രക്ഷകനായി സൂര്യകുമാര്‍; പരമ്പര 'ഫൈനലില്‍' ഇന്ത്യ ഒമ്പതിന് 165

രക്ഷകനായി സൂര്യകുമാര്‍; പരമ്പര 'ഫൈനലില്‍' ഇന്ത്യ ഒമ്പതിന് 165

അര്‍ധസെഞ്ചുറിയുമായി മിന്നല്‍ പ്രകടനം കാഴ്ചവച്ച മധ്യനിര താരം സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്
Published on

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യക്ക് മാന്യമായ സ്‌കോര്‍. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്.

അര്‍ധസെഞ്ചുറിയുമായി മിന്നല്‍ പ്രകടനം കാഴ്ചവച്ച മധ്യനിര താരം സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് തുണയായത്. 45 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 61 റണ്‍സാണ് സൂര്യ നേടിയത്. സൂര്യയ്ക്കു പുറമേ യുവതാരം തിലക് വര്‍മയ്ക്കു മാത്രമാണ് തിളങ്ങാനായത്.

തിലക് 18 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 27 റണ്‍സ് നേടി പുറത്തായി. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍(5), ശുഭ്മാന്‍ ഗില്‍(9), നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(1, മലയാളി താരം സഞ്ജു സാംസണ്‍(13), ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍(13) എന്നിവര്‍ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി.

ഒരു ഘട്ടത്തില്‍ രണ്ടിന് 17 എന്ന നിലയില്‍ പതറിയ ഇന്ത്യയെ കരകയറ്റിയത് മൂന്നാം വിക്കറ്റില്‍ തിലകിനൊപ്പം 49 റണ്‍സും അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം 43 റ കൂട്ടിച്ചേര്‍ത്ത സൂര്യകുമാറിന്റെ മികച്ച ബാറ്റിങ്ങാണ്. നാലു വിക്കറ്റ് വീഴ്ത്തിയ റൊമാരിയോ ഷെപ്പേര്‍ഡാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടു വിക്കറ്റുകള്‍ വീതം നേടിയ അകീല്‍ ഹൊസെയ്ന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരും ഒരു വിക്കറ്റ് വീഴ്ത്തിയ റോഷ്ടണ്‍ ചേസും ഷെപ്പേര്‍ഡിന് മികച്ച പിന്തുണ നല്‍കി.

അഞ്ചു മത്സര പരമ്പരയില്‍ ഇരുടീമുകളും രണ്ടുവീതം മത്സരം ജയിച്ച് പരമ്പരയില്‍ 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. അതിനാല്‍ പരമ്പര വിജയികളെ കണ്ടെത്താനുള്ള മത്സരമാണ് ഇന്ന് ഫ്‌ളോറിഡയില്‍ അരങ്ങേറുന്നത്. ഇന്നലെ ഇതേ പിച്ചില്‍ നടന്ന നാലാം ടി20യില്‍ കളിച്ച അതേ ഇലവനുമായാണ് ഇരുകൂട്ടരും ഇന്നിറങ്ങിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in