പവര്‍ പാണ്ഡ്യ; ഇംഗ്ലണ്ടിന് 169 റണ്‍സ് വിജയലക്ഷ്യം

പവര്‍ പാണ്ഡ്യ; ഇംഗ്ലണ്ടിന് 169 റണ്‍സ് വിജയലക്ഷ്യം

ഹര്‍ദിക് പാണ്ഡ്യക്കും വിരാട് കോഹ്‌ലിക്കും അർധസെഞ്ചുറി
Updated on
1 min read

ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ടിൽ ഇംഗ്ലണ്ടിന് മുന്നിൽ 169 വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ 168 റണ്‍സെടുത്തു. ഹര്‍ദിക് പാണ്ഡ്യ 33 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതം 63 റണ്‍സെടുത്തു. ഇന്ത്യക്കായി വിരാട് കോഹ്‌ലിയും അർധസെഞ്ചുറി നേടി.

ബൗണ്ടറിയോടെയാണ് ഇന്ത്യ ഇന്നിങ്‌സ് തുടങ്ങിയത്. എന്നാൽ പിന്നീട് ആ ആവേശം ബാറ്റർമാരിൽ കണ്ടില്ല. ഇംഗ്ലണ്ടിന്റെ കണിശതയാർന്ന ബൗളിങ്ങിന് മുന്നിൽ റൺസ് കണ്ടെത്താൻ ഇന്ത്യൻ താരങ്ങൾ വിഷമിച്ചു. കെ എൽ രാഹുൽ (5) ഒരിക്കൽകൂടി നിരാശപ്പെടുത്തിയപ്പോൾ നായകൻ രോഹിത് ശർമ്മ (27) ആരാധകർക്ക് ചെറിയ പ്രതീക്ഷ നൽകി മടങ്ങി. പിന്നീട് വന്ന സൂര്യകുമാർ യാദവ് (14) മടങ്ങിയതോടെ ഇന്ത്യ മത്സരം കൈവിടുമെന്ന് തോന്നിച്ചതാണ്.

ഒരു വശത്ത്‌ ഉറച്ചുനിന്ന് പൊരുതിയ കോഹ്‌ലിക്ക് ഹര്‍ദിക് പാണ്ഡ്യ കൂട്ടായെത്തിയതോടെയാണ് അല്പം ആശ്വാസമായത്. ടൂർണമെന്റിലെ നാലാം അർധസെഞ്ചുറി കണ്ടെത്തിയ കോഹ്ലി തൊട്ട് പിന്നാലെ ക്രിസ് ജോർദാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. 40 പന്തിൽ നാല് ഫോറം ഒരു സിക്സും അടക്കമാണ് കോഹ്‌ലിയുടെ അർദ്ധ സെഞ്ചുറി കുറിച്ചത്. സാം കറനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് പാണ്ഡ്യ ടൂർണമെന്റിലെ തന്റെ ആദ്യ അർദ്ധ സെഞ്ചുറി കുറിച്ചത്. അവസാന പന്തിൽ ഹിറ്റ് വിക്കറ്റായാണ് പാണ്ഡ്യ പുറത്തായത്.

ബാറ്റിങ് പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്ത ഇന്ത്യ മധ്യ ഓവറുകളില്‍ 62 റണ്‍സും അവസാന അഞ്ച് ഓവറില്‍ 68 റണ്‍സുമാണ് അടിച്ചെടുത്തത്.

ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ ക്രിസ് വോക്‌സ്‌, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് നേടി. കഴിഞ്ഞ മത്സരം വിജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ, ഇംഗ്ലണ്ട് നിരയിൽ രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. മാർക്ക് വുഡിനും ഡേവിഡ് ഡേവിഡ് മലാനും പകരം ഫിൽ സാള്‍ട്ടും ക്രിസ് ജോര്‍ദാനും ടീമിലെത്തി.

logo
The Fourth
www.thefourthnews.in