പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം
ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു പിഴച്ചു. ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ 150ന് ഓള്‍ഔട്ടായി. നാലു ബാറ്റ്സ്മാര്മാര്ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച നിതിഷ് കുമാര്‍ റെഡ്ഡി നേടിയ 41 റണ്‍സാണ് ഇന്ത്യയുടെ സ്കോര്‍ 150ലേക്ക് എങ്കിലും എത്തിച്ചത്. റിഷബ് പന്ത് (37), കെ എല്‍ രാഹുല്‍ (26). ധ്രുവ് ജുറെല്‍ (11) എന്നിവരാണ് രണ്ടക്കം കടന്നത്. ജോഷ് ഹെയ്സല്‍വുഡ് നാലു വിക്കറ്റ് നേടിയപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രിത് ബുംറെയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ടോസ് നേടിയ ഇന്ത്യ അപ്രതീക്ഷിതമായി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരമാനം അമ്പേ പാളിയെന്ന് തുടക്കത്തില്‍ തന്നെ ബോധ്യമായി. 47 റണ്‍സ് എടുക്കും മുന്‍പ് നാലു മുന്‍നിര ബാറ്റ്സ്മാന്മാര് മടങ്ങിയിിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (0), ദേവ്ദത്ത് പടിക്കല്‍ (0), വിരാട് കോഹ്ലി (5), കെ എല്‍ രാഹുല്‍ (26) എന്നിവരാണ് പുറത്തായത്.
മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ജയ്സ്വാളിന്റെ മടക്കം. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്ണുമെടുക്കാതെ പുറത്താവുകയായിരുന്നു. പിന്നാലെ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് മടങ്ങി. ഹേസല്‍വുഡിന്റെ പന്തില്‍ അലക്സ് കരെയ്ക്ക് ക്യാച്ചാവുകയായിരുന്നു. 23 പന്തുകളാണ് പടിക്കല്‍ നേരിട്ടത്. പിന്നാലെ കോലിയെയും ഹേസല്‍വുഡ് തന്നെ മടക്കി (12 പന്തില്‍ 5). 74 പന്തില്‍ 26 റണ്‍സ് നേടി രാഹുലിനെയും മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. 2014-15നുശേഷം ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടം കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയിറങ്ങുന്നത്. രണ്ട് ബൗളര്‍മാര്‍ ക്യാപ്റ്റന്‍ ആവുന്ന അപൂര്‍വമായ ടെസ്റ്റ് ആണ് ഇന്നു തുടങ്ങുന്നത്. പാറ്റ് കമ്മിന്‍സാണ് ഓസീസ് ക്യാപ്റ്റന്‍.
ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ എന്നിവരാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. മുഹമ്മദ് സിറാജാണ് മൂന്നാം പേസര്‍. വാഷിങ്ടണ്‍ സുന്ദറാണ് ടീമിനെ ഏക സ്പിന്നര്‍. സര്‍ഫറാസ് ഖാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ ടീമിലിടം നേടി. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. ഓസ്ട്രേലിയന്‍ നിരയില്‍ ഓള്‍റൗണ്ടര്‍ നഥാന്‍ മക്സീനിയും അരങ്ങേറ്റം കുറിച്ചു. ഉസ്മാന് ഖവാജയ്ക്കൊപ്പം മക്സീനി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുമെന്ന് ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പാക്കാന്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 4-1 ന്റെ പരമ്പര വിജയം അനിവാര്യമാണ്.