ആദ്യം മര്‍ദ്ദനം പിന്നെ ദഹനം; ലങ്കയെ തരിപ്പണമാക്കി ഇന്ത്യ

ആദ്യം മര്‍ദ്ദനം പിന്നെ ദഹനം; ലങ്കയെ തരിപ്പണമാക്കി ഇന്ത്യ

15 വര്‍ഷം മുമ്പ് 2008-ല്‍ അയര്‍ലന്‍ഡിനെതിരേ ന്യൂസിലന്‍ഡ് കുറിച്ച 290 റണ്‍സിന്റെ ജയമെന്ന റെക്കോഡാണ് രോഹിത് ശര്‍മയും സംഘവും തിരുത്തിയെഴുതിയത്.
Updated on
2 min read

എരിതീയില്‍ നിന്നു വറച്ചട്ടിയിലേക്കു വീണ അവസ്ഥയായിരുന്നു ശ്രീലങ്കന്‍ സിംഹങ്ങള്‍ക്ക് ഇന്ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡില്‍. ബാറ്റെടുത്തപ്പോള്‍ ബാറ്റുകൊണ്ടും പന്തെടുത്തപ്പോള്‍ പന്തുകൊണ്ടും ടീം ഇന്ത്യ താണ്ഡവമാടിയപ്പോള്‍ ലങ്കാ ദഹനം എന്ന വാക്കിന്റെ അര്‍ഥം പൂര്‍ണമായി. ഫലം ഇന്ത്യക്ക് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയവും(റണ്‍സിന്റെ അടിസ്ഥാനത്തില്‍) പരമ്പരയില്‍ സമ്പൂര്‍ണ വിജയവും.

മൂന്നു മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 317 റണ്‍സിനാണ് ഇന്ത്യ ലങ്കയെ തരിപ്പണമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 22 ഓവറില്‍ വെറും 73 റണ്‍സിന് പുറത്തായി. ഇതോടെ വിജയ മാര്‍ജിന്റെ കാര്യത്തില്‍ ഇന്ത്യ ചരിത്രം കുറിക്കുകയും ചെയ്തു.

15 വര്‍ഷം മുമ്പ് 2008-ല്‍ അയര്‍ലന്‍ഡിനെതിരേ ന്യൂസിലന്‍ഡ് കുറിച്ച 290 റണ്‍സിന്റെ ജയമെന്ന റെക്കോഡാണ് രോഹിത് ശര്‍മയും സംഘവും തിരുത്തിയെഴുതിയത്. ഇതിനു മുമ്പ് 2007 ക്രിക്കറ്റ് ലോകകപ്പില്‍ ബര്‍മുഡയ്‌ക്കെതിരേ നേടിയ 257 റണ്‍സിന്റെ ജയമായിരുന്നു റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. അന്ന് ടീമിന്റെ നായകനായിരുന്ന രാഹുല്‍ ദ്രാവിഡാണ് ഇപ്പോള്‍ ടീം ഇന്ത്യയുടെ കോച്ച് എന്നതും യാദൃശ്ചികമായി.

തകര്‍പ്പന്‍ സെഞ്ചുറികള്‍ നേടിയ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും യുവതാരം ശുഭ്മാന്‍ ഗില്ലിന്റെയും മികച്ച ബാറ്റിങ്ങും 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ തീപാറുന്ന ബൗളിങ്ങുമാണ് ലങ്കയെ തകര്‍ത്തത്. ഗില്‍ 97 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 116 റണ്‍സ് നേടിയപ്പോള്‍ കോഹ്ലി 110 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 166 റണ്‍സുമായി പുറത്താകാതെ നിന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിതിനൊപ്പം ഇന്നിങ്‌സ് തുറന്ന ഗില്‍ തുടക്കത്തിലേ തകര്‍ത്തടിച്ചു മുന്നേറി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 15.1 ഓവറില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

16-ാം ഓവറിന്റെ രണ്ടാം പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 49 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 42 റണ്‍സ് നേടിയ രോഹിതിനെ മടക്കി ചമിക കരുണരത്‌നെയാണ് ലങ്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീട് ഗില്ലിനു കൂട്ടായി കോഹ്ലി എത്തിയതോടെ കളി പൂര്‍ണമായും ലങ്കയുടെ കൈകളില്‍ നിന്നു വഴുതി.

സ്‌കോര്‍ റേറ്റ് ഉയര്‍ത്തുന്ന ചുമതല കോഹ്ലി ഏറ്റെടുത്തതോടെ ആക്രമണപാത വെടിഞ്ഞ ഗില്‍ ക്ഷമയോടെ ബാറ്റുവീശുകയായിരുന്നു പിന്നീട്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 31-ാം ഓവറിന്റെ അവസാന പന്തില്‍ ഗില്‍ തന്റെ രണ്ടാം ഏകദിന ശതകം പൂര്‍ത്തിയാക്കി. ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ ആദ്യ സെഞ്ചൂറിയന്‍ എന്ന ബഹുമതിയും ഇതോടെ ഗില്‍ സ്വന്തമാക്കി.

89 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതമാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇതിനിടെയില്‍ 48 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ കോഹ്ലി 50 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. സെഞ്ചുറി നേടിയതിനു ശേഷം ആക്രണ ബാറ്റിങ്ങിന് തുനിഞ്ഞ ഗില്ലിനു പക്ഷേ അധികനേരം പിടിച്ചു നില്‍ക്കാനായില്ല.

34-ാം ഓവറില്‍ നാലാം പന്തില്‍ പേസര്‍ കസുന്‍ രജിത ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കി. പുറത്താകും മുമ്പ് രണ്ടാം വിക്കറ്റില്‍ കോഹ്ലിക്കൊപ്പം 111 റണ്‍സാണ് ഗില്‍ കൂട്ടിച്ചേര്‍ത്തത്. പിന്നീട് മികച്ച ഫോമിലുള്ള ശ്രേയസാണ് കോഹ്ലിക്കു കൂട്ടായി ക്രീസില്‍ എത്തിയത്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ഇരുവരും ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു.

ഇതിനിടെ 43-ാം ഓവറിന്റെ അവസാന പന്തില്‍ കോഹ്ലി സെഞ്ചുറി പൂര്‍ത്തിയാക്കി. 85 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും ഒരു സിക്‌സറും സഹിതമായിരുന്നു കിങ് കോഹ്ലിയുടെ 46-ാം ശതകം. കോഹ്ലിയും മൂന്നക്കം കടന്നതോടെ ഇന്ത്യ ടോപ് ഗിയറിലായി. പിന്നീട് പന്തെറിഞ്ഞ ലങ്കന്‍ ബൗളര്‍മാര്‍ക്കെല്ലാം കണക്കറ്റ പ്രഹരം ലഭിച്ചതോടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു.

46-ാം ഓവറിന്റെ മൂന്നാം പന്തില്‍ ശ്രേയസ് മടങ്ങി. 32 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 37 റണ്‍സായിരുന്നു സമ്പാദ്യം. പിന്നീടെത്തിയ കെ.എല്‍. രാഹുല്‍(ആറു പന്തില്‍ ഏഴ്) സൂര്യകുമാര്‍ യാദവ്(നാലു പന്തില്‍ നാല്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയെങ്കിലും പുറത്താകാതെ നിന്ന കോഹ്ലി ടീമിനെ 390-ല്‍ എത്തിച്ചു. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ രണ്ടു റണ്‍സുമായി അക്‌സര്‍ പട്ടേലായിരുന്നു കോഹ്ലിക്കു കൂട്ടായി ക്രീസില്‍. ലങ്കയ്ക്കു വേണ്ടി പേസര്‍മാരായ ലാഹിരു കുമാര കസുന്‍ രജിത എന്നിവര്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചമിക കരുണരത്‌നെയ്ക്കാണ് ഒരു വിക്കറ്റ്.

തുടര്‍ന്ന് പടുകൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ലങ്കയ്ക്കു മേല്‍ സിറാജ് തീമഴയായി പെയ്യുകയായിരുന്നു. തന്റെ ആദ്യ ആറ് ഓവറില്‍ വെറും 18 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ പിഴുത സിറാജ് ലങ്കന്‍ മുന്‍നിരയെ തകര്‍ത്തെറിഞ്ഞു. ഇതിനിടെ സഹപേസര്‍ മുഹമ്മദ് ഷമിയും ഒരുതവണ തീതുപ്പിയപ്പോള്‍ 12 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ആറിന് 40 എന്ന നിലയിലായി ലങ്ക.

പിന്നീട് എല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരം അധികം നീട്ടാതെ കാത്തു. ലങ്കന്‍ നിരയില്‍ വെറും മൂന്നു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 27 പന്തില്‍ 19 റണ്‍സ് നേടിയ ഓപ്പണര്‍ നുവാനിഡു ഫെര്‍ണാണ്ടോയാണ് ടോപ് സ്‌കോറര്‍. ചരിത് അസലങ്ക(11), കസുന്‍ രജിത(13 നോട്ടൗട്ട്) എന്നിവരാണ് മറ്റു രണ്ടുപേര്‍.

അവിഷ്‌ക ഫെര്‍ണാണ്ടോ(1), കുശാല്‍ മെന്‍ഡിസ്(4), ചരിത് അസലങ്ക(1), വാനിനന്ദു ഹസരങ്ക(1), ചമിക കരുണരത്‌നെ(1), ദുനിത് വെല്ലലഗെ(3), ലാഹിരു കുമാര(9) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. ഫീല്‍ഡിങ്ങിനിടെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായ ആഷെന്‍ ബണ്ഡാര ബാറ്റിങ്ങിനിറങ്ങിയില്ല. ഇന്ത്യക്കു വേണ്ടി സിറാജിനു പുറമേ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമാണ് തിളങ്ങിയത്.

logo
The Fourth
www.thefourthnews.in