ഓവര്‍ റേറ്റ്; ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കും കനത്ത പിഴ
ഇന്നലെ സമാപിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യക്കും ഓസ്‌ട്രേലിയയ്ക്കും കനത്ത പിഴ. കെന്നിങ്ടണ്‍ ഓവലില്‍ നടന്ന ഫൈനലില്‍ സമയപരിധി ഇളവുകള്‍ എല്ലാം പരിഗണിച്ച ശേഷവും ഇന്ത്യ നിശ്ചിത സമയത്ത് അഞ്ചോവര്‍ കുറച്ചും ഓസ്‌ട്രേലിയ നാലോവര്‍ കുറച്ചുമാണ് എറിഞ്ഞതെന്നു ഐസിസി കണ്ടത്തി.
ഇതോടെ ടീം ഇന്ത്യയുടെ മാച്ച് ഫീയുടെ 100 ശതമാനവും ഓസ്‌ട്രേലിയന്‍ ടീമിന്റെ മാച്ച് ഫീയുടെ 80 ശതമാനവും പിഴയായി ഈടാക്കാന്‍ ഐസിസി തീരുമാനിച്ചു. ഇതിനു പുറമേ തന്നെ ഔട്ട് വിളിച്ച് തേര്‍ഡ് അമ്പയര്‍ തീരുമാനത്തിനെതിരേ പ്രതിഷേധിച്ചതിന് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്ലിനും പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.
ടെസ്റ്റിന്റെ നാലാം ദിനം ഗില്ലിനെ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീന്‍ പിടികൂടുകയായിരുന്നു. എന്നാല്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെ പന്ത് ഗ്രൗണ്ടില്‍ കുത്തിയിരുന്നു എന്ന സംശയത്തില്‍ അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്കു വിട്ടു.
റീപ്ലേകള്‍ പരിശോധിച്ച മൂന്നാം അമ്പയര്‍ പക്ഷേ അത് ഔട്ട് എന്നു തന്നെ വിധിക്കുകയായിരുന്നു. അവിശ്വസനീയതയോടെയാണ് ഗില്‍ ക്രീസ് വിട്ടത്. പിന്നീട് ടെലിവിഷന്‍ റീപ്ലേകളില്‍ ഈ ദൃശ്യം സൂം ചെയ്ത കാട്ടിയപ്പോള്‍ പന്ത് നിലത്ത് തട്ടിയിരുന്നതായി വെളിപ്പെടുകയും ചെയ്തു. ഇതു വലിയ വിവാദമാകുകയും ചെയ്തു.
ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്യാച്ചിന്റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു ഗില്‍ ടെലിവിഷന്‍ അമ്പയറായ റിച്ചാര്‍ഡ് കെറ്റില്‍ബറോയുടെ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിനാണ് ഐസിസി പിഴ വിധിച്ചത്. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ. ഇതോടെ ഗില്‍ ആകെ മൊത്തം മാച്ച് ഫീയുടെ 115 ശതമാനം പിഴയിനത്തില്‍ അടയ്‌ക്കേണ്ടി വരും.