കിവികള്‍ 174-ല്‍ ഒതുങ്ങി; മാനം കാക്കാന്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് സന്ദര്‍ശകരുടെ രണ്ടാമിന്നിങ്‌സ് 174 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഒമ്പതിന് 171 എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ച കിവീസിന് 14 പന്തുകള്‍ നേരിട്ട് കേവലം മൂന്നു റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.
എട്ടു റണ്‍സ് നേടിയ വാലറ്റക്കാരന്‍ ഇജാസ് പട്ടേലിനെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് കിവീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇതോടെ രണ്ടാമിന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം ആവര്‍ത്തിക്കാന്‍ ജഡേജയ്ക്കായി. ആദ്യ ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് ജഡേജ സ്വന്തമാക്കിയിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുകളുമായി ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറും മികച്ച പിന്തുണ നല്‍കി.
അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം വില്‍ യങ്ങിനു മാത്രമാണ് കിവീസ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്. 100 പന്തുകള്‍ നേരിട്ട് രണ്ടു ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 51 റണ്‍സാണ് യങ് നേടിയത്. 14 പന്തുകളില്‍ 26 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ്, 22 റണ്‍സ് നേടിയ ഡെവണ്‍ കോണ്‍വെ, 21 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
നേരത്തെ രണ്ടാം ദിനമായ ഇന്നലെ ഒന്നാമിന്നിങ്‌സില്‍ 263 റണ്‍സ് നേടിയാണ് ഇന്ത്യ 28 റണ്‍സ് ലീഡ് സ്വന്തമാക്കിയത്. സ്പിന്നിനെ തുണയ്ക്കുന്ന വാങ്ക്‌ഡെയിലെ പിച്ചില്‍ കിവീസ് സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ഇന്ത്യക്ക് മധ്യനിര താരങ്ങളായ ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളാണ് തുണയായത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 96 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഗില്‍ 146 പന്തുകള്‍ നേരിട്ട് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 90 റണ്‍സ് നേടി ടോപ് സ്‌കോററായി.
ഏകദിന ശൈലിയില്‍ ബാറ്റു വീശിയ പന്ത് 59 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 60 റണ്‍സാണ് നേടിയത്. ഇവര്‍ക്കു പുറമേ 36 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിങ്ടണ്‍ സുന്ദറും 52 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 30 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളുമാണ് മികച്ച സംഭാവന നല്‍കിയ മറ്റു രണ്ട് ബാറ്റര്‍മാര്‍. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും കിവീസ് സ്പിന്‍ ആക്രമണത്തിന് മറുപടി നല്‍കാനായില്ല.