പൂനെ ടെസ്റ്റ്: ന്യൂസിലൻഡിനെ 260ല്‍ ഒതുക്കി ഇന്ത്യ; വാഷിങ്‌ടണ്‍ സുന്ദറിന് ഏഴ് വിക്കറ്റ്

പൂനെ ടെസ്റ്റ്: ന്യൂസിലൻഡിനെ 260ല്‍ ഒതുക്കി ഇന്ത്യ; വാഷിങ്‌ടണ്‍ സുന്ദറിന് ഏഴ് വിക്കറ്റ്

ഡെവോണ്‍ കോണ്‍വെ (76), രച്ചിൻ രവീന്ദ്ര (65) എന്നിവരാണ് കിവികള്‍ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്
Updated on
1 min read

പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ന്യൂസിലൻഡ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 270 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനുമായിരുന്നു ആതിഥേയർക്കായി തിളങ്ങിയത്. ഡെവോണ്‍ കോണ്‍വെ (76), രച്ചിൻ രവീന്ദ്ര (65) എന്നിവരാണ് കിവികള്‍ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ആദ്യ സെഷനില്‍ പേസർമാർക്കും സ്പിന്നർമാർക്കും കാര്യമായ മുൻതൂക്കമില്ലായിരുന്നെങ്കിലും ന്യൂസിലൻഡ് ബാറ്റർമാർ കരുതലോടെയായിരുന്നു തുടങ്ങിയത്. ടോം ലാഥത്തെ (15) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിനാണ് വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടത്. വില്‍ യങ്ങിനേയും കോണ്‍വെയേയും പന്തിന്റെ കൈകളിലെത്തിച്ചാണ് മുൻനിരയെ അശ്വിൻ കൂടാരം കയറ്റിയത്. 141 പന്തില്‍ 11 ഫോറുള്‍പ്പെടെയായിരുന്നു കോണ്‍വെ 76 റണ്‍സെടുത്തത്.

പിന്നീട് ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയത് രച്ചിൻ രവീന്ദ്രയായിരുന്നു. രച്ചിനെ പുറത്താക്കിയാണ് വാഷിങ്ടണ്‍ തന്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. 105 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 65 റണ്‍സായിരുന്നു രച്ചിന്റെ സമ്പാദ്യം. രച്ചിൻ ഉള്‍പ്പെടെ അഞ്ച് ബാറ്റർമാരെയാണ് വാഷിങ്ടണ്‍ ബൗള്‍ഡാക്കിയത്.

ടോം ബ്ലണ്ടല്‍ (3), മിച്ചല്‍ സാന്റ്നർ (33), ടിം സൗത്തി (5), അജാസ് പട്ടേല്‍ (4) എന്നിവരാണ് ബൗള്‍ഡായ താരങ്ങള്‍. ഡാരില്‍ മിച്ചലിനെ (18) വിക്കറ്റിന് മുന്നില്‍ കുടുക്കിയും ഗ്ലെൻ ഫിലിപ്‌സിനെ (9) അശ്വിന്റെ കൈകളിലുമായിരുന്നു വാഷിങ്ടണ്‍ എത്തിച്ചത്.

വാഷിങ്ടണിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 23.1 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് വാഷിങ്ടണ്‍ ഏഴ് വിക്കറ്റെടുത്തത്.

logo
The Fourth
www.thefourthnews.in