ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ശ്രദ്ധിക്കേണ്ട പോരാട്ടം ഇവരുടേത്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ശ്രദ്ധിക്കേണ്ട പോരാട്ടം ഇവരുടേത്

2021-23 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീസണില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഓസീസ് ഫൈനലിനെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.
Updated on
3 min read

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായി ഇന്ത്യയും ഓസ്‌ട്രേലിയ ഇംഗ്ലണ്ടില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുകയാണ്. ജൂണ്‍ ഏഴു മുതല്‍ 11 വരെ കെന്നിങ്ടണ്‍ ഓവലിലാണ് മത്സരം. 2021-23 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സീസണില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഓസീസ് ഫൈനലിനെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

ഇന്ത്യക്ക് ഇത് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. 2021-ല്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ പ്രഥമ ചാമ്പ്യന്‍ഷിപ്പിലും ഫൈനലില്‍ കടന്നിരുന്നു. എന്നാല്‍ അന്ന് കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോടു തോല്‍ക്കാനായിരുന്നു വിധി. അതേസമയം ഇതാദ്യമായാണ് ഓസീസ് ഫൈനല്‍ കളിക്കുന്നത്.

ഈ വര്‍ഷം ഇതിനു മുമ്പ് ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയിരുന്നു. ഇന്ത്യയില്‍ നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി സീരീസില്‍ അന്ന് ഇന്ത്യ 2-1ന് പരമ്പരനേടിയിരുന്നു. ആ പരമ്പര ജയത്തിലൂടെയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. വീണ്ടും ഇരുടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ചില ഏറ്റുമുട്ടലുകളിലേക്കാണ്. ഇത്തവണത്തെ ഫൈനലിലെ ആവേശം കൊള്ളിച്ചേക്കാവുന്ന ആ പോരാട്ടം ഏതൊക്കെയാണെന്നു പരിശോധിക്കാം.

1.) ഇന്ത്യന്‍ മുന്‍നിര vs മിച്ചല്‍ സ്റ്റാര്‍ക്ക്

രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ... എന്നിങ്ങനെയാകും ഏറെക്കുറേ ഇന്ത്യന്‍ മുന്‍നിര ബാറ്റിങ് ലൈനപ്പ്. ഇവര്‍ക്ക് ഓസ്‌ട്രേലിയയുടെ ഇടംകൈയ്യന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരേ മികച്ച റെക്കോഡാണുള്ളത്. ഇതില്‍ രോഹിതിനെയും ഗില്ലിനെയും ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ പുറത്താക്കാന്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞിട്ടില്ല. പൂജാര-കോഹ്ലി-രഹാനെ ത്രയം സ്റ്റാര്‍ക്കിനെതിരേ 77.8 ശരാശരി കുറിച്ചിട്ടുമുണ്ട്.

സ്റ്റാര്‍ക്കും ഇന്ത്യന്‍ മുന്‍നിരയും തമ്മിലുള്ള മത്സരമാകും ഫൈനലിനെ ഏറ്റവും ആവേശകരമാക്കുക. ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റര്‍മാര്‍ക്ക് സമീപകാലത്ത് ഇടംകൈയ്യന്‍ പേസര്‍മാര്‍ക്കെതിരേ മികച്ച റെക്കോഡാണെന്നതും ശ്രദ്ധേയമാണ്. ഇതിനു പുറമേ മത്സരം നടക്കുന്ന ഓവലില്‍ സ്റ്റാര്‍ക്കിനുള്ള റെക്കോഡും മോശമാണ്. ഇവിടെ നാല് ഇന്നിങ്‌സുകളില്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്കിന് മൂന്നു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കാനായിട്ടുള്ളത്.

2.) വാര്‍ണര്‍ vs ഇന്ത്യന്‍ സ്പിന്നര്‍മാര്‍

ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഇന്ത്യക്കെതിരായ ഫൈനലില്‍ അന്തിമ ഇലവനില്‍ ഉണ്ടാകുമോയെന്ന കാര്യം തീര്‍ച്ചയായിട്ടില്ല. ഇലവനില്‍ ഇടംപിടിച്ചാല്‍ വാര്‍ണറും ഇന്ത്യന്‍ സ്പിന്നര്‍മാരും തമ്മിലുള്ള പോരാട്ടവും ഏറെ ആവേശം പകരും.

ഇന്ത്യന്‍ സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കുമെതിരേ ഇന്ത്യയിലെയും വിദേശത്തെയും പിച്ചുകളില്‍ സ്ഥിരം പതറുന്നയാളാണ് വാര്‍ണര്‍. അശ്വിനെതിരേ 17.63 ഉം ജഡേജയ്‌ക്കെതിരേ 14.75 ഉം ആണ് വാര്‍ണറിന്റെ ശരാശരി. നേരിടുന്ന 38 പന്തുകള്‍ക്കുള്ളില്‍ അശ്വിനും 22 പന്തുകള്‍ക്കുള്ളില്‍ ജഡേജയ്ക്കും വാര്‍ണര്‍ വിക്കറ്റ് സമ്മാനിക്കാറുണ്ട്.

അതുപോലെ തന്നെ ഒരു ശ്രദ്ധേയ പോരാട്ടമാണ് വാര്‍ണറും ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവും തമ്മിലുള്ളത്. ഉമേഷിനെതിരേ വാര്‍ണറിന്റെ സ്‌ട്രൈക്ക് റേറ്റ് 113 ആണ്. എന്നാല്‍ നേരിടുള്ള 26 പന്തുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ പേസര്‍ക്കു മുന്നില്‍ വാര്‍ണര്‍ വീഴാറുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ആറു തവണയാണ് വാര്‍ണര്‍ ഉമേഷിന്റെ ഇരയായിട്ടുള്ളത്.

3.) ഇന്ത്യന്‍ മധ്യനിര vs പാറ്റ് കമ്മിന്‍സ്

ഇന്ത്യന്‍ മധ്യനിര ബാ്റ്റിങ്ങിന്റെ ഉത്തരവാദിത്തം പൂര്‍ണമായും പൂജാര-കോഹ്ലി-രഹാനെ ത്രയത്തിനാണ്. ഇവരും ഓസ്‌ട്രേലിയന്‍ നായകനും പേസറുമായ പാറ്റ് കമ്മിന്‍സുമായുള്ള ഏറ്റുമുട്ടലും ആവേശം പകരും. ഈ ത്രയത്തിനെതിരേ 19.62 ആണ് കമ്മിന്‍സിന്റെ ശരാശരി. എറിയുന്ന 43 പന്തുകള്‍ക്കുള്ളില്‍ കമ്മിന്‍സ് ഇവര്‍ക്കെതിരേ സ്‌ട്രൈക്ക് ചെയ്യാറുമുണ്ട്. ഓവലില്‍ മികച്ച റെക്കോഡുമാണ് കമ്മിന്‍സിനുള്ളത്. ഇവിടെ അവസാനം കളിച്ച മത്സരത്തില്‍ ഓസീസ് താരം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.

4.) സ്റ്റീവ് സ്മിത്ത് vs രവിചന്ദ്രന്‍ അശ്വിന്‍

ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും തമ്മിലുള്ള പോരാട്ടവും ആരാധകര്‍ക്ക് ആവേശം പകരും. 2020 വരെ അശ്വിനു മേല്‍ വ്യക്തമായ ആധിപത്യം സ്മിത്തിനുണ്ടായിരുന്നു. ആ കാലയളവില്‍ അശ്വിനെതിരേ 116 എന്ന ശരാശരി കാത്തുസൂക്ഷിച്ച സ്മിത്ത് മൂന്നു തവണ മാത്രമാണ് ഇന്ത്യന്‍ സ്പിന്നര്‍ക്കു മുന്നില്‍ വീണത്. എന്നാല്‍ അതിനു ശേഷം കാര്യങ്ങള്‍ പാടെ മാറി. പിന്നീട് കളിച്ച 11 ഇന്നിങ്‌സുകളില്‍ അഞ്ചിലും അശ്വിന്‍ സ്മിത്തിനെ പുറത്താക്കി. 2020-ന് ശേഷം സ്മിത്തിനെതിരേ 17.2 ആണ് അശ്വിന്റെ ശരാശരി.

5.) ലബുഷെയ്ന്‍ vs ജഡേജ

ഇക്കഴിഞ്ഞ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയില്‍ എട്ട് ഇന്നിങ്‌സുകളില്‍ നാലഒ തവണയാണ് ഓസ്‌ട്രേലിയന്‍ മധ്യനിര താരം മാര്‍നസ് ലബുഷെയ്‌നെ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ കുരുക്കിയത്. ഇന്ത്യന്‍ മണ്ണിലായിരുന്നു അത്. ഇപ്പോള്‍ ഇംഗ്ലീഷ് മണ്ണില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര്‍ക്കായിരിക്കും ആധിപത്യമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ 11 ഇന്നിങ്‌സുകളില്‍ അഞ്ചിലും ലബുഷെയ്‌നെ വീഴ്ത്താന്‍ ജഡേജയ്ക്കു കഴിഞ്ഞിട്ടുണ്ട്.

logo
The Fourth
www.thefourthnews.in