സെമി ബെര്‍ത്തില്‍ കണ്ണുനട്ട് ഇന്ത്യ; അയര്‍ലന്‍ഡിനെതിരേ ആദ്യം ബാറ്റിങ്ങിന്
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അയര്‍ലന്‍ഡിനെതിരേ. കേപ്ടൗണിനു സമീപം ക്വേബര്‍ഗയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ ഇന്ത്യ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരേ കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്നിറങ്ങുന്നത്. അസുഖബാധിതയായ രാധാ യാദവിനു പകരം ദേവിക വൈദ്യ ആദ്യ ഇലവനില്‍ ഇടം നേടി. അതേസമയം ഗ്രൂപ്പില്‍ കളിച്ച മൂന്നു മത്സരങ്ങളും തോറ്റ അയര്‍ലന്‍ഡ് ആശ്വാസ ജയം നേടിയാണ് ഇന്ത്യയെ നേരിടുന്നത്.
ടൂര്‍ണമെന്റില്‍ മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്. പാകിസ്താനെതിരേയും വെസ്റ്റിന്‍ഡീസിനെതിരേയുമുള്ള ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യക്ക് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരേ നേരിട്ട തോല്‍വിയാണ് കനത്ത തിരിച്ചടിയായത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം കളഞ്ഞുകുളിച്ച ഇന്ത്യ നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
മൂന്നു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതുള്ളപ്പോള്‍ നാലു മത്സരവും പൂര്‍ത്തിയാക്കി നാലു പോയിന്റുള്ള വെസ്റ്റിന്‍ഡീസാണ് ഇന്ത്യക്കു പിന്നില്‍ മൂന്നാമത്. എന്നാല്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്കു ഭീഷണി ഉയര്‍ത്തുന്നത് മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുള്ള ചിരവൈരികളായ പാകിസ്താനാണ്.
റണ്‍റേറ്റില്‍ പാകിസ്താനെക്കാള്‍ ഏറെ താഴെയാണെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്കു കാരണം. ഇന്ത്യയുടെ റണ്‍നിരക്ക് 0.205 ഉം പാകിസ്താന്റേത് 0.981 ഉം ആണ്. പാകിസ്താന് നാളെ ഇംഗ്ലണ്ടിനെതിരേയാണ് അവസാന മത്സരം. ഇന്ന് അയര്‍ലന്‍ഡിനെതിരേ പരാജയപ്പെടുകയും പാകിസ്താന്‍ നാളെ ഇംഗ്ലണ്ടിനെ തോല്‍പിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ സെമി കാണാതെ അവസാനിക്കും.
അതിനാല്‍ത്തന്നെ ഇന്നു മികച്ച ജയം നേടി സെമി ബെര്‍ത്ത് ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഓപ്പണര്‍ ഷെഫാലി വര്‍മ, നായിക ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ മോശം ഫോമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. മൂന്നു മത്സരങ്ങളില്‍ നിന്ന് ഹര്‍മന്‍ 53 റണ്‍സും ഷെഫാലി 69 റണ്‍സുമാണ് നേടിയത്.
ഉപനായിക സ്മൃതി മന്ദാന, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ്, മധ്യനിര താരം ജെമീമ റോഡ്രിഗസ് എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകള്‍. ബൗളിങ് നിര മികച്ച ഫോമിലാണ്. കഴിഞ്ഞ ദിവസം തന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പേസര്‍ രേണുക സിങ്, സ്പിന്നര്‍മാരായ ദീപ്തി ശര്‍മ, ശിഖാ പാണ്ഡെ, ദേവിക വൈദ്യ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.