ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം; കുല്‍ദീപിന് മൂന്നു വിക്കറ്റ്

ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം; കുല്‍ദീപിന് മൂന്നു വിക്കറ്റ്

ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങിന്റെയും നായകന്‍ റോവ്മാന്‍ പവലിന്റെയും മികച്ച ബാറ്റിങ്ങാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്
Updated on
1 min read

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം. ജോര്‍ജ്ടൗണിലെ പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങിന്റെയും നായകന്‍ റോവ്മാന്‍ പവലിന്റെയും മികച്ച ബാറ്റിങ്ങാണ് അവരെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്. കിങ് 42 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയപ്പോള്‍ വെറും 19 പന്തുകളില്‍ നിന്ന് ഒരു ഫോറും മൂന്നു സിക്‌സറുകളും സഹിതം 40 റണ്‍സ് നേടി പുറത്താകാതെ നിന്ന് പവലാണ് വിന്‍ഡീസിനെ 150 കടത്തിയത്.

ഓപ്പണര്‍ കൈല്‍ മേയേഴ്‌സ്(25) മധ്യനിര താരങ്ങളായ ജോണ്‍സണ്‍ ചാള്‍സ്(12), നിക്കോളാസ് പൂരന്‍(20), ഷിംറോണ്‍ ഹെറ്റ്മയര്‍(9) എന്നിവരാണ് പുറത്തായ മറ്റ് വിന്‍ഡീസ് ബാറ്റര്‍മാര്‍. നാലോവറില്‍ വെറും 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഇന്ത്യക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ഓരോ വിക്കറ്റുകളുമായി അക്‌സര്‍ പട്ടേലും മുകേഷ് കുമാറും മികച്ച പിന്തുണ നല്‍കി.

പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഒരു തോല്‍വി കൂടി നേരിട്ടാന്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയും സംഘവും ലക്ഷ്യം വയ്ക്കുന്നില്ല. രണ്ടാം മത്സരം തോറ്റ ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളാണുള്ളത്.

യുവതാരം യശ്വസി ജയ്‌സ്വാളിന് ഇന്ന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ ഇഷാന്‍ കിഷനു പകരം യശ്വസിക്ക് ആദ്യ ഇലവനില്‍ ഇടംനല്‍കി. ഇതോടെ ശുഭ്മാന്‍ ഗില്ലിനൊപ്പം യശ്വസിയായിരിക്കും ഇന്നിങ്‌സ് തുറക്കുന്നത്. ഇഷാന്റെ അഭാവത്തില്‍ വിക്കറ്റിനു പിന്നില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഗ്ലൗസ് അണിഞ്ഞു. രണ്ടാം മത്സരത്തില്‍ കളിച്ച സ്പിന്നര്‍ രവി ബിഷ്‌ണോയ്ക്കു പകരം പരിചയസമ്പന്നനായ കുല്‍ദീപ് യാദവ് തിരിച്ചെത്തുകയും ചെയ്തു.

വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമാണുള്ളത്. പരുക്കേറ്റ ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനു പകരം റോസ്റ്റണ്‍ ചേസ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഇന്ന് ജയിച്ച് പരമ്പര സ്വന്മാക്കാനാണ് വിന്‍ഡീസ് ലക്ഷ്യമിടുന്നത്. ഇന്നും ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാനും വിന്‍ഡീസിനാകും.

logo
The Fourth
www.thefourthnews.in