കത്തിക്കയറാതെ കാര്യവട്ടം; കളി കാര്യമാകാതെ കാത്ത് രാഹുലും സൂര്യയും

കത്തിക്കയറാതെ കാര്യവട്ടം; കളി കാര്യമാകാതെ കാത്ത് രാഹുലും സൂര്യയും

അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഉപനായകന്‍ കെ എല്‍ രാഹുലും മധ്യനിര താരം സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയെ തകര്‍പ്പന്‍ ജയത്തിലേക്കു നയിച്ചത്.
Updated on
2 min read

നീലനിറം ചൂടി റണ്‍മഴ പ്രതീക്ഷിച്ചു കാത്തിരുന്ന ഗ്രീന്‍ഫീല്‍ഡില്‍ പെയ്തത് വിക്കറ്റ് മഴ. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ 'തല' അറുത്തിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങ് വാണപ്പോള്‍ സിക്‌സറുകള്‍ സ്വപ്‌നം കണ്ട് ഉച്ചവെയില്‍ മാനിക്കാതെ തിങ്ങിനിറഞ്ഞ ഗ്യാലറി നനഞ്ഞ പടക്കമായി. ഒടുവില്‍ ഇന്ത്യന്‍ ജയത്തിന് കൈയടിച്ച് കാണികള്‍ മടങ്ങി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സര ടി20 പരമ്പരയിലെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ വെറും 106 റണ്‍സിലൊതുങ്ങിയപ്പോള്‍ 20 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഉപനായകന്‍ കെ എല്‍ രാഹുലും മധ്യനിര താരം സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയെ തകര്‍പ്പന്‍ ജയത്തിലേക്കു നയിച്ചത്. രാഹുല്‍ 56 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 51 റണ്‍സുമായും സൂര്യ 33 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 50 റണ്‍സുമായും പുറത്താകാതെ നിന്നു.

നായകന്‍ രോഹിത് ശര്‍മ(0), മുന്‍ നായകന്‍ വിരാട് കോഹ്ലി(3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സന്ദര്‍ശകരടെ സ്‌ട്രൈക്ക് ബൗളര്‍മാരായ കാഗിസോ റബാഡയും ആന്റ്‌റിച്ച് നോര്‍ക്യയുമാണ് യഥാക്രമം രോഹിതിനെയും കോഹ്ലിയെയും വീഴ്ത്തിയത്.

നേരത്ത പേസര്‍മാരായ അര്‍ഷ്ദീപ് സിങ്ങിന്റെയും ദീപക് ചഹാറിന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കാര്യവട്ടത്തു നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സന്ദര്‍ശകര ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ഗ്രീന്‍ഫീല്‍ഡിലെ പച്ചപ്പുള്ള പിച്ചില്‍ ബൗണ്‍സും ലെങ്തും നിര്‍ണയിക്കുന്നതില്‍ പരാജയപ്പെട്ട ദക്ഷിണാഫ്രിക്കന്‍ മുന്‍നിര അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് തികയും മുമ്പേ തന്നെ അവരുടെ ആദ്യ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശക ടീം നായകന്‍ തെംബ ബാവ്മ(0)യെ മടക്കി ദീപക് ചഹാറാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ട ആരംഭിച്ചത്. രണ്ടാം ഓവറില്‍ അര്‍ഷ്ദീപ് സിങ്ങും അക്ഷരാര്‍ത്ഥത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുകളഞ്ഞു. അപകടകാരിയായ ക്വിന്റണ്‍ ഡി കോക്ക്(1), മധ്യനിര താരം റിലീ റൂസോ, വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലര്‍(0) എന്നിവരെ പവലിയനിലെത്തിച്ച അര്‍ഷ്ദീപ് തുടക്കത്തില്‍ തന്നെ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.

പിന്നീട് നിശ്ചിത ഇടവേളയില്‍ വിക്കറ്റ് നഷ്ടമായ അവര്‍ക്ക് വാലറ്റത്ത് കേശവ് മഹാരാജ് നടത്തിയ ചെറുത്തുനില്‍പ്പാണ് തുണയായത്. 35 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 41 റണ്‍സാണ് മഹാരാജ് നേടിയത്. മഹാരാജിനു പുറേേ 24 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 25 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രം, 37 പന്തുകളില്‍ നിന്ന് ഓരോ ഫോറും സിക്‌സറും സഹിതം 24 റണ്‍സ് നേടിയ വെയ്ന്‍ പാര്‍ണല്‍ എന്നിവരാണ് രണ്ടക്കം കടന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

ഇന്ത്യക്കു വേണ്ടി അര്‍ഷ്ദീപ് നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 24 റണ്‍സ് വഴങ്ങി രണടു വിക്കറ്റുകളാണ് ചഹാര്‍ സ്വന്തമാക്കിയത്. 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേല്‍, 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേല്‍ എന്നിവരും വിക്കറ്റൊന്നും നേടിയില്ലെങ്കിലും നാലോവറില്‍ വെറും എട്ടു റണ്‍സ് മാത്രം വഴങ്ങിയ രവിചന്ദ്രന്‍ അശ്വിനും ബൗളിങ്ങില്‍ തിളങ്ങി.

logo
The Fourth
www.thefourthnews.in