വിന്‍ഡീസിനെയും വീഴ്ത്തി; ഇന്ത്യ മുന്നോട്ട്

വിന്‍ഡീസിനെയും വീഴ്ത്തി; ഇന്ത്യ മുന്നോട്ട്

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 76 റണ്‍സ് അടിച്ചെടുത്ത ഹര്‍മന്‍പ്രീത് കൗര്‍-റിച്ചാ ഘോഷ് സഖ്യമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.
Updated on
1 min read

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യക്കു തുടര്‍ച്ചയായ രണ്ടാം ജയം. കേപ്ടൗണില്‍ ഇന്നു നടന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെയാണ് ഇന്ത്യ തുരത്തിയത്. ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 76 റണ്‍സ് അടിച്ചെടുത്ത ഹര്‍മന്‍പ്രീത് കൗര്‍-റിച്ചാ ഘോഷ് സഖ്യമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 42 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 33 റണ്‍സ് നേടി ജയത്തിനരികെ നായിക ഹര്‍മന്‍പ്രീത് വീണെങ്കിലും 32 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 44 റണ്‍സുമായി റിച്ച പുറത്താകാതെ നിന്നു. കളിയവസാനിക്കുമ്പോള്‍ ദേവിക വൈദ്യ(0) ആയിരുന്നു റിച്ചയ്ക്കു കൂട്ടായി ക്രീസില്‍.

താരതമ്യേന ദുര്‍ബല വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് പരുക്കില്‍ നിന്നു മുക്തയായി തിരിച്ചെത്തിയ ഉപനായിക സ്മൃതി മന്ദാനയും യുവതാരം ഷെഫാലി വര്‍മയും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 3.3 ഓവറില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

ഏഴു പന്തില്‍ 10 റണ്‍സ് നേടിയ സ്മൃതി മടങ്ങിയതിനു പിന്നാലെ ഇന്ത്യ തകര്‍ച്ച നേരിട്ടു. 23 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 28 റണ്‍സ് നേടിയ ഷെഫാലിയും അഞ്ചു പന്തുകളില്‍ നിന്ന് ഒരു റണ്‍ മാത്രം നേടിയ ജമീമ റോഡ്രിഗസും ചെറിയ ഇടവേളയ്ക്കിടെ പവലിയനില്‍ മടങ്ങിയെത്തി. വെറും 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ ക്ഷണത്തില്‍ മൂന്നിന് 43 എന്ന നിലയിലായി. പിന്നീടായിരുന്നു ഹര്‍മന്‍പ്രീത്-റിച്ച സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം.

നേരത്തെ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ദീപ്തി ശര്‍മയുടെ മിന്നുന്ന ബൗളിങ്ങാണ് വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്ക് കരുത്തായത്. മൂന്നു വിക്കറ്റ് പ്രകടനത്തോടെ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ദീപ്തി സ്വന്തമാക്കി. ദീപ്തിക്കു പുറമേ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്, പൂജാ വസ്ത്രകാര്‍ എന്നിവരും ബൗളിങ്ങില്‍ തിളങ്ങി.

വിന്‍ഡീസ് നിരയില്‍ 40 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 40 റണ്‍സ് നേടിയ ഓപ്പണര്‍ സ്‌റ്റെഫാനി ടെയ്‌ലറിനും 36 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 30 റണ്‍സ് നേടിയ മധ്യനിര താരം ഷീമെയ്ന്‍ കാംപെല്ലിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ഇവര്‍ക്കു പുറമേ ചീഡിയന്‍ നേഷന്‍(21 നോട്ടൗട്ട്), ഷാബിക ഗജ്‌നാബി(15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു വിന്‍ഡീസ് താരങ്ങള്‍.

logo
The Fourth
www.thefourthnews.in