വനിതാ ടി20 ലോകകപ്പ്: നിര്‍ണായകപ്പോരില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ, പോയിന്റ് പട്ടികയില്‍ രണ്ടാമത്, സെമി സാധ്യത വര്‍ധിച്ചു

വനിതാ ടി20 ലോകകപ്പ്: നിര്‍ണായകപ്പോരില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ, പോയിന്റ് പട്ടികയില്‍ രണ്ടാമത്, സെമി സാധ്യത വര്‍ധിച്ചു

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ പോരാട്ടം 19.5 ഓവറില്‍ വെറും 90 റണ്‍സിന് അവസാനിച്ചു.
Updated on
2 min read

വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ 82 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാമത്. ഇന്ന് ദുബായിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ പോരാട്ടം 19.5 ഓവറില്‍ വെറും 90 റണ്‍സിന് അവസാനിച്ചു.

നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീതം മലയാളി താരം ആശാ ശോഭനയുടെയും അരുന്ധതി റെഡ്ഡിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ലങ്കയെ തകര്‍ത്തത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ രേണുക സിങ്, ഓരോ വിക്കറ്റുകളുമായി ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഇവര്‍ക്കു മികച്ച പിന്തുണ നല്‍കി. ലങ്കന്‍ നിരയില്‍ 21 റണ്‍സ് നേടിയ കവിഷ ദില്‍ഹാരി, 20 റണ്‍സ് നേടിയ അനുഷ്‌ക സഞ്ജീവനി, 19 റണ്‍സ് നേടിയ അമ കാഞ്ചന എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

പടുകൂറ്റന്‍ ജയത്തോടെ ഗ്രൂപ്പ് എയില്‍ പാകിസ്താനെയും ന്യൂസിലന്‍ഡിനെയും പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താനും ഇന്ത്യക്കായി. ഇതോടെ ഇന്ത്യയുടെ സെമി സാധ്യതയും വര്‍ധിച്ചു. നിലവില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുള്ള ഓസ്‌ട്രേലിയയാണ് ഒന്നാമത്. ഇന്ത്യയുടെ അടുത്ത മത്സരം ഓസീസിനെതിരേയാണ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്‌ അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി അര്‍ധസെഞ്ചുറി നേടിയ നായിക ഹര്‍മന്‍പ്രീത് കൗര്‍, അര്‍ധസെഞ്ചുറിയുമായി മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍ സ്മൃതി മന്ദാന, മികച്ച പിന്തുണ നല്‍കിയ മറ്റൊരു ഓപ്പണര്‍ ഷെഫാലി വര്‍മ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് തുണയായത്. ഹര്‍മന്‍ 27 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സ്മൃതി 38 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സ് നേടി.

40 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളുമായി 43 റണ്‍സായിരുന്നു ഷെഫാലിയുടെ സംഭാവന. ഇവര്‍ക്കു പുറമേ 10 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികള്‍ സഹിതം 16 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസാണ് മറ്റൊരു സ്‌കോറര്‍. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ആറു പന്തില്‍ ആറു റണ്‍സുമായി റിച്ച ഘോഷായിരുന്നു നായികയ്ക്കു കൂട്ടായി ക്രീസില്‍.

ജയം അനിവാര്യമായ മത്സരത്തില്‍ മികച്ച തുടക്കമാണ് സ്മൃതിയും ഷെഫാലിയും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 12.4 ഓവറില്‍ 98 റണ്‍സാണ് പിറന്നത്. എന്നാല്‍ അടുത്തടുത്ത പന്തുകളില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ തകര്‍ച്ചയിലേക്കു വീഴുമെന്നു തോന്നിപ്പിച്ചു. എന്നാല്‍ വണ്‍ഡൗണായി ഇറങ്ങിയ ഹര്‍മന്‍ നായികയുടെ റോള്‍ ഏറ്റെടുത്ത് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in