വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

വനിതാ ടി20 ലോകകപ്പ്: പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്, സെമിസാധ്യത നിലനിര്‍ത്തി

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.
Updated on
1 min read

ജീവന്മരണ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് വനിതാ ടി20 ലോകകപ്പില്‍ സെമിസാധ്യത നിലനിര്‍ത്തി ടീം ഇന്ത്യ. ഇന്നു ദുബായിയില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.

35 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 32 റണ്‍സ് നേടിയ ഓപ്പണര്‍ ഷെഫാലി വര്‍മയുടെയും 28 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ മധ്യനിര താരം ജെമീമ റോഡ്രിഗസ്, 24 പന്തുകളില്‍ നിന്ന് ഒരു ഫോറുള്‍പ്പടെ 29 റണ്‍സ് നേടിയ റിട്ടയേര്‍ഡ് ഹര്‍ട്ടായ നായിക ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെയും മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഓപ്പണര്‍ സ്മൃതി മന്ദാന(7), മധ്യനിര താരം റിച്ചാ ഘോഷ്(0) എന്നിവര്‍ നിരാശപ്പെടുത്തി.

കളിയവസാനിക്കുമ്പോള്‍ ഏഴു റണ്‍സുമായി ദീപ്തി ശര്‍മയും നാലു റണ്‍സുമായി മലയാളി താരം സഞ്ജന സജീവനുമായിരുന്നു ക്രീസില്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ച് സഞ്ജനയാണ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയുടെയും 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് തകര്‍ത്തത്. ഓരോ വിക്കറ്റുകളുമായി രേണുക സിങ്, ദീപ്തി ശര്‍മ, മലയാളി താരം ആശാ ശോഭന എന്നിവര്‍ ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി.

പാകിസ്താന്‍ നിരയില്‍ 34 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറി ഉള്‍പ്പടെ 28 റണ്‍സ് നേടിയ നിദ ദാറാണ് ടോപ് സ്‌കോറര്‍. നിദയ്ക്കു പുറമേ 17 റണ്‍സ് നേടിയ ഓപ്പണര്‍ മുനീബ അലി, 13 റണ്‍സ് നേടിയ നായിക ഫാത്തിമ സന, 14 റണ്‍സ് നേടി പുറത്താകാതെ നിന്ന സയിദ അരൂബ് ഷാ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ഓപ്പണര്‍ ഗുള്‍ ഫിറോസ(0), മധ്യനിര താരങ്ങളായ സിദ്ര അമീന്‍(8), ഒമെയ്മ സൊഹൈല്‍(3), ആലിയ റിയാസ്(4) എന്നിവര്‍ നിരാശപ്പെടുത്തിയത് പാകിസ്താന് കനത്ത തിരിച്ചടിയായി. ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ്. അത്രതന്നെ മത്സരങ്ങളില്‍ നിന്ന് അത്രതന്നെ പോയിന്റുള്ള പാകിസ്താന്‍ മൂന്നാം സ്ഥാനത്തുണ്ട്.

logo
The Fourth
www.thefourthnews.in