ബൗളര്‍മാര്‍ എറിഞ്ഞിട്ടു, ഗില്‍ വെടിപ്പാക്കി; ഇന്ത്യക്ക് ഏകദിന പരമ്പര

ബൗളര്‍മാര്‍ എറിഞ്ഞിട്ടു, ഗില്‍ വെടിപ്പാക്കി; ഇന്ത്യക്ക് ഏകദിന പരമ്പര

നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ടീം നേടിയത്.
Updated on
1 min read

ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. റിസര്‍വ് ടീമുമായി മൂന്നു മത്സര ഏകദിന പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ 2-1 എന്ന നിലയിലാണ് കിരീടം ചൂടിയത്. ഇന്നു നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള ടീം നേടിയത്.

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ വെറും 99 റണ്‍സിന് പുറത്താവുകയായിരുന്നു.

തുടര്‍ന്ന് ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 49 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും 28 റണ്‍സ് നേടിയ ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

വിജയത്തിനു മൂന്നു റണ്‍സ് അകലെ 57 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികള്‍ സഹിതം 49 റണ്‍സ് നേടിയ ഗില്‍ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ സഞ്ജു സാംസണെ(2) കൂട്ടുനിര്‍ത്തി ശ്രേയസ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചു. എട്ടു റണ്‍സ് നേടിയ നായകന്‍ ശിഖര്‍ ധവാന്റെയും 10 റണ്‍സ് നേടിയ മധ്യനിര താരം ഇഷാന്‍ കിഷന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ 4.1 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ കുല്‍ദീപിന് മികച്ച പിന്തുണ നല്‍കി.

മൂന്നു പേര്‍ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില രണ്ടക്കം കടക്കാനായത്. 42 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികള്‍ സഹിതം 34 റണ്‍സ് നേടിയ മധ്യനിര താരം ഹെന്ററിച്ച് ക്ലാസനാണ് ടോപ്‌സ്‌കോറര്‍. 27 പന്തുകളില്‍ 15 റണ്‍സ് നേടിയ ഓപ്പണര്‍ ജാനേമന്‍ മാലന്‍, 19 പന്തുകളില്‍ 14 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സെന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു രണ്ടു താരങ്ങള്‍.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവച്ച് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാഴ്ത്തി. ഒരു ഘട്ടത്തില്‍പ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിനു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ദക്ഷണാഫ്രിക്കയ്ക്കായില്ല.

രണ്ടാം മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. രണ്ടാം ഏകദിനത്തില്‍ ടീമിനെ നയിച്ച കേശവ് മഹാരാജിനു പകരം മാര്‍ക്കോ ജാന്‍സന്‍ ഇടം നേടിയപ്പോള്‍, വെയ്ന്‍ പാര്‍നെല്ലിനും, കാഗിസോ റബാഡയ്ക്കും പകരം ആന്‍ഡിലെ ഫെഹ്ലുക്വായോവും, ലുങ്കി എന്‍ഗിഡിയും ഇടം പിടിച്ചു. നായകന്‍ തെംബാവ്മയുടെയും താല്‍ക്കാലിക നായകന്‍ കേശവ് മഹാരാജിന്റെയും അഭാവത്തില്‍ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലറായിരുന്നു ദക്ഷിണാഫ്രിക്കയെ നയിച്ചത്.

logo
The Fourth
www.thefourthnews.in