ടിനുവിനു പകരം വെങ്കട്‌രമണ; കേരളാ ക്രിക്കറ്റ് ടീമിന് പുതിയ കോച്ച്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും തമിഴ്‌നാടിന്റെ മുന്‍ ഓഫ് സ്പിന്നറുമായ എം. വെങ്കട്‌രമണയെ കേരളാ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനായി നിയമിച്ചു. രണ്ടു വര്‍ഷത്തെ കരാറിലാണ് വെങ്കട്‌രമണ കേരളാ ടീമിനെ പരിശീലിപ്പിക്കുക. ഇന്ത്യന്‍ മുന്‍ പേസറും മലയാളിയുമായ ടിനു യോഹന്നാനു പകരക്കാരനായാണ് വെങ്കട്‌രമണയുടെ നിയമനം.
കഴിഞ്ഞ രണ്ടുവര്‍ഷമായി തമിഴ്‌നാട് സംസ്ഥാന ടീമിന്റെ പരിശീലകനായിരുന്നു വെങ്കട്‌രമണ. അദ്ദേഹത്തിന്റെ കീഴില്‍ തമിഴ്‌നാട് കഴിഞ്ഞ രണ്ടു സീസണുകളിലൃം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വെങ്കട്‌രമണയുടെ പരിചയസമ്പത്ത് കേരളാ ടീമിന് മികച്ച റിസല്‍ട്ട് നേടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
ഇന്ത്യക്ക് വേണ്ടി ഒന്നു വീതം ഏകദിനത്തിലും ടെസ്റ്റിലുമാണ് വെങ്കട്‌രമണ കളിച്ചിട്ടുള്ളു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. 75 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 247 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. 94 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 30 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
1987-88 സീസണിലാണ് അദ്ദേഹം രഞ്ജി അരങ്ങേറ്റം കുറിച്ചത്. ആ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന ബഹുമതിയും വെങ്കട്‌രമണ സ്വന്തമാക്കിയിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. അതില്‍ എട്ടെണ്ണം ഫൈനലില്‍ റെയില്‍വേസിനെതിരേയായിരുന്നു. വെങ്കട്‌രമണയുടെ ബൗളിങ് മികവില്‍ എട്ടുവിക്കറ്റിനാണ് അന്ന് തമിഴ്‌നാട് ഫൈനല്‍ ജയിച്ച് കിരീടം ചൂടിയത്.