'അന്നംമുടക്കികളെ' തുന്നംപാടിച്ചു; കടുവകളെ കൂട്ടിലടച്ച് ഇന്ത്യ
ലോകകപ്പ് നേടുകയല്ല പ്രധാനം, ടീം ഇന്ത്യയുടെ വഴിമുടക്കുകയാണ് ലക്ഷ്യം' എന്ന് പറഞ്ഞുപോയ വാക്കുകള്‍ ഓര്‍ത്ത് ബംഗ്ലാദേശ് നായകന്‍ ഷാക്കീബ് അല്‍ ഹസന്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാകും. ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം കഴിഞ്ഞപ്പോള്‍ ഷാക്കീബിന്റെ ടീമിന് തോല്‍വി.
മഴ രസംകൊല്ലിയായെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഇന്നിങ്‌സ് ഏഴ് ഓവര്‍ പിന്നിട്ടപ്പോള്‍ മഴ കളിമുടക്കി.
വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സ് എന്ന സ്‌കോറില്‍ ശക്തമായ നിലയിലായിരുന്നു ബംഗ്ലാദേശ് അപ്പോള്‍. മഴ ശമിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നെങ്കില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 റണ്‍സിന് ഇന്ത്യ തോല്‍വി നേരിട്ടേനെ. തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലിറ്റണ്‍ ദാസായിരുന്നു ഇന്ത്യക്ക് വെല്ലുവിളി ആയത്.
എന്നാല്‍ മഴയ്ക്കു ശേഷം മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. ഇടവേളയ്ക്കു ശേഷമുള്ള ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ലിറ്റണ്‍ ദാസിനെ വീഴ്ത്തി ഇന്ത്യ തിരിച്ചടിച്ചു. 27 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 67 റണ്‍സായിരുന്നു ദാസ് നേടിയത്.
പിന്നീട് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് പിഴുത ഇന്ത്യ ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. ഓപ്പണര്‍ നജ്മുള്‍ ഷാന്റോ(21), നായകന്‍ ഷാക്കീബ് അല്‍ ഹസന്‍(13) എന്നിവര്‍ക്കൊഴികെ മുന്‍നിരയില്‍ മറ്റാര്‍ക്കും ലിറ്റണ്‍ ദാസിന്റെ ശ്രമത്തിന് പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ല. അഫീഫ് ഹൊസൈന്‍(3), യാസിര്‍ അലി(1), മൊസാദെക് ഹൊസൈന്‍(6) എന്നിവര്‍ നിരാശപ്പെടുത്തി.
എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നൂറുള്‍ ഹസന്‍(14 പന്തില്‍ 25), വാലറ്റക്കാരന്‍ ടസ്‌കിന്‍ അഹമ്മദ്(ഏഴു പന്തില്‍ 12) എന്നിവര്‍ മത്സരം അവസാന പന്തിലേക്കു നീട്ടിയെങ്കിലും അന്തിമ ജയം ഇന്ത്യക്കൊപ്പം നിന്നു.
രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. മുഹമ്മദ് ഷമി ഒരു വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെയും ഉപനായകന്‍ കെഎല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറികളാണ് തുണയായത്. കോഹ്ലി 44 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 64 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 32 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 50 റണ്‍സായിരുന്നു രാഹുല്‍ നേടിയത്.
വെറും 16പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 30 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായക സംഭാവന നല്‍കി. നായകന്‍ രോഹിത് ശര്‍മ(2), ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(5), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്(7) ഓള്‍റൗണ്ടര്‍ അര്‍ഷല്‍ പട്ടേല്‍(7), രവിചന്ദ്രന്‍ അശ്വിന്‍(13 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം.
ജയത്തോടെ ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് രണ്ടില്‍ നാലു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മൂന്നു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാമതും നാലു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ബംഗ്ലാദേശും രണ്ടും മൂന്നു സ്ഥാനത്തുണ്ട്. സിംബാബ്‌വെ, പാകിസ്താന്‍ എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.