മൂന്നാം ട്വന്റി20 ഇന്ന്; കോലിക്കും രാഹുലിനും വിശ്രമം
BCCI

മൂന്നാം ട്വന്റി20 ഇന്ന്; കോലിക്കും രാഹുലിനും വിശ്രമം

ലോകകപ്പിന് മുമ്പ് അവസാനവട്ട പരീക്ഷണങ്ങള്‍ക്കുള്ള അവസരം കൂടിയാകും ഇന്നത്തെ മത്സരം
Updated on
1 min read

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ഇന്‍ഡോറില്‍ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. തിരുവനന്തപുരത്തും ഗുവാഹത്തിയിലും നടന്ന മത്സരങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും ജയിച്ച് സമ്പൂര്‍ണ ആധിപത്യം നേടുകയാകും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ആശ്വാസജയം തേടിയാകും ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുക. ഇന്ന് വിരാട് കോലിയും കെ എല്‍ രാഹുലും കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര ട്വന്റി20 മത്സരമാണിത്. പരമ്പരയിലെ ആദ്യ മത്സരങ്ങള്‍ ഇന്ത്യ മികച്ച ജയമാണ് സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ടുവിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ വെറും 106 റണ്‍സിലൊതുങ്ങിയപ്പോള്‍ 20 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. എന്നാല്‍, ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

അതേസമയം, അവസാന മത്സരത്തില്‍ കോലിക്കും രാഹുലിനും വിശ്രമം അനുവദിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ രാഹുല്‍ അര്‍ധസെഞ്ചറി നേടിയിരുന്നു. വിരാട് കോലി 28 പന്തില്‍ 49 റണ്‍സും അടിച്ചെടുത്തിരുന്നു. ഇരുവര്‍ക്കും വിശ്രമം അനുവദിക്കുന്നതോടെ, ലോകകപ്പിന് മുമ്പ് അവസാനവട്ട പരീക്ഷണങ്ങള്‍ക്കുള്ള അവസരം കൂടിയാകും ഇന്നത്തെ മത്സരം. അഞ്ച് സ്‌പെഷലിസ്റ്റ് ബാറ്റര്‍മാരുമായാകും ഇന്ത്യ കളിക്കുക. റിഷഭ് പന്ത് ബാറ്റിങ് ഓപ്പണര്‍ ചെയ്‌തേക്കും. വണ്‍ ഡൗണായി സൂര്യകുമാര്‍ യാദവ് എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കും. ദിനേശ് കാര്‍ത്തിക് അഞ്ചാം നമ്പറിലും അക്‌സര്‍ പട്ടേല്‍ ആറാം നമ്പറിലും ഇറങ്ങുമ്പോള്‍ ആര്‍ അശ്വിനാവും ഏഴാം നമ്പറിലെത്തുക. ബൗളിംഗ് നിരയിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

logo
The Fourth
www.thefourthnews.in