CWC 2023| അപരാജിത കുതിപ്പ് തുടരാന്‍ ഇന്ത്യ; ഇന്ന് ബംഗ്ലാദേശിനെതിരേ

CWC 2023| അപരാജിത കുതിപ്പ് തുടരാന്‍ ഇന്ത്യ; ഇന്ന് ബംഗ്ലാദേശിനെതിരേ

ഇടതു കാല്‍ക്കുഴയ്ക്കു പരുക്കേറ്റ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഇന്ത്യക്കെതിരേ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല
Updated on
1 min read

ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ നാലാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. പുനെയില്‍ ഉച്ചയ്ക്ക് രണ്ടു മുതലാണ് മത്സരം. ടൂര്‍ണമെന്റിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവരെ തകര്‍ത്ത ഇന്ത്യ അപരാജിത കുതിപ്പ് തുടരാന്‍ ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

ബംഗ്ലാദേശിനെതിരേ സമീപകാല റെക്കോഡ് എല്ലാം ഇന്ത്യക്ക് അനുകൂലമാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും മികച്ച ഫോമില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അനായാസ ജയമാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വയ്ക്കുന്നത്. അതേസമയം മറുവശത്ത് ബംഗ്ലാദേശിന് ഇതു നിലനില്‍പിന്റെ പോരാട്ടമാണ്. സെമിഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് ഇന്ന് ജയം അനിവാര്യമാണ്. കളിച്ച മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള അവര്‍ നിലവില്‍ ആറാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പാകിസ്താനെതിരേ ഇറങ്ങിയ അതേ ഇലവനെത്തന്നെ ഇന്ത്യ അണിനിരത്തിയേക്കും. നേരത്തെ ഇലവനില്‍ ഷാര്‍ദ്ദൂല്‍ താക്കൂറിനു പകരം രവിചന്ദ്രന്‍ അശ്വിന്‍ ഇടംനേടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബൗളിങ് നിരയില്‍ അഴിച്ചുപണി നടത്തില്ലെന്ന സൂചനയാണ് ഇന്ന് ബൗളിങ് കോച്ച് പരസ് മാംബ്രെ നല്‍കിയത്.

ഇതോടെ ഷമിയും രവിചന്ദ്രന്‍ അശ്വിനും കാത്തിരിക്കേണ്ടി വരും. മികച്ച ഫോമിലുള്ള ബാറ്റിങ് നിരയില്‍ ആശങ്കകളില്ല. പനിമാറി കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍ കൂടി റണ്‍സ് കണ്ടെത്തിയാല്‍ ഇന്ത്യയുടെ ആശങ്കകള്‍ അകലും.

ഇടതു കാല്‍ക്കുഴയ്ക്കു പരുക്കേറ്റ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഇന്ത്യക്കെതിരേ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം ഇന്നത്തെ മത്സരത്തിന് മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. പുനെയിലെ എംസിഎ സ്‌റ്റേഡിയത്തില്‍ മഴയത്താണ് ഇരുടീമുകളും പരിശീലനം നടത്തിയത്. പ്രദേശത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. രാവിലെ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കനത്ത മഴയുണ്ടാകുമെന്ന് പറയുന്നില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in