സിംബാബ്‌വെ വീണ്ടും തകര്‍ന്നു; ഇന്ത്യക്ക് ലക്ഷ്യം വെറും 162 റണ്‍സ്
റിസര്‍വ് നിരയുമായി പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും തകര്‍ന്നടിഞ്ഞു സിംബാബ്‌വെ. ഹരാരെയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ അവര്‍ 161 റണ്‍സിന് പുറത്തായി.
മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഷാര്‍ദ്ദൂല്‍ താക്കൂറാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഓരോ വിക്കറ്റുകളുമായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ടണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഷാര്‍ദ്ദൂലിന് മികച്ച പിന്തുണ നല്‍കി.
സിംബാബ്‌വെ നിരയില്‍ 42 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയ സീന്‍ വില്യംസിനും 47 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 39 റണ്‍സ് നേടി പുറത്താകാതെ റയാന്‍ ബേളിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
ഓപ്പണര്‍ ഇന്നസന്റ് കയ്യ(16), മധ്യനിര താരം സിക്കന്ദര്‍ റാസ(16) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍ കൈതാനോ(7), മധ്യനിര താരങ്ങളായ വെസ്ലി മാധ്‌വെരെ(2), നായകന്‍ റേഗിസ് ചകാബ്വ(2), ലൂക്ക് ജോംഗ്വെ(6), ബ്രാഡ് ഇവാന്‍സ്(9) തുടങ്ങിയവര്‍ നിരാശപ്പെടുത്തി.
മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനു ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നു ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഒരുമാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ ദീപക് ചഹാറിന് വിശ്രമം അനുവദിച്ചപ്പോള്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍ പകരക്കാരനായി.