വനിതാ ടി20 ലോകകപ്പ്: പാകിസ്താന് ബാറ്റിങ് തകര്‍ച്ച, ഇന്ത്യക്ക് ലക്ഷ്യം 106

വനിതാ ടി20 ലോകകപ്പ്: പാകിസ്താന് ബാറ്റിങ് തകര്‍ച്ച, ഇന്ത്യക്ക് ലക്ഷ്യം 106

മൂന്നു വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയുടെയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് പാകിസ്താനെ തകര്‍ത്തത്
Updated on
1 min read

വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് 106 റണ്‍സ് വിജയലക്ഷ്യം. സെമിസാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമെന്ന നിലയില്‍ ഇന്ന് കളത്തിലിറങ്ങിയ ഇന്ത്യ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിന് 105 റണ്‍സില്‍ ഒതുക്കി.

നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയുടെയും 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് പാകിസ്താനെ തകര്‍ത്തത്. ഓരോ വിക്കറ്റുകളുമായി രേണുക സിങ്, ദീപ്തി ശര്‍മ, മലയാളി താരം ആശാ ശോഭന എന്നിവര്‍ ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി.

പാകിസ്താന്‍ നിരയില്‍ 34 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറി ഉള്‍പ്പടെ 28 റണ്‍സ് നേടിയ നിദ ദാറാണ് ടോപ് സ്‌കോറര്‍. നിദയ്ക്കു പുറമേ 17 റണ്‍സ് നേടിയ ഓപ്പണര്‍ മുനീബ അലി, 13 റണ്‍സ് നേടിയ നായിക ഫാത്തിമ സന, 14 റണ്‍സ് നേടി പുറത്താകാതെ നിന്ന സയിദ അരൂബ് ഷാ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ഓപ്പണര്‍ ഗുള്‍ ഫിറോസ(0), മധ്യനിര താരങ്ങളായ സിദ്ര അമീന്‍(8), ഒമെയ്മ സൊഹൈല്‍(3), ആലിയ റിയാസ്(4) എന്നിവര്‍ നിരാശപ്പെടുത്തിയത് പാകിസ്താന് കനത്ത തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അതേസമയം, ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചാണ് പാകിസ്താന്റെ വരവ്.

logo
The Fourth
www.thefourthnews.in