ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് രണ്ടാം സ്വര്‍ണം, നേട്ടം വനിതാ ക്രിക്കറ്റില്‍

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് രണ്ടാം സ്വര്‍ണം, നേട്ടം വനിതാ ക്രിക്കറ്റില്‍

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
Updated on
1 min read

ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ രണ്ടാം സ്വര്‍ണം നേടി ഇന്ത്യ. ഇന്നു നടന്ന വനിതകളുടെ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമാണ് ഗെയിംസിലെ രണ്ടാം സ്വര്‍ണം സമ്മാനിച്ചത്. ഹാങ്ഷുവിലെ പിങ്‌ഫെങ് ക്രിക്കറ്റ് ഫീല്‍ഡില്‍ നടന്ന കലാശക്കളിയില്‍ 19 റണ്‍സിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് നേടിയത്. ഓപ്പണര്‍ സ്മൃതി മന്ദാനയുടെയും മധ്യനിര താരം ജമീമ റോഡ്രിഗസിന്റെയും മികച്ച ബാറ്റിങ്ങിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറില്‍ എത്തിയത്. സ്മൃതി 45 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 46 റണ്‍സ് നേടിയപ്പോള്‍ 40 പന്തുകളില്‍ നിന്ന് 42 റണ്‍സാണ് ജമീമ നേടിയത്.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 73 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ഇവര്‍ക്കു പുറമേ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ ഷഫാലി വര്‍മ(9), നായിക ഹര്‍മന്‍പ്രീത് കൗര്‍(2), മധ്യനിര താരങ്ങളായ റിച്ചാ ഘോഷ്(9), പൂജാ വസ്ത്രകാര്‍(2) എന്നിവര്‍ നിരാശപ്പെടുത്തി. ലങ്കയ്ക്കു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ദേശിക പ്രബോധനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ന്ന് മറുപടി ബാറ്റിങ്ങ് ആരംഭിച്ച ലങ്കയെ യുവതാരം തിതാസ് സാധുവാണ് തകര്‍ത്തത്. നാലോവറില്‍ വെറും ആറു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ തിതാസ് ലങ്കന്‍ മുന്‍നിരയെ തകര്‍ത്തു. ഇതോടെ മൂന്നിന് 14 എന്ന നിലയില്‍ തകര്‍ന്ന ലങ്ക പിന്നീട് നാലാം വിക്കറ്റില്‍ ഹസിനി പെരേരയുടെയും നിലാക്ഷി ഡി സില്‍വയുടെയും കൂട്ടുകെട്ടില്‍ തിരിച്ചുവരവിനു ശ്രമിച്ചതാണ്.

ഇരുവരും ചേര്‍ന്ന് 36 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സ്‌കോര്‍ 50-ല്‍ എത്തിച്ചു. പിന്നാലെ ഹസിനിയെ മടക്കി രാജേശ്വരി ഗെയ്ക്‌വാദ് കൂട്ടുകെട്ടു പൊളിച്ചു. 25 റണ്‍സായിരുന്നു ഹസിനിയുടെ സമ്പാദ്യം. പിന്നീട് സ്‌കോര്‍ 80 കടന്നതിനു പിന്നാലെ 23 റണ്‍സ് നേടിയ നിലാക്ഷിയെ പൂജാ വസ്ത്രകാര്‍ മടക്കിയതോടെ ലങ്കന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. പിന്നീടെത്തിയവരില്‍ ഒഷാഡി രണസിംഗ(19)യ്‌ക്കെു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. ഇന്ത്യക്കു വേണ്ടി തിതാസിനു പുറമേ രാജേശ്വരി ഗെയ്ക്‌വാദ് രണ്ടും ദീപ്തി ശര്‍മ, പൂജാ വസ്ത്രകാര്‍, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

logo
The Fourth
www.thefourthnews.in