ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും
ബെംഗളൂരു ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാൻ ഇന്ത്യയുടെ പോരാട്ടം. 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 231-3 എന്ന നിലയിലാണ്. ഏഴ് വിക്കറ്റും രണ്ട് ദിവസവും അവശേഷിക്കെ ന്യൂസിലൻഡിന്റെ ലീഡ് മറികടക്കാൻ ഇനിയും 125 റണ്‍സ് ഇന്ത്യയ്ക്ക് ആവശ്യമാണ്. അർധ സെഞ്ചുറികള്‍ നേടിയ വിരാട് കോഹ്ലി (70), സർഫറാസ് ഖാൻ (70), രോഹിത് ശർമ (52) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഇന്ന് തുണയായത്.
രോഹിതും യശസ്വി ജയ്സ്വാളും ചേർന്ന് മികച്ച തുടക്കമായിരുന്നു ഇന്ത്യയ്ക്ക് സമ്മാനിച്ചത്. രണ്ടാം സെഷനില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 57 റണ്‍സിലാണ് അവസാനിപ്പിച്ചത്. ജയ്സ്വാളം പ്രതിരോധം തന്ത്രമാക്കിയപ്പോള്‍ രോഹിതായിരുന്നു സ്കോറിങ്ങിന് വേഗം കൂട്ടിയിരുന്നത്. എന്നാല്‍, അവസാന സെഷന്റെ തുടക്കത്തില്‍ അജാസ് പട്ടേലിന്റെ പന്തില്‍ അനാവശ്യഷോട്ടിന് മുതിർന്ന് ജയ്സ്വാള്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. 35 റണ്‍സായിരുന്നു താരം നേടിയത്.
ജയ്സ്വാള്‍ മടങ്ങിയെങ്കിലും തന്റെ ശൈലി തിരുത്താൻ രോഹിത് മുതിർന്നില്ല. അനായാസും ഫോറും സിക്സും ഇന്ത്യൻ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നു. 59 പന്തില്‍ നിന്ന് ടെസ്റ്റ് കരിയറിലെ 18-ാം അർധ സെഞ്ചുറി രോഹിത് കുറിച്ചു. എന്നാല്‍, അജാസിന്റെ പന്തില്‍ പ്രതിരോധത്തിന് മുതിർന്ന രോഹിത് നിർഭാഗ്യവശാല്‍ ബൗള്‍ഡായി. 63 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 52 റണ്‍സായിരുന്നു രോഹിത് നേടിയത്.
പിന്നീട് ബെംഗളൂരു സാക്ഷ്യം വഹിച്ചത് സർഫറാസ് - കോഹ്ലി സമ്പൂർ ആധിപത്യത്തിനായിരുന്നു. മാറ്റ് ഹെൻറി, അജാസ് പട്ടേല്‍, വില്യം ഒറൂർക്കെ എന്നിങ്ങനെ മുന്നിലെത്തിയവരെയെല്ലാം ഇരുവരും അതിർത്തി കടത്തി. കേവലം 101 പന്തുകള്‍ മാത്രമാണ് സഖ്യത്തിന് 100 റണ്‍സ് ചേർക്കാനാവശ്യമായത്. ഇതിനിടെയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 9,000 റണ്‍സെന്ന നാഴികക്കല്ലും കോഹ്ലി പിന്നിട്ടു.
സർഫറാസ് 42 പന്തിലും കോഹ്ലി 70 പന്തിലുമായിരുന്നു അർധ ശതകം പിന്നിട്ടത്. വിക്കറ്റിന്റെ വേഗതകുറഞ്ഞതോടെ പിന്നീട് ഇരുവരും കരുതലോടെയായിരുന്നു പന്ത് നേരിട്ടത്. ഇന്നത്തെ അവസാന ഓവർ എറിയാനെത്തിയ ഗ്ലെൻ ഫിലിപ്സിന്റെ പന്തില്‍ കീപ്പർക്ക് ക്യാച്ച് നല്‍കി കോഹ്ലി മടങ്ങുകയായിരുന്നു. 102 പന്തില്‍ എട്ട് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. 70 റണ്‍സെടുത്ത് സർഫറാസ് പുറത്താകാതെ നിന്നു.
അതേസമയം, രച്ചിൻ രവീന്ദ്രയുടെ സെഞ്ചുറിയുടേയും (134), ഡവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) എന്നിവരുടെ അർധ സെഞ്ചുറിയുടേയും മികവിലാണ് ന്യൂസിലൻഡ് 402 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിയത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടി. 46 റണ്‍സിനായിരുന്നു ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ പുറത്തായത്.