലറി തൊട്ടു.

ട്വന്റി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിലൊരാളായ സൂര്യകുമാറിനെ സൈഡാക്കിയായിരുന്നു സഞ്ജുവിന്റെ മിന്നും പ്രകടനം. 22 പന്തില്‍ സഞ്ജു അർധ സെഞ്ചുറി കുറിച്ചപ്പോള്‍ സൂര്യ 23 പന്തിലാണ് 50 കടന്നത്. റിഷാദ് ഹൊസൈന്റെ രണ്ടാം ഓവറില്‍ തുടർച്ചയായി അഞ്ച് സിക്സറുകള്‍ പായിച്ച് സഞ്ജു സെഞ്ചുറിയിലേക്കും കുതിച്ചു.

അടിച്ചുകേറി സഞ്ജുവും സൂര്യയും, ഹൈദരാബാദില്‍ സിക്സർ മഴ; ബംഗ്ലാദേശിനെതിരെ റണ്‍മല തീർത്ത് ഇന്ത്യ
ഹൈ വോള്‍ട്ടേജില്‍ സഞ്ജു! ബംഗ്ലാദേശിനെതിരായ ട്വന്റി 20യില്‍ സെഞ്ചുറി

കേവലം 40 പന്തിലായിരുന്നു ട്വന്റി 20യിലെ കന്നി സെഞ്ചുറി സഞ്ജു കുറിച്ചത്. ഒൻപത് ഫോറും എട്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. സെഞ്ചുറിക്ക് ശേഷവും ആക്രമണം തുടർന്ന സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിന്നീട് രണ്ട് ഫോറുകൂടി പിറന്നു. ഒടുവില്‍ മുസ്തഫിസൂറിന്റെ പന്തില്‍ മെഹദി ഹസന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. 11 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 47 പന്തില്‍ 111 റണ്‍സാണ് താരം നേടിയത്.

173 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ സഖ്യം ചേർത്തത്. സഞ്ജുവിന്റെ വിക്കറ്റ് വീണതിന് പിന്നാലെ തന്നെ സൂര്യകുമാറും മടങ്ങി. 35 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 75 റണ്‍സായിരുന്നു ഇന്ത്യൻ നായകൻ നേടിയത്. സഞ്ജുവും സൂര്യയും മടങ്ങിയെങ്കിലും പിന്നീടെത്തിയ റിയാൻ പരാഗും ഹാർദിക്ക് പാണ്ഡ്യയും ഇരുവരുടേയും പാത പിന്തുടരുകയായിരുന്നു.

25 പന്തില്‍ 70 റണ്‍സാണ് നാലാം വിക്കറ്റില്‍ ഹാർദിക്ക് പരാഗ് സഖ്യം ചേർത്തത്. 18 പന്തില്‍ 47 റണ്‍സ് നേടിയാണ് ഹാർദിക്ക് പുറത്തായത്. നാലുവീതം ഫോറും സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 13 പന്തില്‍ 34 റണ്‍സായിരുന്നു പരാഗിന്റെ സമ്പാദ്യം. ഒരു ഫോറും നാല് സിക്സും പരാഗും നേടി. അവസാന പന്തില്‍ റിങ്കു സിങ് നേടിയ സിക്സിലാണ് ഇന്ത്യ 297 എന്ന സ്കോറിലേക്ക് എത്തിയത്.

logo
The Fourth
www.thefourthnews.in