ഏകദിന ക്രിക്കറ്റ് മരിച്ചിട്ടില്ല; വെല്‍ഡണ്‍ ബ്രേസ്‌വെല്‍, ഗില്‍, സിറാജ്, ടീം ഇന്ത്യ

ഏകദിന ക്രിക്കറ്റ് മരിച്ചിട്ടില്ല; വെല്‍ഡണ്‍ ബ്രേസ്‌വെല്‍, ഗില്‍, സിറാജ്, ടീം ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ടീം ഇന്ത്യക്ക് 12 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം.
Updated on
3 min read

ഇല്ല ഏകദിന ക്രിക്കറ്റ് മരിച്ചിട്ടില്ല. അക്കാര്യം ബോധ്യപ്പെടുത്തിയതിന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം മിഷായേല്‍ ബ്രേസ്‌വെല്ലിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ നന്ദി പറയുന്നുണ്ടാകും. തികച്ചും ഏകപക്ഷീയമാകുമെന്നു തോന്നിച്ച ഒരു മത്സരത്തെ അത്രകണ്ട് ആവേശകരമായ അന്ത്യത്തിലേക്ക് എത്തിച്ചത് ബ്രേസ്‌വെല്ലിന്റെ മാസ്മരിക ബാറ്റിങ്ങാണ്. ജയത്തിന് അരികെ പൊരുതിവീണെങ്കിലും ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഹൃദയപൂര്‍വം കൈയടിച്ചായിരിക്കും ആ കിവി താരത്തെ പവലിയനിലേക്ക് തിരികെ അയച്ചിരിക്കുക.

ഹൈദരാബാദില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ക്രിക്കറ്റ് ലോകം ഈ ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ മികവില്‍ 349 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ ഏവരും ടീം ഇന്ത്യയുടെ ആധികാരിക ജയമാണ് പ്രതീക്ഷിച്ചത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനു വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ബ്രേസ്‌വെല്‍ പോരാട്ടം നയിച്ചപ്പോള്‍ മത്സരം ആവേശകരമായി. അവസാന ഓവര്‍ വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബ്രേസ്‌വെല്ലിന്റെ പോരാട്ടവീര്യം മറികടന്ന് ഇന്ത്യ 12 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം നേടുകയായിരുന്നു.

78 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും 10 സിക്‌സറുകളും സഹിതം 140 റണ്‍സ് നേടിയാണ് ബ്രേസ്‌വെല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴലായത്. അഞ്ചിന് 110 എന്ന നിലയില്‍ ടീം കനത്ത പരാജയത്തെ അഭിമുഖീകരിക്കുന്ന സമയത്ത് ക്രീസില്‍ എത്തിയ ബ്രേസ്‌വെല്‍ എതിര്‍പാളയത്തിലേക്ക് ചങ്കൂറ്റത്തോടെ പടനയിക്കുകയായിരുന്നു.

വാലറ്റത്ത് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറെ കൂട്ടുപിടിച്ചായിരുന്നു ബ്രേസ്‌വെല്ലിന്റെ പോരാട്ടം. ഇരുവരും ചേര്‍ന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 162 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സാന്റ്‌നര്‍ 45 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 57 റണ്‍സ് നേടി മടങ്ങിയ ശേഷവും ഒറ്റയ്ക്കു പടനയിച്ച ബ്രേസ്‌വെല്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍ എറിഞ്ഞ കിവീസ് ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ രണ്ടാം പന്തിലാണ് ആയുധം താഴെവച്ചത്.

നേരത്തെ കൂറ്റന്‍ സ്‌കോര്‍ തേടിയിറങ്ങിയ കിവീസിനെ പേസര്‍ മുഹമ്മദ് സിറാജും സ്പിന്നര്‍ കുല്‍ദീപ് യാദവും ചേര്‍ന്നാണ് തകര്‍ത്തത്. കിവീസ് മുന്‍നിരയെ തകര്‍ത്ത ഇരുവരും ഇന്ത്യക്ക് അനായാസ ജയം സമ്മാനിക്കുമെന്നു കരുതി. എന്നാല്‍ പിന്നീടായിരുന്നു ബ്രേസ്‌വെല്‍-സാന്റ്‌നര്‍ സഖ്യത്തിന്റെ തിരിച്ചടി.

ബ്രേസ്‌വെല്ലിനും സാന്റ്‌നര്‍ക്കും പുറമേ 39 പന്തുകളില്‍ നിന്ന് 40 റണ്‍സ് നേടിയ ഓപ്പണര്‍ ഫിന്‍ അലനു മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്. നായകന്‍ ടോം ലാഥം(24), മധ്യനിര താരങ്ങളായ ഹെന്റ്‌റി നിക്കോള്‍സ്(18), ഗ്ലെന്‍ ഫിലിപ്‌സ്(11), ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് കിവി താരങ്ങള്‍.

ഇന്ത്യക്കു വേണ്ടി 10 ഓവറില്‍ 46റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റ് വീതം നേടി കുല്‍ദീപും ഷാര്‍ദ്ദൂലും സിറാജിന് മികച്ച പിന്തുണ നല്‍കി. മുഹമ്മദ് ഷമി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മൂന്നു മത്സര പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്ലിന്റെ മിന്നുന്ന പ്രകടനമാണ് തുണയായത്.

148 പന്തുകളില്‍ നിന്ന് 19 ബൗണ്ടറികളും ഒനപതു സിക്‌സറുകളും സഹിതം 208 റണ്‍സ് നേടിയ നേടിയ ഗില്ലിന്റെ മികവില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ നേടി. ഗില്ലിനു പുറമേ നായകന്‍ രോഹിത് ശര്‍മ(34), മധ്യനിര താരം സൂര്യകുമാര്‍ യാദവ്(31), ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(28) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. വാഷിങ്ടണ്‍ സുന്ദറാണ്(12) രണ്ടക്കം കടന്ന മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ രോഹിതും ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. തുടക്കത്തിലേ റണ്‍സ് സ്‌കോര്‍ ചെയ്തു തുടങ്ങിയ രോഹിതിന് പക്ഷേ നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ല. 12 ഓവറില്‍ ടീം സ്‌കോര്‍ 60 കടന്നതിനു പിന്നാലെ ബ്ലെയര്‍ ടിക്‌നര്‍ക്ക് വിക്കറ്റ് സമ്മാനിച്ചു രോഹിത് മടങ്ങി. പുറത്താകുമ്പോള്‍ 38 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 34 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. നായകന്‍ മടങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ച്ച നേരിട്ടു.

മുന്‍നായകന്‍ വിരാട് കോഹ്ലി(8), യുവതാരം ഇഷാന്‍ കിഷന്‍(5) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ മൂന്നിന് 110 എന്ന നിലയില്‍ പതറിയ ഇന്ത്യയെ പിന്നീട് നാലാം വിക്കറ്റില്‍ ഗില്‍-സൂര്യ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 170 കടത്തി. എന്നാല്‍ 26പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 31 റണ്‍സ് നേടി മികച്ച സ്‌കോറിലേക്ക് നീങ്ങിയ സൂര്യയെ വീഴ്ത്തി സ്പിന്നര്‍ ഡരില്‍ മിച്ചല്‍ കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

എന്നാല്‍ ഒരറ്റത്ത് കീഴടങ്ങാന്‍ കൂട്ടാക്കാതെ പിടിച്ചു നിന്ന ഗില്‍ പിന്നീടെത്തിയ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം ടീമിനെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 250-ന് അരികെ എത്തിച്ചു. പാണ്ഡ്യയെയും വീഴ്ത്തി മിച്ചല്‍ ഇന്ത്യയെ പ്രഹരമേല്‍പിച്ചെങ്കിലും പിന്നീടെത്തിയ സുന്ദര്‍, ഷാര്‍ദ്ദൂല്‍ താക്കൂര്‍(3), കുല്‍ദീപ് യാദവ്(5) എന്നിവരെ കൂട്ടുനിര്‍ത്തി ഗില്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിക്കുകയായിരുന്നു.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 49-ാം ഓവറിലായിരുന്നു ഗില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 142 പന്തില്‍ നിന്ന് 182 റണ്‍സ് എന്ന നിലയില്‍ ലോക്കീ ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവര്‍ നേരിട്ട ഗില്‍ ആദ്യ മുന്നു പന്തും സിക്‌സറിനു തൂക്കിയാണ് ഡബിള്‍ സെഞ്ചുറിയിലേക്കു കുതിച്ചത്. അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ താരം പുറത്തായെങ്കിലും അപ്പോഴേക്കും ഇന്ത്യ 340 കടന്നിരുന്നു. അഞ്ചു റണ്‍സുമായി കുല്‍ദീപും രണ്ടു റണ്‍സുമായി മുഹമ്മദ് ഷമിയും പുറത്താകാതെ നിന്നു. കിവീസിനു വേണ്ടി ഹെന്റ്‌റി ഷിപ്‌ലെ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ രണ്ടും ലോക്കി ഫെര്‍ഗൂസന്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്‌നര്‍, എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

രാജ്യാന്തര ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന എട്ടാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യന്‍ താരവുമാണ് ഗില്‍. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത്. പിന്നീട് വിരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ(മൂന്നു തവണ), ഇഷാന്‍ കിഷന്‍ എന്നിവരാണ് ഇരട്ട സെഞ്ചുറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഇവര്‍ക്കു പുറമേ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍, വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, പാകിസ്താന്‍ താരം ഫഖര്‍ സമാന്‍ എന്നിവരാണ് ഇരട്ട സെഞ്ചുറി നേടിയ മറ്റു താരങ്ങള്‍.

logo
The Fourth
www.thefourthnews.in