'അടി' തെറ്റി ഇന്ത്യ; വിന്‍ഡീസിനെതിരേ 181 റണ്‍സിന് പുറത്ത്

'അടി' തെറ്റി ഇന്ത്യ; വിന്‍ഡീസിനെതിരേ 181 റണ്‍സിന് പുറത്ത്

ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനും മികച്ച പിന്തുണ നല്‍കിയ മറ്റൊരു ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്
Updated on
1 min read

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ബ്രിഡ്ജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40.5 ഓവറില്‍ വെറും 181 റണ്‍സിന് പുറത്തായി.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഗുഡാകേഷ് മോട്ടി, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി അല്‍സാരി ജോസഫും ഓരോ വിക്കറ്റുകളുമായി ജെയ്ഡന്‍ സീല്‍സ്, യാന്നിങ് കരിയ എന്നിവരും മികച്ച പിന്തുണ നല്‍കി.

ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനും മികച്ച പിന്തുണ നല്‍കിയ മറ്റൊരു ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ഇഷാന്‍ 55 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 55 റണ്‍സ് നേടിയപ്പോള്‍ 49 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 34 റണ്‍സായിരുന്നു ഗില്ലിന്റെ സംഭാവന.

മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ഇന്നിങ്‌സ് തുറന്ന ഇഷാനും ശുഭ്മാനും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ ഇവര്‍ 16.5 ഓവറില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ഗില്ലിനെ പുറത്താക്കി ഗുഡാകേഷ് മോട്ടിയാണ് വിന്‍ഡീസിന് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

ഗില്‍ പുറത്തായതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. വെറും 91 റണ്‍സ് നേടുന്നതിനിടെ ശേഷിച്ച ഒമ്പതു വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവന്ന ഇഷാനും വീണു. ഷെപ്പേര്‍ഡിനായിരുന്നു വിക്കറ്റത്. പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.

മലയാളി താരം സഞ്ജു സാംസണ്‍(9), മധ്യനിര താരം സൂര്യകുമാര്‍ യാദവ്(24), ഓള്‍റൗണ്ടര്‍ അ്കസര്‍ പട്ടേല്‍(1), നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(7), ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ(10), ഷാര്‍ദ്ദൂല്‍ താക്കൂര്‍(16) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. വാലറ്റത്ത് ഉമ്രാന്‍ മാലിക്(0), മുകേഷ് കുമാര്‍(6) എന്നിവര്‍ ക്ഷണത്തില്‍ കീഴടങ്ങിയതോടെ 200 എന്ന സ്വപ്‌നം തകര്‍ന്ന് ഇന്ത്യ വെറും 181 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

logo
The Fourth
www.thefourthnews.in