രണ്ടാം ടി20; ടോസ് ഇന്ത്യക്ക്, ആദ്യം ബാറ്റ് ചെയ്യും

രണ്ടാം ടി20; ടോസ് ഇന്ത്യക്ക്, ആദ്യം ബാറ്റ് ചെയ്യും

പരുക്കേറ്റ സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം രവി ബിഷ്‌ണോയ് ഇലവനില്‍ ഇടംപിടിച്ചു
Updated on
1 min read

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആദ്യം ബാറ്റിങ്. ജോര്‍ജ്ടൗണിലെ പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വെസ്റ്റിന്‍ഡീസിനെ ഫീല്‍ഡിങ്ങിന് അയയ്ക്കുകയായിരുന്നു. അഞ്ചു മത്സര പരമ്പരയില്‍ ആദ്യ മത്സരം തോറ്റ ഇന്ത്യ 0-1 എന്ന നിലയില്‍ പിന്നിട്ടു നില്‍ക്കുകയാണ്.

ഇന്ന് രണ്ടാം മത്സരം ജയിച്ച് പരമ്പരയില്‍ തിരിച്ചെത്താനാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരുക്കേറ്റ സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരം രവി ബിഷ്‌ണോയ് ഇലവനില്‍ ഇടംപിടിച്ചു. ഇന്നലെ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് കുല്‍ദീപിന് പരുക്കേറ്റത്. ടീമില്‍ മറ്റു മാറ്റങ്ങളില്ലെന്നും ആദ്യ മത്സരത്തിലെ പിഴവ് തിരുത്തി തിരിച്ചുവരാനാണ് ശ്രമിക്കുന്നതെന്നും ടോസ് നേടിയ ശേഷം നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ ജയിച്ച വെസ്റ്റിന്‍ഡീസ് അതേ ഇലവനുമായിയാണ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്.

ഇന്നത്തെ മത്സരത്തിന് മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. ജോര്‍ജ്ജ്ടൗണിലും പരിസരത്തും രാത്രി വൈകി മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. പൊതുവേ ബാറ്റിങ് ദുഷ്‌കരമായ പ്രൊവിഡന്‍സ് സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഓവര്‍കാസ്റ്റ് സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര കടുത്ത വെല്ലുവിളി നേരിട്ടേക്കാം. ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളുടെ ശരാശരി സ്‌കോര്‍ 122 ണ്. 146 ആണ് ഇവിടെ ആദ്യം ബാറ്റ് ചെയ്ത് ഒരു ടീം നേടിയ ഉയര്‍ന്ന സ്‌കോര്‍. അതുകൊണ്ടു തന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയസാധ്യത കൂടുതല്‍. ഇവിടെ നടന്ന എട്ടു മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ടി20 മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനേ കഴിഞ്ഞിരുന്നുളളൂ. ജേസണ്‍ ഹോള്‍ഡര്‍, ഒബേദ് മക്കോയ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ ബൗളിങ് മികവില്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യയുടെ അടിപതറുന്ന കാഴ്ചയാണ് കാണാനായത്. അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ തിലക് വര്‍മയ്ക്കു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതാനായത്. 22 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 39 റണ്‍സാണ് തിലക് നേടിയത്.

logo
The Fourth
www.thefourthnews.in